ന്യൂഡൽഹി: ദുരന്തം നേരിടാൻ കേരളത്തിൽ പത്ത് ശതമാനം ജിഎസ്ടി സെസ് ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്ഡറെ നീക്കം കേന്ദ്രം തള്ളി. കേരളത്തിൽ മാത്രമായി ജിഎസ്ടിക്കു മേൽ സെസ് ഏർപ്പെടുത്താനാവില്ലെന്ന റവന്യൂ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പത്ത് ശതമാനം അധിക സെസ് ഏർപ്പെുത്താനുള്ള കേരള സർക്കാരിന്റെ നീക്കം പാളിയത്. ഒരു സംസ്ഥാനത്തിനു മാത്രം സെസ് ഏർപ്പെടുത്തുന്നതു ജിഎസ്ടി വിഹിതം കണക്കാക്കുന്നതിലും മറ്റും പ്രശ്‌നങ്ങളുണ്ടാക്കുമെന്നു റവന്യു സെക്രട്ടറി വാദിച്ചു. ഇതേ തുടർന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വാദം അരുൺ ജെയ്റ്റിലി തള്ളിയത്.

അതേസമയം കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതികൾക്കു പണം സ്വരൂപിക്കാൻ ചരക്ക്, സേവന നികുതിയിൽ (ജിഎസ്ടി) അധിക സെസ് രാജ്യമൊട്ടാകെ ചുമത്തുക എന്ന നിർദേശമാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചത്. ദുരന്ത സെസ് എന്ന പേരിൽ രണ്ടു വർഷത്തേക്കു പിരിച്ചാൽ 2000 കോടി രൂപയെങ്കിലും കേരളത്തിനു പ്രതീക്ഷിക്കാമെന്നാണു വിലയിരുത്തൽ. എല്ലാ സംസ്ഥാനങ്ങളിലും പുകയിലയുൾപ്പെടെ ഏതാനും ഉൽപന്നങ്ങൾക്കായിരിക്കും നിശ്ചിത കാലത്തേക്കു സെസ് ഏർപ്പെടുത്തുക എന്ന് കേന്ദ്രം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളിലും നികുതി ഏർപ്പെടുത്തുന്നതോടെ ദുരന്തങ്ങൾ നേരിടുന്ന മറ്റു സംസ്ഥാനങ്ങൾക്കും ഇതിന്റെ പ്രയോജനമെടുക്കാം. ഈ തുകയുടെ പേരിൽ, ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കേരളത്തിനു നൽകുന്ന നഷ്ടപരിഹാരത്തിൽ കുറവു വരുത്തില്ല. സെസ് നിർദ്ദേശം ഈമാസം 28ന്റെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം അവതരിപ്പിക്കും.

പുനർനിർമ്മാണ പദ്ധതികളുമായി ബന്ധപ്പെടുത്തി ബാഹ്യവായ്പയ്ക്കുള്ള പരിധി ഉയർത്താമെന്നും കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ സമ്മതിച്ചതായി തോമസ് ഐസക് വ്യക്തമാക്കി. വായ്പയുടെ തോതുയർത്താൻ അനുവദിക്കുന്നെങ്കിൽ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാത (എസ്എൽആർ) കടപ്പത്രമിറക്കുകയെന്ന തീരുമാനത്തിൽനിന്നു സംസ്ഥാന സർക്കാർ പിൻവാങ്ങും. കടപ്പത്രത്തിലൂടെ ലഭിക്കുന്ന പണം റവന്യു ചെലവിന് ഉപയോഗിക്കുന്നതു കമ്മി കൂടാൻ കാരണമാവും. അതു കേന്ദ്രം അനുവദിക്കില്ല.

ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയിൽനിന്നു പല തവണയായി വായ്പയെടുക്കാനാണു കേരളത്തിന്റെ ആലോചന. വായ്പയുടെ സമയക്രമം, ഏതു പദ്ധതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന മുറയ്ക്കു കേന്ദ്ര തീരുമാനമുണ്ടാകും. വായ്പയുടെ ആദ്യഗഡു ഡിസംബറോടെ പ്രതീക്ഷിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.