തിരുവനന്തപുരം: ജി.എസ്.ടി.യിലൂടെ കേരളത്തിന് കൂടുതൽ നികുതിവരുമാനം കിട്ടുമെന്ന് ഉറപ്പായി. കേരളത്തിന് സംസ്ഥാന ജി.എസ്.ടി.യിൽ കിട്ടിയത് 700 കോടിരൂപയാണ്. അന്തസ്സംസ്ഥാന വ്യാപാരത്തിലെ നികുതിയും സേവനനികുതിയുടെ വിഹിതവുമായി ഇത്രയും തുകയോ കൂടുതലോ കിട്ടുമെന്ന് സംസ്ഥാന ജി.എസ്.ടി. വകുപ്പ് വിലയിരുത്തുന്നു.

ഇതിനുമുമ്പ് മൂല്യവർധിത നികുതിസമ്പ്രദായത്തിൽ കേരളത്തിന് മാസം ശരാശരി കിട്ടിയിരുന്നത് 1300 കോടിരൂപയാണ്. ഇപ്പോഴത്തെ നിലയ്ക്ക് ജി.എസ്.ടി.യിലൂടെ മാസം 1500 കോടിയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തസ്സംസ്ഥാന വ്യാപാരത്തിന്റെ നികുതി എത്ര കിട്ടുമെന്ന് അടുത്ത മാസം ആദ്യമേ അറിയാനാവൂ.

ജി.എസ്.ടി. വന്നശേഷം താത്കാലികമായി റിട്ടേൺ നൽകാനുള്ള അവസാനതീയതി ഓഗസ്റ്റ് 25 ആയിരുന്നു. നികുതി ഒടുക്കാനുള്ള ശൃംഖലയിലെ തടസ്സങ്ങളും തുടക്കത്തിലെ അനിശ്ചിതത്വവും കാരണം വ്യാപാരികളിൽ ഒട്ടേറെപ്പേർ ഇനിയും നികുതി ഒടുക്കിയിട്ടില്ല. തുടക്കത്തിലെ ആശയക്കുഴപ്പം കാരണം സാവകാശം നൽകാമെന്ന നിലപാടിലാണ് ധനവകുപ്പ്. എല്ലാവരും നികുതിയൊടുക്കിയാൽ വരുമാനം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബർ 15 കഴിഞ്ഞേ കേരളത്തിലെ ജി.എസ്.ടി. വരുമാനം എത്രയെന്ന് വ്യക്തമാകൂ. ആദ്യതവണത്തെ റിട്ടേൺ അന്തിമമായി സമർപ്പിക്കാൻ അതുവരെ സമയമുണ്ട്. 1.8 ലക്ഷം വ്യാപാരികളാണ് കേരളത്തിൽ ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു ലക്ഷത്തിൽത്താഴെ മാത്രമേ നികുതി നൽകേണ്ടവരായുള്ളൂ.