ആലപ്പുഴ: കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി. എന്നാൽ പണപ്പെരുപ്പത്തിന്റെ കാലത്ത് അത് സാധാരണക്കാർ ഇത്തവണ നടക്കാൻ ഇടയില്ല. ഇന്ധന വില സെഞ്ച്വറിയിൽ അടിച്ചു നിൽക്കുന്ന കാലത്ത് മാവേലി എത്തുന്ന ഓണനാളും സാധാരണക്കാർക്ക് പ്രശ്‌നങ്ങളുടേതാകും. ഓണക്കാലം അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നുതുടങ്ങി. ജി എസ് ടിയുമായുള്ള ആശയക്കുഴപ്പവും ഇതിന് കാരണമായി. ജി എസ് ടി ഈടാക്കി സർക്കാരിന് കൊടുക്കാതെ സ്വന്തം പോക്കറ്റിലാക്കുന്ന സ്ഥാപനങ്ങലുമുണ്ട്.

ഓണത്തിന് വേണ്ട വസ്തുക്കളെല്ലാം വിലയിൽ കുതിക്കുകയാണ്. അരി, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് ദിനംപ്രതി വില വർധിച്ചുകൊണ്ടിരിക്കുകയാണ്. അരിയും മറ്റു വസ്തുക്കളും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽ നിന്നും മറ്റും വരുന്ന അരിയുടെ അളവിൽ കുറവുണ്ടായതും വിലക്കയറ്റത്തിനു വഴിവച്ചു. മഴ കാരണം പച്ചക്കറികളും വൻതോതിൽ നശിക്കപ്പെട്ടു. ഇതും വില ഉയരാനുള്ള കാരണമാണ്. അങ്ങനെ സാധാരണക്കാർക്ക് പ്രതിസന്ധിയുടെ ഓണമാണ് വരാനിരിക്കുന്നത്.

വിപണയിൽ ഇടപെടേണ്ടത് സിവിൽ സപ്ലൈസാണ്. ഇതിനെ നയിക്കുന്നത് ശ്രീറാം വെങ്കിട്ടരാമനാണ്. മന്ത്രി ജി ആർ അനിലും ശ്രീറാം അത്ര നല്ല ബന്ധത്തിൽ അല്ല. ഇതും വില കുറയ്ക്കാനുള്ള ഇടപെടലുകളെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. ഓണത്തിന് റേഷൻ കടവഴി സർക്കാർ കിറ്റുകൾ നൽകും. ഇത് ഒരളവു വരെ സാധാരണക്കാർക്ക് ആശ്വാസമാണ്. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങളുള്ള സർക്കാരിന് ഇതിനുള്ള പണം കണ്ടെത്താനാകുമോ എന്ന സംശയവും ശക്തമാണ്. ഇതിനിടെയാണ് വില ഉയർച്ചയുടെ വാർത്തകൾ വരുന്നത്.

ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നെൽക്കൃഷി കുറഞ്ഞതും വൈദ്യുത ക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവർത്തനം മുടങ്ങിയതുമാണ് അരിയുടെ വരവ് കുറയാൻ കാരണമായതെന്നു മൊത്തവ്യാപാരികൾ പറയുന്നു. മുളകിനും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തോതിൽ വില കയറി. കിലോയ്ക്ക് 35-40 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോൾ 50 രൂപയ്ക്ക് മുകളിലാണ് മാർക്കറ്റ് വില. ഓണത്തിന് അരിക്ക് ആവശ്യക്കാർ കൂടും. ഇത് വീണ്ടും വില ഉയർത്തുമെന്ന സൂചനയുമുണ്ട്.

കായംകുളം മാർക്കറ്റിൽ അരിയുടെ മൊത്ത വ്യാപാര വില കിലോയ്ക്ക് 49 രൂപയായി. ചില്ലറ വിപണിയിൽ അരി വില 52 മുതൽ 53 രൂപ വരെയായി. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാൻ കാരണം. പാലക്കാടൻ മട്ട അരിയുടെ മൊത്ത വ്യാപാര വില 40 രൂപയിലെത്തി. 2 മാസം മുൻപ് കിലോയ്ക്ക് 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയിൽ നിന്ന് 32 രൂപയായി വർധിച്ചു. അതിനിടെ ഓണ വിപണിക്ക് വേണ്ടി പൂഴ്‌ത്തി വയ്‌പ്പുകൾ നടക്കുന്നുണ്ടോ എന്ന സംശയവും സജീവമാണ്. ഈ സാഹചര്യത്തിൽ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയും നടത്തും.

കഴിഞ്ഞയാഴ്ച 185 രൂപ വിലയുണ്ടായിരുന്ന ചരടൻ മുളകിന് ഈ ആഴ്ചത്തെ വില 430 രൂപയാണ്. 110 രൂപ വിലയുണ്ടായിരുന്ന പാണ്ടി മുളക് ഇപ്പോൾ ലഭിക്കുന്നത് 330 രൂപയ്ക്കാണ്. 150 രൂപയായിരുന്ന ഉണക്കമുളക് ഒരാഴ്ചയ്ക്കകം വില 300നു മുകളിലായി. ആറിലേറെ ഇനത്തിൽ വിവിധ തരമായി മുളക് എത്തുന്നുണ്ട്. കിലോയ്ക്ക് 240 രൂപ മുതൽ വിലയുള്ള മുളക് വിപണിയിൽ ലഭ്യമാണെങ്കിലും കൂടുതൽ ആവശ്യക്കാരുള്ള ഇനത്തിനാണ് വില കുത്തനെ ഉയർന്നത്. ലഭ്യതയിലുണ്ടായ അപ്രതീക്ഷിത കുറവാണ് ഇതിനു കാരണം. കർണാടകയിൽ നിന്ന് എത്തുന്ന മുളകിന്റെ വരവ് കുറഞ്ഞതും വില കൂടാൻ കാരണമായി. വില ഇനിയും ഉയരാനാണു സാധ്യത.

ബ്രാൻഡഡ് ഭക്ഷ്യഉൽപന്നങ്ങൾക്കുള്ള അഞ്ച് ശതമാനം നികുതി കടകളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കും ഏർപ്പെടുത്തിയ സർക്കാർ തീരുമാനം നടപ്പിൽ വന്നതോടെ വിപണിയിൽ ഭക്ഷ്യധാന്യങ്ങൾക്ക് വിലകൂടിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാൻ തൂക്കിവിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ,ഇതിൽ നികുതി എങ്ങനെ കണക്കാക്കുമെന്നതിൽ കച്ചവടക്കാർക്കും നികുതി ഉദ്യോഗസ്ഥർക്കും അവ്യക്തതയാണ്.മാളുകൾ,സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന സംവിധാനമാണുള്ളത്.

എന്നാൽ ചിലയിടങ്ങളിൽ പായ്ക്ക് ചെയ്തുകൊടുക്കുന്നതിനൊപ്പം തൂക്കി വിൽക്കലുമുണ്ട്. 25 കിലോഗ്രാമിൽ കൂടുതലുള്ള പാക്കറ്റുകൾക്ക് നികുതിയില്ല. എന്നാൽ ഇത് വീണ്ടും പായ്ക്ക് ചെയ്ത് വിൽക്കുകയാണെങ്കിൽ നികുതി നൽകേണ്ടിവരും.ഇതോടെ കടകളിൽ തൂക്കിവാങ്ങുന്നവരുടെ എണ്ണം കൂടുന്നത് വ്യാപാരികൾക്ക് കച്ചവടത്തിൽ പ്രതിസന്ധിയുണ്ടാക്കും. നികുതി റിട്ടേൺ നൽകുന്നമ്പോഴും ഇത് നടപടികൾ സങ്കീർണ്ണമാക്കും.

നിലവിൽ 40ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ള കച്ചവടക്കാർക്ക് ജി.എസ്.ടി.റിട്ടേൺ നൽകേണ്ടതില്ല.എന്നാൽ ,ഇനി എല്ലാ കച്ചവടക്കാരും നികുതി റിട്ടേൺ നൽകേണ്ടിവരും.അതേസമയം പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയേർപ്പെടുത്തിയതോടെ സർക്കാരിന് നികുതിവരവ് കൂടുമെന്നാണ് അനുമാനം.സംസ്ഥാനത്ത് മൊത്തം ഭക്ഷ്യധാന്യ വിൽപനയിൽ 14%മാത്രമാണ് ബ്രാൻഡഡ് ഉൽപന്നങ്ങൾ.

എന്നാൽ പായ്ക്ക് ചെയ്ത് ഉൽപന്നങ്ങൾക്ക് നികുതിശവന്നതോടെ ഇത് 86%ആയി വർദ്ധിക്കും. ഇതോടെ ഭക്ഷ്യധാന്യങ്ങൾക്കെല്ലാം നികുതിയുടെ പേരിൽ വില കൂടി എന്നതാണ് വസ്തുത.