ന്യൂഡൽഹി: ചരക്ക്-സേവന നികുതി കൂടി ഉൾപ്പെടുത്തിയാകണം ഉത്പന്നങ്ങളുെട പരമാവധി വിൽപ്പന വില (എം.ആർ.പി) നിശ്ചയിക്കേണ്ടതെന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ശുപാർശ ചെയ്തു. പരമാവധി വിൽപ്പന വിലയ്ക്ക് പുറമെ ചരക്ക്-സേവന നികുതിയുടെ പേരിൽ ചില വിൽപ്പനക്കാർ ഉത്പന്നങ്ങൾക്ക് അധികവില ഈടാക്കരുതെന്നാണ് നിർദ്ദേശം. ഇതോടെ എംആർപി വില ഉയർത്തി ഇതിനെ നേരിടാൻ വ്യാപാരികളും തയ്യാറെടുക്കുന്നതായാണ് സൂചന. ഇതോടെ വിലകൾ ഇനിയും ഉയരും. നവംബർ പത്തിന് ഗുവാഹാട്ടിയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ മന്ത്രിതലയോഗത്തിന്റെ ശുപാർശകൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വില കൂട്ടാനാണ് വ്യാപാരികളുടെ നീക്കം.

എം.ആർ.പി. എന്നാൽ ചില്ലറവിൽപ്പനയിൽ ഉത്പന്നം വിൽക്കേണ്ട പരമാവധി വിലയാണ്. അതിനു മുകളിൽ അധികതുക ഈടാക്കുന്നത് നിലവിലെ എം.ആർ.പി. നിയമപ്രകാരം കുറ്റകരമാണെന്നും സർക്കാർ ഉചിതമായ രീതിയിൽ വ്യക്തമാക്കണമെന്നും ജി.എസ്.ടി. കൗൺസിൽ ഉടൻ തീരുമാനമെടുക്കും. ഇത് ചെറുകിട-ഇടത്തരം സംരംഭങ്ങളെക്കുറിച്ചുയരുന്ന പരാതികൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് നിയമത്തെ അട്ടിമറിക്കാനുള്ള പുതിയ നീക്കം. റസ്റ്റോറന്റുകൾ, ലഘുഭക്ഷണശാലകൾ, മാളുകൾ എന്നിവിടങ്ങളിൽ കുപ്പിവെള്ളമുൾപ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് എം.ആർ.പി.യെക്കാൾ കൂടിയ വില ജി.എസ്.ടിയുടെ പേരിൽ ഈടാക്കുന്നുണ്ട്. ഇവിടങ്ങളിൽ നിയമം നിർബന്ധമാക്കാനാണ് നീക്കം.

സർക്കാരിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ഇൻവോയ്സ് നൽകുമ്പോഴും നികുതി അടയ്ക്കുമ്പോഴും വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പന്നങ്ങളുെട വിൽപ്പന വിലയും ജി.എസ്.ടി. നിരക്കും പ്രത്യേകം കാണിക്കാവുന്നതാണ്. ഉപഭോക്താവിന് നൽകുന്ന ബില്ലിൽ ചരക്ക്-സേവന നികുതിയുൾപ്പെട്ട എം.ആർ.പി.യായിരിക്കണം നൽകേണ്ടത്. നികുതിയടയ്ക്കാനായി സർക്കാരിന് നൽകുന്ന ഇൻവോയിസിൽ മാത്രം ജി.എസ്.ടി.യും വിൽപ്പനവിലയും വിഭജിച്ച് നൽകിയാൽ മതി- മന്ത്രിതലയോഗത്തിന്റെ ശുപാർശയിൽ പറയുന്നു.

റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ ഒരു ദിവസത്തേക്ക് 100 രൂപ എന്ന നിരക്കിൽ ഈടാക്കുന്ന പിഴ അമ്പത് രൂപയാക്കി കുറയ്ക്കണമെന്നും മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും നീക്കമുണ്ട്. നിലവിൽ 1.5 കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ ഫയൽ ചെയ്യാനും നികുതിയടയ്ക്കാനുമുള്ള സൗകര്യമുള്ളത്.

7500 രൂപയിൽ കൂടുതൽ വാടകയുള്ള റസ്റ്റോറന്റ് മുറികളെ പഞ്ചനക്ഷത്ര വിഭാഗത്തിൽപ്പെടുത്തുന്നതിന് പകരം 18 ശതമാനം ജി.എസ്.ടി. ചുമത്തണമെന്നും നിർദേശങ്ങളിലുണ്ട്.