തിരുവനന്തപുരം: രാജ്യത്തെ ഒറ്റനികുതി സമ്പ്രദായം തുടങ്ങി വമ്പൻ വളർച്ചക്ക് കോപ്പു കൂട്ടിയ മോദി സർക്കാരിന് എല്ലാം പാളിയോ? എടുത്തു ചാടി നടപ്പിലാക്കിയ ജിഎസ്ടി എന്തെന്ന് മനസ്സിലാകാതെ എല്ലാ സംവിധാനവും പാളുന്നതായാണ് റിപ്പോർട്ട്. ഓരോ മാസവും നികുതി വരുമാനം കുറഞ്ഞു വരുന്നു എന്ന് മാത്രമല്ല വ്യാപാരികളുടെ പോക്കറ്റ് കളിയാവുകയും ചെയ്യുന്ന എന്ന വിചിത്ര പ്രതിഫലനമാണ് ഇപ്പോൾ നടക്കുന്നത്. നോട്ടു നിരോധനം മൂലം ശൂന്യമായ വിപണിയിലേക്ക് അശാസ്ത്രീയമായ ജിഎസ്ടി കൂടി എത്തിയതോടെ ഇന്ത്യക്കു കടക്കെണിയും സാമ്പത്തിക മാന്ദ്യവും ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

കേന്ദ്ര ധനകാര്യമന്ത്രിയെക്കാൾ ആവേശത്തോടെ ജിഎസ്ടിക്ക് വേണ്ടി രംഗത്തിറങ്ങിയ കേരളം ധനകാര്യമന്ത്രിയാണ് ഇപ്പോൾ വീട്ടിൽ ആയിരിക്കുന്നത്. ചുമ്മാ ഓഫീസിൽ ഇരുന്നാൽ പണം ഒഴുകി എത്തും എന്ന് സ്വപ്നം കണ്ടിരുന്ന തോമസ് ഐസക്കിന്റെ ഖജനാവിലേക്കുള്ള പണം വരവ് ഗണ്യമായി കുറഞ്ഞു എന്നാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിക്കുള്ളിലും ഇത് തോമസ് ഐസക്കിന് പ്രശ്ങ്ങൾ ഉണ്ടാക്കുന്നുണ്ട്. വരുമാനത്തിൽ കുറവ് വന്നതോടെ കിഫ്ബിയടക്കമുള്ള പദ്ധതികളെ അത് ബാധിച്ചിരിക്കുകയാണ്. വലിയ തോതിൽ വരുമാനം കുറഞ്ഞു എന്ന് ഒടുവിൽ ഐസ്സക്കിനും തുറന്നു സമ്മതിക്കേണ്ടി വന്നു.

കേരളത്തിന്റെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) യുടെ ഓഗസ്റ്റ് മാസത്തെ വരുമാന കണക്ക് പുറത്ത് വന്നപ്പോൾ വീണ്ടും കുറഞ്ഞു. തൊട്ടുമുൻപത്തെ മാസത്തേക്കാൾ ഏതാണ്ട് 35 കോടിരൂപയാണ് ഇതുവരെയുള്ള കുറവ്. റിട്ടേണുകൾ സമർപ്പിച്ചവരുടെ എണ്ണവും ഇത്തവണ കുറഞ്ഞു. കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഈ മാസം വലിയ വരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്ക്‌വെച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ കണക്ക് കൂട്ടൽ എല്ലാം തെറ്രുന്ന കാഴ്ചയാണ് കാണുന്നത്. ജി.എസ്.ടി. ശൃംഖലയിലെ തടസ്സങ്ങളും ആശയക്കുഴപ്പവുമാണ് പ്രതിസന്ധിക്കു കാരണം. ജൂലായിൽ സംസ്ഥാന ജി.എസ്.ടി.യായി 799 കോടിരൂപയും സംസ്ഥാനാന്തര വ്യാപാരത്തിന്റെ നികുതിയായി (സി.ജി.എസ്.ടി.) 451 കോടിയും ചേർത്ത് 1250 കോടിരൂപയാണ് കിട്ടിയത്. ജി.എസ്.ടി.ക്കുമുമ്പ് 1300-1400 കോടിരൂപ കിട്ടിയിരുന്ന സ്ഥാനത്താണിത്.

മുൻ മാസത്തിൽ അരുൺ ജയറ്റ്‌ലി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കഴിഞ്ഞ മാസം റിട്ടേൺ സമർപ്പിക്കാത്തവരും ഈ മാസം നൽകും, അതിനാൽ ഉദ്ദേശിച്ചതിലും കൂടുതൽ വരുമാനം ഉണ്ടാകുമെന്നുമാണ്. ഓഗസ്റ്റിലെ സംസ്ഥാന ജി.എസ്.ടി.യായി ഇതുവരെ 755 കോടിരൂപ കിട്ടി. കേന്ദ്രത്തിൽനിന്ന് എത്ര കിട്ടുമെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാന നികുതിയുടെ കുറവിന് ആനുപാതികമായി കേന്ദ്രനികുതിയും കുറയും. കൃത്യമായ കണക്ക് ഈ മാസം അവസാനമേ ലഭിക്കൂവെന്ന് ജി.എസ്.ടി. വകുപ്പ് കേന്ദ്രങ്ങൾ പറഞ്ഞു.

ഇതോടെ രാജ്യത്താകെയുള്ള പ്രതിസന്ധി കേരളത്തിലും പ്രകടമാവുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ജി.എസ്.ടി. വന്നശേഷം ജൂലായിൽ കേന്ദ്രത്തിൽ 94,063 കോടി രൂപ നികുതിയായി കിട്ടിയപ്പോൾ ഓഗസ്റ്റിൽ ഇത് 90,669 കോടിയായി. നികുതി റിട്ടേൺ സമർപ്പിച്ചവർ 64.4 ശതമാനത്തിൽനിന്ന് 55 ശതമാനമായി.

ജി.എസ്.ടി. ആർ-3 ബി എന്ന രേഖയാണ് വ്യാപാരികൾ സെപ്റ്റംബർ 20-നുമുമ്പ് സമർപ്പിക്കേണ്ടിയിരുന്നത്. ഇതിൽ മൊത്തം വ്യാപാരത്തിന്റെയും അടയ്ക്കേണ്ട നികുതിയുടെയും ചുരുക്കവിവരങ്ങളാണ് നൽകേണ്ടത്. നെറ്റ്‌വർക്ക് തടസ്സം കാരണം ഒട്ടേറെ വ്യാപാരികൾക്ക് ഇത് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ജി.എസ്.ടി. വകുപ്പ് അധികൃതർ പറഞ്ഞു. നികുതിയൊടുക്കുന്നതിനെപ്പറ്റിയും ഇൻപുട്ട് നികുതി കിട്ടുന്നതു സംബന്ധിച്ചുമുള്ള അവ്യക്തതകൾ കാരണം റിട്ടേൺ സമർപ്പിക്കാൻ മടിക്കുന്ന വ്യാപാരികളുമുണ്ട്.

ജി.എസ്.ടി.യിൽ സംസ്ഥാനങ്ങൾക്ക് വരുമാനക്കുറവുണ്ടായാൽ നഷ്ടപരിഹാരം കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. 2015-16 സാമ്പത്തികവർഷത്തെ വരുമാനം അടിസ്ഥാനമാക്കി 14 ശതമാനം വർധനയുണ്ടായില്ലെങ്കിൽ ശേഷിക്കുന്ന പണം കേന്ദ്രം നൽകുമെന്നാണ് വ്യവസ്ഥ. എന്നാൽ, സംസ്ഥാനങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിത്തുടങ്ങിയിട്ടില്ല. ജി.എസ്.ടി.യിലെ പ്രതിസന്ധി കേരളത്തെ ബാധിച്ചുതുടങ്ങിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. നികുതിവരുമാനം കിട്ടാതിരുന്നാൽ ഇവിടെ ശമ്പളം കൊടുക്കാൻ മാത്രമേ പണം കാണൂ. ഇനി ഡിസംബർവരെ കേരളത്തിന് കടമെടുക്കാനാവില്ലെന്നും ഐസക് പറഞ്ഞു.

മുൻ മാസത്തെ അപേക്ഷിച്ച് ഒട്ടേറെ വ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയാതെപോയതാണ് വരുമാനം കുറയാൻ കാരണം. കേന്ദ്രത്തിൽ ജി.എസ്.ടി. ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് സാധാരണ നിലയിലാകാൻ ഇനിയും നാലഞ്ചുമാസമെങ്കിലും എടുക്കും. ഇതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.