ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി നിലവിൽ വന്നതോടെ കോളടിച്ചത് ബികോം ബിരുദധാരികൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും. ഏകീകൃത നികുതി സമ്പ്രദായം വന്നതോടെ മികച്ച ബികോം ബിരുദക്കാരെ തേടി കമ്പനികളും വിവിധ അക്കൗണ്ടിങ് സ്ഥാപനങ്ങളും അന്വേഷണം തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

പുതിയ നികുതി പരിഷ്‌കരണം ബി.കോം ബിരുദമുള്ളവരുടെ ശമ്പളത്തിൽ 100 ശതമാനം വരെ വർധനവുണ്ടായതായും വിവിധ സ്ഥാപന ഉടമകൾ പറയുന്നു. അക്കൗണ്ടിങ് മേഖലയിലെ അടിസ്ഥാന യോഗ്യതയാണ് ബി.കോം ബിരുദം. സാധാരണഗതിയിൽ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം കുറഞ്ഞ മേഖലയായിരുന്നു ഇത്.

അഞ്ച് മുതൽ 10 ശതമാനം വരെ വരുന്ന ബി.കോം ബിരുദക്കാർക്ക് മാത്രമെ മെച്ചപ്പെട്ട ജോലികൾ ലഭിച്ചിരുന്നുള്ളു. ബാങ്കിങ് മേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും എൻജിനീയറിങ് ബിരുദക്കാർപോലും ബാങ്കിങ് മേഖലയിലേക്ക് എത്തിപ്പെടാൻ തുടങ്ങിയതോടെ ബികോം കാരുടെ അവസരം ഇടക്കാലത്ത് കുറഞ്ഞിരുന്നു.

ഈ സ്ഥിതി മാറിയെന്നും വീണ്ടും അക്കൗണ്ടിങ് മേഖലയിൽ ബികോംകാരുടെ പുഷ്‌കലകാലം തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ബികോം കാരിൽ ചെറിയ ശതമാനം എം.ബി.എ. ചാറ്റേർഡ് അക്കൗണ്ടിങ് തുടങ്ങിയ ഉപരിപഠനം തിരഞ്ഞെടുത്ത് പോകുന്നവരൊഴിച്ചാൽ വലിയൊരു ശതമാനവും മറ്റു മേഖലകളിലേക്ക് തിരിയുകയായിരുന്ന പതിവ്. എന്നാൽ ഇപ്പോൾ പഠിച്ച രംഗത്തുതന്നെ തൊഴിൽ തേടാമെന്ന അവസ്ഥയാണ് ബികോംകാർക്ക് വ്ന്നുചേരുന്നത്.

സാധാരണഗതിയിൽ ബി.കോം ബിരുദധാരികൾക്ക് 12000-15000 രൂപവരെയാണ് ശമ്പളം ലഭിക്കുന്നത്. എന്നാൽ ബി.കോം ബിരുദത്തോടൊപ്പം ജി.എസ്.ടിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ കൂടി അറിയാവുന്നവർക്ക് 20000 വരെയും ജി.എസ്.ടി സംബന്ധിച്ച കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് 30000 രൂപവരെയും നൽകാൻ സ്ഥാപനങ്ങൾ തയ്യാറാകുന്നുണ്ട് ഇപ്പോഴെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ജി.എസ്.ടി സംബന്ധിച്ച ഹ്രസ്വകാല കോഴ്സുകൾ അനിവാര്യമാണെന്നും ഇത്തരത്തിലുള്ള കോഴ്സുകളൊന്നും ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെന്നും ചാർട്ടേഡ് അക്കൗണ്ടിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അക്കൗണ്ടിങ്ങിനെ കുറിച്ച് പ്രാഥമിക വിവരങ്ങളും ഒപ്പം ജി.എസ്.ടിയിൽ പ്രത്യേക കോഴ്സും പൂർത്തിയാക്കിയാൽ മികച്ച അവസരങ്ങളാണ് ബി.കോം ബിരുദധാരികളെ കാത്തിരിക്കുന്നത്.

ജി.എസ്.ടി അനുസരിച്ച് അക്കൗണ്ടിംഗിൽ മാറ്റം വരുത്താൻ പുതിയ സോഫ്റ്റ്‌വെയർ വരുന്നതോടെ ഇതിൽ ഇടപാടുകൾ രേഖപ്പടുത്താൻ ബി.കോം ബിരുദധാരികൾ ആവശ്യമായി വരും. ഇതിനായി ജി.എസ്.ടി സംബന്ധിച്ച് പ്രത്യേക പരിശീലനം കൂടി ലഭിച്ചവർക്കാണ് കൂടുതൽ സാധ്യതകൾ. ഇത്തരം കോഴ്‌സുകളും ഇതോടെ സജീവമാകുമെന്നാണ് വിവരം.

ജി.എസ്.ടി നിയമത്തിന് കീഴിൽ വരുന്ന വിവിധ നികുതി പരിധികൾ പ്രകാരം വ്യത്യസ്ഥ ഉൽപ്പന്ന-സേവനങ്ങളുടെ കണക്കുകൾ രേഖപ്പെടുത്താനായി ബി.കോം പോലുള്ള പ്രാഥമിക ബിരുദധാരികൾ മതിയെന്നും എല്ലാ ചെറിയ കാര്യങ്ങൾക്കും ചാറ്റേർഡ് അക്കൗണ്ടന്റ് പോലുള്ളവരെ സമീപിക്കേണ്ട അവസ്ഥ മാറുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാപന ഉടമകൾ അഭിപ്രായപ്പെടുന്നു. ഓരോ ചെറിയ കാര്യങ്ങൾക്കും ചാറ്റേർഡ് അക്കൗണ്ടന്റുകളെ സമീപിക്കുന്നത് അധിക ചെലവാണെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും വിവിധ സ്ഥാപന ഉടമകൾ പ്രതികരിച്ചു.