തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ രാജൻ ഖോബ്രഘടയെ തത്സ്ഥാനത്ത് നിന്നും മാറ്റി. ജിഎസ്ടി വകുപ്പ് കുത്തഴിഞ്ഞ നിലയിൽ തുടരുന്നതിനാലാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഓഫീസരെ മാറ്റിയത് എന്നാണ് സൂചന. ബജറ്റ് വിഹിതം നിരന്തരം പാഴാക്കപ്പെടുകയും വകുപ്പിൽ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരുകയും ചെയ്തതാണ് ഈ മുതിർന്ന ഐഎഎസ് ഓഫീസർക്ക് വിനയായത്. നികുതി വകുപ്പിന്റെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏകദേശം 70 കോടി രൂപയോളം സംസ്ഥാന സർക്കാർ അനുവദിച്ചപ്പോൾ അതിന്റെ 40 ശതമാനത്തോളം നികുതി വകുപ്പ് ചെലവാക്കാതെ പാഴാക്കിക്കളഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കമ്മിഷണർ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്തം വരുന്നത് രാജൻ ഖോബ്രഘടയുടെ ചുമലിലാണ്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഓഫീസർമാരെ ഞെട്ടിച്ചു കൊണ്ടാണ് രാജൻ ഖോബ്രഘടയെ ചരക്ക് സേവന നികുതി കമ്മിഷണർ സ്ഥാനത്ത് നിന്ന് മന്ത്രി തോമസ് ഐസക്ക് എടുത്തുമാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന മുതിർന്ന ഐഎഎസ് ഓഫീസർ ആണ് രാജൻ ഖോബ്രഘട. അതുകൊണ്ട് തന്നെ പൊടുന്നനെയുള്ള ഖോബ്രഘടയുടെ മാറ്റം സർക്കാർ വൃത്തങ്ങളിൽ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ഖോബ്രഘടയെ മാറ്റിയപ്പോൾ പകരം ടിങ്കു ബിസ്വാളിനെയാണ് പുതുതായി ജിഎസ്ടി കമ്മിഷണർ ആക്കി നിയമിച്ചത്. ജിഎസ്ടി പോലുള്ള നിർണ്ണായകമായ വകുപ്പിൽ പല കാര്യങ്ങളും നടക്കുന്നില്ല എന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ തന്നെ അമർഷം പുകഞ്ഞു വരുമ്പോഴാണ് രാജൻ ഖോബ്രഘടയ്ക്ക് മാറ്റം വരുന്നത്.

ഖോബ്രഘടയുടെ പ്രവർത്തനങ്ങളിൽ കടുത്ത നിരാശയാണ് ധനവകുപ്പ് മന്ത്രി എന്ന നിലയിൽ തോമസ് ഐസക്കും പ്രകടിപ്പിച്ചിരുന്നത്. പക്ഷെ കാര്യങ്ങൾ കൈവിട്ടുപോവുകയാണ് എന്ന് മനസിലായപ്പോൾ ഉദ്യോഗസ്ഥ മാറ്റത്തിന് മന്ത്രി തീരുമാനിക്കുകയായിരുന്നു. കെ.എം.മാണി ധനകാര്യവകുപ്പ് മന്ത്രിയായി നിയമിതനായപ്പോൾ വാണിജ്യനികുതി കമ്മിഷണർ സ്ഥാനത്ത് നിയമിതനായ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന രാജൻ ഖോബ്രഘട. ജിഎസ്ടിയുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ നിരന്തരം പിന്നിലായിപ്പോകുന്നത് കണക്കിലെടുത്ത് കൂടിയാണ് ഈ മാറ്റം. ജിഎസ്ടിയിൽ പ്രധാനമായും മെയിന്റൈൻ ചെയ്യേണ്ടത് ജിഎസ്ടിയുടെ വെബ് പോർട്ടൽ ആണ്. ഈ പോർട്ടൽ പരിഷ്‌ക്കരിക്കാൻ ആവശ്യമായ ബഡ്ജറ്റ് വിഹിതം പാഴാക്കിയത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സർക്കാർ തലത്തിൽ രാജൻ ഖോബ്രഘടയ്ക്ക് എതിരെ ഉയർന്നത്.

വിവരാവാകാശ രേഖകൾ ഇതിനു തെളിവായി മാറുകയും ചെയ്യുന്നു. 2016-17 കാലത്ത് ജിഎസ്ടിയിൽ കമ്പ്യൂട്ടറൈസേഷന് 422033000 രൂപ അനുവദിച്ചപ്പോൾ വകുപ്പ് ചെലവിട്ടത് 157636945 രൂപയാണ്. 30 കോടിയോളം ബഡ്ജറ്റ് വിഹിതം ലാപ്‌സായി പോവുകയാണ് ഉണ്ടായത്. 2017-18 കാലത്ത് ഐടി ഇന്ഫ്രാ സ്ട്രക്ചർ ഡെവലപ്പ്‌മെന്റിനു 17 കോടി രൂപ അനുവദിച്ചപ്പോൾ ചെലവിട്ടത് രണ്ടര കോടിയിൽ താഴെ രൂപ മാത്രമാണ്. ചെലവാക്കിയ തുകയ്ക്കായി വാങ്ങിയ 1000 ത്തോളം കമ്പ്യൂട്ടറുകൾ ഒരു വർഷത്തിനുള്ളിൽ 75 ശതമാനവും കേടുവന്നു. വൻ അഴിമതി ഇക്കാര്യത്തിൽ ആരോപിക്കപ്പെടുകയും ചെയ്തു. 2017-18 കാലത്ത് ജിഎസ്ടി ഇൻട്രോഡക്ഷന് എട്ടുകോടി അനുവദിച്ചപ്പോൾ ചെലവിട്ടത് അഞ്ചേകാൽ കോടിയോളം രൂപ മാത്രമാണ്. കെട്ടിട നിർമ്മാണത്തിനായി 2017-18ൽ അനുവദിച്ച 7.50 കോടി രൂപയിൽ ആകെ ചെലവാക്കിയത് 4 കോടി രൂപ. സംസ്ഥാന നികുതി വകുപ്പ് ഓഫീസുകളിൽ പകുതിയിലധികവും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് കേട്ടിടത്തിനായി ബജറ്റ് വിഹിതമായി വന്ന മൂന്നര കോടിയോളം വെറുതെ പാഴായി പോയത്.

ഇതേ കാര്യത്തിനു 2016-2017ൽ 5 കോടി രൂപ അനുവദിച്ചെങ്കിലും ചെലവാക്കിയത് കേവലം 13.8 ലക്ഷം രൂപ. സ്വന്തമായി ഓഫീസും, അനുബന്ധ സൗകര്യങ്ങളും ഇല്ലാതെ വകുപ്പിലെ ഉദ്ദ്യോഗസ്ഥർ നട്ടം തിരിയുമ്പോൾ അനുവദിച്ച തുകപോലും ചെലവാക്കാതെ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത് കമ്മിഷണർ തന്നെയാണെന്ന് ഉദ്യോഗസ്ഥ തലത്തിൽ തന്നെ ആരോപണം വന്നിരുന്നു. ഖോബ്രഘടയ്ക്ക് സ്വയം രക്ഷപ്പെട്ടു പോകാൻ കഴിയാത്ത അവസ്ഥ ഇതുമൂലം വന്നത്. ഇങ്ങിനെ ബഡ്ജറ്റ് വിഹിതം തന്നെ പാഴായി പോകുന്ന ഗുരുതര ആരോപണങ്ങളാണ് രാജൻ ഖോബ്രഘടയ്ക്ക് വിനയായത്. പല ഇനങ്ങളിലായി ഇങ്ങിനെ കോടിക്കണക്കിന് രൂപയാണ് ബജറ്റ് വിഹിതം പാഴായി പോയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് രാജൻ ഖോബ്രഘടയ്ക്ക് എതിരെ നടപടി വന്നത്. തമിഴ്‌നാട്, ആന്ധ്ര, കർണാടകം തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ എടുത്താൽ ജിഎസ്ടി വന്നശേഷം ഈ സംസ്ഥാനങ്ങളിൽ വലിയ കുതിപ്പ് വകുപ്പുകളിൽ വന്നു. നികുതി വരുമാനവും കൂടി.

എന്നാൽ കേരളത്തിൽ നികുതി വരുമാനം ഉദ്ദേശിച്ച രീതിയിൽ കൂടാതെ വരുകയും ജിഎസ്ടി കേന്ദ്രമാക്കിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ നികുതിവെട്ടിപ്പിന്റെ തോത് ഈ അടുത്ത കാലത്ത് ക്രമാതീതമായി വർദ്ധിച്ചു വന്നിട്ടുണ്ട്. ഇത് സർക്കാരിന്റെ നികുതി വരുമാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഇതെല്ലാം മുന്നിൽ വന്നപ്പോഴാണ് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ രാജൻ ഖോബ്രഘടയെ മാറ്റാനുള്ള സർക്കാർ തീരുമാനം വന്നത്. പക്ഷെ ഈ മാറ്റത്തിനു ആദ്യമേ തന്നെ സർക്കാർ തയ്യാറാകുമായിരുന്നെങ്കിൽ നികുതി വകുപ്പിന് വലിയ മുന്നേറ്റം തന്നെ സാധ്യമാകുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.