കോഴിക്കോട്: കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ചരക്കുസേവന നികുതിയുമായി (ജി.എസ്.ടി) കേരളത്തിന് സമ്മാനിക്കുന്നത് തീരാത്ത ദുരിതം. ജി.എസ്.ടിയിലെ അവ്യക്തതകളിൽ കുടുങ്ങി നിർമ്മാണ വ്യാപരമേഖലകളിൽ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.അവ്യക്തത മൂലം ചരക്കെടുക്കാൻ വിതരണക്കാരും വ്യാപാരികളും തയ്യാറാവാഞ്ഞതോടെ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമം വന്നിരിക്കയാണ്. 18 ശതമാനം ജി.എസ്.ടിയുടേ പേരിൽ കരാറുകാർ ടെൻഡർ നടപടികളിൽനിന്ന് വിട്ടുനിൽക്കുതോടെ തദ്ദേശ സ്ഥാപനങ്ങളിലടക്കം പ്രവൃത്തികൾ നിലച്ചിരിക്കയാണ്. ഈ രീതിയിൽ പോവുകയാണെങ്കിൽ നിർമ്മാണ മേഖല പൂർണമായും സ്തംഭിക്കും.

കഴിഞ്ഞ രണ്ടുദിവസങ്ങളായി വിപണിയിൽ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ജി.എസ്.ടി നിലവിൽവന്ന് ഒരുമാസത്തോളമായിരിക്കെ പുതിയ നികുതിഘടനയിലേക്കുള്ള വിപണിയുടെ മാറ്റം പൂർണമാകാത്തതാണ് ഉൽപന്നക്ഷാമത്തിന് കാരണം. സിമന്റ്, ജീവൻരക്ഷാ ഔഷധങ്ങൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ എന്നിവക്കും ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്.

ജി.എസ്.ടി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതുമൂലം ചരക്കെടുക്കാൻ വിതരണക്കാരും വ്യാപാരികളും തയാറാകുന്നില്ല. വ്യാപാരികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പൊതുസംവിധാനം ഇല്ല. ജൂൺ പകുതി മുതൽതന്നെ പല വ്യാപാരികളും പുതുതായി സാധനങ്ങൾ എടുക്കുന്നത് നിർത്തിയിരുന്നു. ഉണ്ടായിരുന്ന സ്‌റ്റോക്കും തീർന്നതോടെയാണ് ചില ഉൽപന്നങ്ങൾ കിട്ടാനില്ലാത്ത അവസ്ഥ ഉടലെടുത്തത്. ബിസ്‌കറ്റുകൾ, കുട്ടികൾക്കുള്ള ആഹാരപദാർഥങ്ങൾ, ചില പ്രമുഖ ബ്രാൻഡുകളുടെ തേയിലകൾ, പുറത്തുനിന്നുവരുന്ന പലചരക്ക് ഉൽപന്നങ്ങൾ, നിർമ്മാണ സാമഗ്രികൾ എന്നിവക്കാണ് ക്ഷാമമുള്ളത്. മരുന്നിന്റെയും സിമന്റിന്റെയും നികുതിഘടന പൂർണമായി മാറിയത് ഇവയുടെ സുഗമമായ വിൽപനക്ക് തിരിച്ചടിയായി. ആദ്യ വിൽപന പോയന്റിൽ മാത്രം നികുതി ഈടാക്കിയിരുന്ന മരുന്നുകൾക്ക് ജി.എസ്.ടിയുടെ വരവ് ഗുരുതരമായി ബാധിച്ചെന്ന് വ്യാപാരികൾ പറയുന്നു.

വാളയാർ വഴിയുള്ള ചരക്ക് വരവ് മൂന്നിലൊന്നായി കുറഞ്ഞു. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയറുകൾ പുതിയ നികുതിഘടനക്ക് അനുസൃതമായി ഒരേസമയം നവീകരിക്കേണ്ടിവന്നത് ജി.എസ്.ടിയിലേക്കുള്ള മാറ്റത്തിന് കാലതാമസം സൃഷ്ടിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഉൽപന്നങ്ങൾക്ക് വ്യാപാരികൾ ഒരുമിച്ച് ഓർഡർ നൽകിയപ്പോൾ ആവശ്യമായ വാഹനങ്ങൾ ലഭിക്കാതെവന്നതും ചരക്ക് എത്തുന്നതിന് തടസ്സമായി. വരും ദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ദൗർലഭ്യം നേരിടുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതിനിടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടേതുൾപ്പെടെ വിവിധ വകുപ്പുകളുടെ നിർമ്മാണ പ്രവൃത്തികൾ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. 18 ശതമാനം ജി.എസ്.ടി നിലവിൽവന്നതോടെ കരാറുകാർ സംഘടിതമായി ടെൻഡർ നടപടികളിൽനിന്ന് വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവ കൂടാതെ വാട്ടർ അഥോറിറ്റി, പൊതുമരാമത്ത്, ടൂറിസം ഉൾപ്പെടെയുള്ളവയുടെ റോഡ്, പാലം, കെട്ടിട നിർമ്മാണം തുടങ്ങിയ ടെൻഡർ നടപടികൾ അനിശ്ചിതമായി നീളുകയാണ്.

സാമ്പത്തിക വർഷാവസാനത്തിനു മുമ്പേ പ്രവൃത്തി പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾ ദ്രുതഗതിയിൽ നടപടികൾ മുന്നോട്ടുനീക്കുന്നതിനിടെയാണ് ജി.എസ്.ടി ചൂണ്ടിക്കാട്ടി കരാറുകാർ പുറംതിരിഞ്ഞു നിൽക്കുന്നത്. ജി.എസ്.ടി നിലവിൽ വരുന്നതിനു മുമ്പ് പ്രവൃത്തി തുകയുടെ നാലു ശതമാനമാണ് വാറ്റായി കരാറുകാരിൽനിന്ന് ഈടാക്കിയത്. ഇത് ബിൽ തുകയിൽനിന്ന് കുറവുവരുത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ, ജി.എസ്.ടി വ്യവസഥ പ്രകാരം 18 ശതമാനം നികുതി പ്രവൃത്തി പൂർത്തിയാക്കേണ്ട സമയപരിധിക്കുള്ളിൽ അടക്കണം. നിർമ്മാണ സാമഗ്രികൾക്കും തൊഴിലാളികളുടെ കൂലിക്കും പുറമെ വൻതുക നികുതിയും ആദ്യമേ കൈയിൽനിന്ന് ചെലവഴിക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കരാറുകാർ പറയുന്നത്. 10 ലക്ഷം രൂപയുടെ പ്രവൃത്തി ഏറ്റെടുക്കുന്ന ഒരാൾ 1.80 ലക്ഷമാണ് നികുതിയായി ആദ്യമേ അടക്കേണ്ടതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എംഎ‍ൽഎമാർ, എംപിമാർ എന്നിവർ തദ്ദേശ സ്ഥാപനങ്ങൾ മുഖേനെ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെയും കരാറുകാരുടെ നിസ്സഹകരണം ബാധിച്ചിട്ടുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾക്ക് ജി.എസ്.ടി പ്രാബല്യത്തിൽ വന്ന ജൂൺ 30 വരെ പൂർത്തിയായതിന്റെ ചെലവ് കണക്കാക്കി വാറ്റ് അടിസ്ഥാനത്തിലും അതിനുശേഷമുള്ളതിന് ജി.എസ്.ടി പ്രകാരവും നികുതി നൽകാനാണ് ഇതിനകം ധനകാര്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

മുൻകൂറായി നികുതി അടക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെ ആവശ്യങ്ങളുമായി കരാറുകാർ ധനവകുപ്പിനെ സമീപിച്ചെങ്കിലും ജി.എസ്.ടിയിലെ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാറിന് പെട്ടെന്ന് മാറ്റംവരുത്താനാവാത്തതിനാൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്കായിട്ടില്ല.