ന്യൂഡൽഹി: ജിഎസ്ടി ഉദ്ഘാടന ചടങ്ങിനു കേരളത്തിന്റെ മുൻധനകാര്യമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം.മാണിക്ക് ക്ഷണം. ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ധനമന്ത്രി തോമസ് ഐസക്കും ചടങ്ങിനെത്തും. എന്നാൽ ജിഎസ്ടി നടപ്പാക്കുന്നതിനായി നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുക്കില്ല.

അർധരാത്രിയിലെ ഉദ്ഘാടനത്തോട് യോജിപ്പില്ലെന്ന് കോൺഗ്രസ് അറിയിച്ചു. കർഷകരും ദളിതരും ദുരിതം നേരിടുമ്പോൾ ആഘോഷം നടത്തുന്നതിനെ അനുകൂലിക്കാനാകില്ലന്നും കോൺഗ്രസ് വ്യക്തമാക്കി.

ജിഎസ്ടിക്കായുള്ള പ്രത്യേക സമ്മേളനം 30ന് അർധരാത്രിയാണ് ചേരുക. സി.പി.എം, സിപിഐ എംപിമാരും സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചു. ബഹിഷ്‌കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചാണ് സിപിഐ വിട്ടുനിൽക്കുന്നത്. സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പ്രത്യേക സമ്മേളനം ചേരുന്നതിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മന്മോഹൻ സിങ് എന്നിവരുമായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി സംസാരിച്ചിരുന്നു. ജിഎസ്ടി നടപ്പാക്കുന്നത് ആറുമാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാട്.