- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടി നടപ്പാക്കി ഒന്നര വർഷം പിന്നിടുമ്പോഴും സാധാരണക്കാരന് മനസിലാക്കാൻ ഇനിയുമേറെ ; ഒക്ടോബർ മാസം മാത്രം 1817 കോടി രൂപ കേരളത്തിൽ നിന്നും ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തുവെന്ന് പറയുമ്പോഴും സംസ്ഥാനത്തിന് ഉയർച്ചയോ താഴ്ച്ചയോ എന്നതിൽ വ്യക്തതയില്ല; കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയതാണ് ജിഎസ്ടിയുടെ പോരായ്മയെന്ന് പറയുന്നത് ശരിയോ ? ജിഎസ്ടിയെ അറിയാം
ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി ഇന്ത്യയിൽ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കേരളത്തിന് ഏറെ സന്തോഷിക്കാം എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടത്. ഒക്ടോബർ മാസം രാജ്യത്താകമാനം പിരിച്ചെടുത്ത ജിഎസ്ടി വഴി ഏറ്റവുമധികം പണം കേരളത്തിൽ നിന്നുമാണ് ലഭിച്ചത്. 1817 കോടി രൂപയാണ് കേരളത്തിൽ നിന്നും പിരിച്ചത് എന്ന് പറയുന്നതോടൊപ്പം കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 307.88 കോടിയുടെ വർധനയാണ് ലഭിച്ചിരിക്കുന്നതെന്നുമുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. 1563.12 കോടി രൂപ 2017 ഒക്ടോബറിൽ ലഭിച്ച ശേഷം നികുതി പിരിവിന്റെ കാര്യത്തിൽ കേരളത്തിൽ മികച്ച വർധന തന്നെയാണ് എന്നതിൽ തർക്കമില്ല. രാജ്യത്താകമാനം ഏകീകൃതമായ രീതിയിൽ നികുതി ഏർപ്പെടുത്തുകയും അനാവശ്യ നികുതികൾ നീക്കം ചെയ്യുകയും ചെയ്ത് ജിഎസ്ടിയെ സർക്കാർ മുന്നോട്ട് നയിച്ച് ഒരു വർഷം പിന്നിടുമ്പോഴും ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി എന്തെന്ന് മിക്കവർക്കും പൂർണമായി അറിവില്ല. അഥവാ അറിയാമെങ്കിൽ തന്നെ അറ്റവും മുറിയും മാത്രം. നിസാരമായി പറഞ്ഞാൽ ചരക്ക്
ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി ഇന്ത്യയിൽ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കേരളത്തിന് ഏറെ സന്തോഷിക്കാം എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടത്. ഒക്ടോബർ മാസം രാജ്യത്താകമാനം പിരിച്ചെടുത്ത ജിഎസ്ടി വഴി ഏറ്റവുമധികം പണം കേരളത്തിൽ നിന്നുമാണ് ലഭിച്ചത്. 1817 കോടി രൂപയാണ് കേരളത്തിൽ നിന്നും പിരിച്ചത് എന്ന് പറയുന്നതോടൊപ്പം കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 307.88 കോടിയുടെ വർധനയാണ് ലഭിച്ചിരിക്കുന്നതെന്നുമുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാർ അടുത്തിടെ പുറത്ത് വിട്ടിരുന്നു.
1563.12 കോടി രൂപ 2017 ഒക്ടോബറിൽ ലഭിച്ച ശേഷം നികുതി പിരിവിന്റെ കാര്യത്തിൽ കേരളത്തിൽ മികച്ച വർധന തന്നെയാണ് എന്നതിൽ തർക്കമില്ല. രാജ്യത്താകമാനം ഏകീകൃതമായ രീതിയിൽ നികുതി ഏർപ്പെടുത്തുകയും അനാവശ്യ നികുതികൾ നീക്കം ചെയ്യുകയും ചെയ്ത് ജിഎസ്ടിയെ സർക്കാർ മുന്നോട്ട് നയിച്ച് ഒരു വർഷം പിന്നിടുമ്പോഴും ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി എന്തെന്ന് മിക്കവർക്കും പൂർണമായി അറിവില്ല. അഥവാ അറിയാമെങ്കിൽ തന്നെ അറ്റവും മുറിയും മാത്രം.
നിസാരമായി പറഞ്ഞാൽ ചരക്ക് സേവന നികുതി സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു, ഒരു വർഷം പിന്നിടുന്ന വേളയിൽ എന്താണ് സാധാരണക്കാരന് ഇതിൽ നിന്നും നേട്ടമുണ്ടായത് എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ സമൂഹത്തിൽ നിന്നും ഉയരുന്നുണ്ട്. അവയ്ക്ക് കൃത്യമായ മറുപടി എന്താണെന്ന് അറിയാൻ ശ്രമിക്കുകയാണ് ഓരോ പൗരനും. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ നികുതി സമ്പ്രദായമാണ് ജിഎസ്ടി എന്ന് അടുത്തിടെ ലോകബാങ്കും അഭിപ്രായപ്പെട്ടിരുന്നുവെന്നും നാം ഓർക്കണം. ജിഎസ്ടി നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്തെ പുത്തൻ സാമ്പത്തിക പരിഷ്‌കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാവാം...
ആദ്യം പേരുകൾ തന്നെ മനസിലാക്കാം. ജിഎസ്ടി എന്നാൽ ഗുഡ്സ് സർവീസ്് ടാക്സ് അഥവാ ചരക്ക് സേവന നികുതി. സിജിഎസ്ടി എന്നാൽ സെൻട്രൽ ജിഎസ്ടി അഥവാ കേന്ദ്ര ജിഎസ്ടി. ഐജിഎസ്ടി എന്നാൽ ഇന്റഗ്രേറ്റഡ് ജിഎസ്ടി അഥവാ സമ്പൂർണ ചരക്ക് സേവന നികുതി. എസ്ജിഎസ്ടി എന്നാൽ സ്റ്റേറ്റ് ജിഎസ്ടി അഥവാ സംസ്ഥാന ചരക്ക് സേവന നികുതി. ഇതിൽ ഐജിഎസ്ടി എന്താണ് ഒരു സംശയം ഏവർക്കും ഇപ്പോൾ തോന്നാം. അന്തർസംസ്ഥാന തലത്തിൽ ചരക്ക് കൈമാറ്റം ചെയ്യുമ്പോൾ കേന്ദ്രം പിരിക്കുന്ന നികുതിയാണിത്. ഇതിന് ശേഷം ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും വിഹിതം നൽകുക എന്നതാണ് ഇത് നടപ്പാക്കിയതിന്റെ ലക്ഷ്യം.
നാഴിക കല്ല് സൃഷ്ടിച്ച് ജിഎസ്ടിയുടെ വരവ്
2017 ജൂൺ 30 എന്ന ദിനത്തിലെ രാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനം പോലെ ഓർക്കേണ്ട ഒരു നാഴിക കല്ലാണ് സമ്മാനിച്ചത്. ലോക സാമ്പത്തിക ശക്തികളിൽ മോശമല്ലാത്ത സ്ഥാനമുള്ള ഇന്ത്യയിൽ ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുക എന്ന ലക്ഷ്യം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ രാത്രി. പ്രതിക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് ആരവങ്ങളുമായി മോദി സർക്കാർ ജിഎസ്ടി കൊണ്ടു വന്നത് ഏറെ പ്രതീക്ഷകളോടെയാണ്.
[BLURB#1-VL]എന്നാൽ അത് ലക്ഷ്യം കണ്ടോ ഇല്ലയോ എന്നാണ് പൊതുജനങ്ങളിൽ നിന്നും ഇപ്പോൾ ചോദ്യമുയരുന്നത്. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഏറെ നൂലാമാലകളുള്ള നികുതി സമ്പദ്രായമാണ് ഇന്ത്യയിൽ നേരത്തെ നില നിന്നിരുന്നത്. സംസ്ഥാനത്തിനും കേന്ദ്രത്തിനും വെവ്വേറെ നികുതി. നികുതി അടയ്ക്കുന്നവരേക്കാൾ നികുതിക്ക് പുറത്ത് നിന്നും കാര്യങ്ങൾ നിയന്ത്രിക്കുന്ന വലിയൊരു വിഭാഗം വേറെ. നിമിഷ നേരം കൊണ്ട് അവശ്യ സാധനങ്ങൾക്ക് നിയന്ത്രണാതീതമായി വില കയറുന്നു.
ഇതിനൊക്കെ പുറമേ കച്ചവടക്കാർക്കും കച്ചവടം ആരംഭിക്കാൻ ശ്രമിക്കുന്നവർക്കും മലവെള്ളപ്പാച്ചിൽ പോലെ നികുതി തരുന്ന കഷ്ടകാലവും. രാജ്യത്തിന്റെ വ്യാപാര മേഖല നേരിടുന്ന ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നവണ്ണം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണമാണ് ജിഎസ്ടി. അതായത് ഒരു രാജ്യം ഒരു നികുതി. കശ്മീർ മുതൽ കന്യാകുമാരി വരെ നികുതി സമ്പ്രദായം ഒരേ കുടക്കീഴിലായി മാറുന്ന സാമ്പത്തിക പരിഷ്‌കരണം.
2017ൽ ജിഎസ്ടി നിലവിൽ വന്നതോടെ രാജ്യത്തെ 17 ൽ അധികം പരോക്ഷ നികുതികൾക്കാണ് ഗുഡ്‌ബൈ പറഞ്ഞത്. പിന്നെ നികുതിയുടെ രാജാക്കന്മാരായി വിലസാൻ തുടങ്ങിയത് സിജിഎസ്ജിയും എസ്ജിഎസ്ടിയുമാണ്. അതായത് കേന്ദ്ര ചരക്ക് സേവന നികുതിയും സംസ്ഥാന ചരക്ക് സേവന നികുതിയും. ഉൽപാദന മേഖലയേക്കാൾ ഉപഭോക്തൃ മേഖലയിൽ നിന്നും നികുതി പിരിക്കുന്നതിനാണ് പുതിയ പരിഷ്‌കരണം ഏറെ ശ്രദ്ധ ചെലുത്തിയത്.
നടപ്പിലാക്കിയതിന്റെ ലക്ഷ്യം ?
രാജ്യത്ത് ഒറ്റ നികുതിയാക്കി മാറ്റുക അതായത് ഒരേ സാധനത്തിന് ഒന്നിലധികം നികുതി പിരിച്ചെടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് നികുതികളുടെ ഊരാക്കുടുക്കിൽ നിന്നും വ്യാപാര മേഖലയേയും പൊതു ജനങ്ങളും വീർപ്പു മുട്ടാതെ രക്ഷപെടുത്തുക. നികുതിയുടെ പരിധിയിലേക്ക് അധികമാളുകളെ എത്തിച്ച് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുക, പുത്തൻ സംരംഭകർക്കും വ്യവസായികൾക്കും വ്യാപാര മേഖലയിലെ പ്രതിസന്ധികളിൽ നിന്നും മോചനം നൽകി മികച്ച സാഹചര്യം ഒരുക്കുക തുടങ്ങിയവയായിരുന്നു ജിഎസ്ടി നടപ്പാക്കിയതുകൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത്. എന്നാൽ ഉദ്ദേശിച്ചതിന് പുറമേയുള്ള ഗുണങ്ങളും ഇതിൽ നിന്നും ലഭിച്ചിരുന്നു. വിവിധ നികുതികൾക്ക് പുറമേ കമ്പനികൾ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന പരിപാടിക്കും ജിഎസ്ടി വന്നതോടെ പൂർണമായും തിരശീല വീണു.
സർക്കാരിന് വൻ നഷ്ടമുണ്ടാക്കുന്ന നികുതി വെട്ടിപ്പ് തടയുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഉൽപാദന മേഖലയിൽ നികുതി ഈടാക്കാത്തതുകൊണ്ട് ജിഡിപി വർധിക്കുമെന്നും പ്രതീക്ഷയുണ്ട്. അന്തര സംസ്ഥാന വ്യാപാരം നടക്കുന്ന് വേളയിലെ അമിത നികുതിക്ക് അവസാനം എന്നിവയും ലക്ഷ്യങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവയ്ക്ക് പുറമേ സേവന നികുതി, ചരക്ക് സേവന സർചാർജ്, എക്‌സൈസ്, അഡീഷണൽ എക്‌സൈസ് തീരുവ, വാറ്റ്, വിനോദ നികുതി, സംസ്ഥാന സെസ് തുടങ്ങി നികുതികളുടെ ഒരു നീണ്ട നിരയ്ക്ക് തന്നെ അവസാനമിട്ടാണ് ജിഎസ്ടി കടന്ന് വന്നത്. മാത്രമല്ല ഉൽപന്നങ്ങൾക്ക് 5,12, 18,22 എന്നിങ്ങനെ ജിഎസ്ടി സ്ലാബുകളും നിശ്ചയിച്ചു.
ജിഎസ്ടി പ്രവർത്തനം ആരംഭിച്ചപ്പോൾ
ചെക്ക് പോസ്റ്റുകളിൽ നിറുത്തി കരമടയ്ക്കുന്ന പതിവ് അന്തർസംസ്ഥാന ചരക്ക് ലോറി ജീവനക്കാർക്ക് മാറ്റിക്കൊടുത്തു എന്നത് ജിഎസ്ടിയുടെ പ്രധാന ഗുണമായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ. വിവിധ സംസ്ഥാനങ്ങളിൽ പല നിരക്കിലുള്ള നികുതി എന്നത് ചരക്ക് കയറ്റി വിടുമ്പോൾ വ്യാപാരികൾ അനുഭവിച്ചിരുന്ന തീരാ തലവേദനയായിരുന്നു. നികുതി എന്നത് ഒറ്റ ചങ്ങലയിൽ ഒതുങ്ങിയതോടെ വ്യാപാരം ശരിക്കും ശ്വാസം വിടുകയായിരുന്നു എന്നതാണ് സത്യം. വിപണി മുൻപത്തേക്കാൾ ഉയർന്നു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ വിപണി ആടിയുലയുമെന്ന് പ്രതിപക്ഷം അടക്കം മുറവിളി കൂട്ടിയെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. പക്ഷേ നടത്തിയ രീതിയിൽ അങ്ങിങ്ങ് പാളിച്ചകൾ വന്നു. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപ് ബിജെപി സർക്കാരിന് തന്നെ തിരിച്ചടിയായ നോട്ടു നിരോധനത്തിന്റെ അലയൊലികൾ രാജ്യത്ത് നിന്നും നീങ്ങിയിട്ടില്ലായിരുന്നു.
[BLURB#2-H]ജിഎസ്ടി നടപ്പിലാക്കുമ്പോൾ വില കുറയും എന്ന് പ്രതീക്ഷിച്ചിരുന്ന ടൂത്ത് പേസ്റ്റ് മുതൽ കുപ്പിവെള്ളത്തിന് വരെ നിരക്ക് കുറഞ്ഞില്ലെന്ന് മാത്രമല്ല ചെറിയ തോതിൽ വർധനയുമുണ്ടായി. സംസ്ഥാനങ്ങൾക്കിടയിൽ നിന്നിരുന്ന ചെക്ക് പോസ്റ്റുകൾക്ക് പകരം ഇവേ ബില്ലുകൾ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനം ഇപ്പോഴും കാര്യക്ഷമമല്ല. 2018 ഏപ്രിൽ 1 മുതൽ നടപ്പാക്കിയ ഇവേ ബിൽ ഇഴഞ്ഞാണ് നടപ്പിലാകുന്നത് എന്ന വ്യാപാരികളുടെ പരാതി വേറെ. ജിഎസ്ടി നടപ്പിലാക്കുമ്പോൾ 50,000 രൂപയിൽ അധികം വിലയുള്ള സാധങ്ങൾ ഒരു സ്ഥലത്ത് നിന്നും 10 കിലോ മീറ്ററിലധികം ദൂരെയുള്ള സ്ഥലത്തേക്ക് കൊണ്ടു പോകേണ്ടി വരുന്ന വേളയിൽ ഉപയോഗിക്കുന്ന യാത്രാ രേഖയാണ് ഇ-വേ ബിൽ. ഇന്റർനെറ്റ് മാർഗം ഇ-വേ ബിൽ തയാറാക്കാനുള്ള സജ്ജീകരണങ്ങളുണ്ട്. വാഹനത്തിന്റെ വിവരങ്ങളും മറ്റും ഉൾപ്പെടുത്തിയാണ് ഇ-വേ ബിൽ തയാറാക്കുന്നത്.
ലാഭം സംസ്ഥാനത്തിനോ കേന്ദ്രത്തിനോ ?
ഉൽപാദന കേന്ദ്രത്തിൽ നിന്നും നികുതി പിരിക്കുന്നതിന് പകരമായി ഉപഭോക്തൃ മേഖലയിൽ നിന്നും നികുതി പണം പിരിച്ചെടുക്കുന്ന രീതിയാണ് ജിഎസ്ടി വഴി നടപ്പാക്കിയതെന്ന് നാം പറഞ്ഞല്ലോ. എന്നാൽ ഇത് ലാഭമായിരുന്നോ അതോ നഷ്ടമായിരുന്നോ എന്നാണ് ഇപ്പോൾ ഏവരും തിരിഞ്ഞു നോക്കുന്നത്. ഈ രീതിയിൽ നികുതി പിരിച്ചാൽ സംസ്ഥാനങ്ങൾക്കും അത് വലിയ സഹായമാകുമെന്ന് ഏവരും കരുതി. കേരളം പോലെ വലിയ ഉപഭോക്തൃ സംസ്‌കാരമുള്ള സംസ്ഥാനവും കരുതിയത് മറിച്ചല്ല. 20 ശതമാനത്തിലധികം നികുതി പണം പിരിച്ചെടുക്കാൻ സാധിക്കുമെന്ന് കരുതിയാണ് ജിഎസ്ടി നടപ്പിലാക്കിയതെങ്കിലും കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിച്ചത്. വാറ്റ് നികുതി ഇനത്തിൽ പിരിച്ചെടുത്ത തുകയുടെ അടുത്ത് പോലും ഇത് എത്തിയില്ല.
ഇതിനാൽ തന്നെ ജിഎസ്ടി വഴി ഓരോ സംസ്ഥാനങ്ങൾക്കും എന്ത് ലാഭമുണ്ടായി എന്ന് ചോദിച്ചാൽ കൈമലർത്തേണ്ടി വരുന്ന അവസ്ഥയാണ് കേന്ദ്ര സർക്കാരിന്. വാറ്റിൽ നിന്നും ജിഎസ്ടിയിലേക്ക് മാറുന്ന അവസരത്തിൽ ഉണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. എന്നാൽ ഇത് അഞ്ചു വർഷത്തേക്ക് മാത്രമേ ഉണ്ടാകൂ. 2019 പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആർക്ക് ഭരണം ലഭിച്ചാലും ജിഎസ്ടി ബാധ്യത അവർ തന്നെ തുടരുകയും ചെയ്യണം. ഇതിൽ ഏതെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് കണ്ട് തന്നെ അറിയാം. 7.41 ലക്ഷം കോടി രൂപയാണ് ജിഎസ്ടി നടപ്പാക്കി ആദ്യ വർഷം ലഭിച്ചത്. ജിഎസ്ടി സെസ് ഫണ്ടിൽ 20,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. ഈ പണം കൊണ്ട് നഷ്ടം നികത്താമെന്ന കണക്ക് കൂട്ടലിലാണ് കേന്ദ്രം. മാത്രമല്ല ഇപ്പോഴുള്ള സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് 60,000 കോടിയിലധികം രൂപ നഷ്ടപരിഹാര സെസായി സ്വരൂപരിക്കാനും സർക്കാർ ഊർജിതമായി ശ്രമിക്കുകയാണ്.
[BLURB#3-VR]ജിഎസ്ടി മൂലുമുണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ മുൻപ് ശേഖരിച്ച തുക പര്യാപ്തമല്ല എന്ന് കരുതിയാകാം ഇത്. ഇതിനിടയിലും ചർച്ചാ വിഷയമാകുന്നത് ജിഎസ്ടി വരുത്തി വച്ച ആശയക്കുഴപ്പങ്ങളാണ്. ഭക്ഷണത്തിന്റെ ബിൽ ലഭിച്ചാൽ എന്തൊക്കെ കാര്യത്തിനാണ് പണം പിടിച്ചിരിക്കുന്നതെന്നും നികുതി തുക എങ്ങനെ ഇത്രയധികം വന്നതെന്നും ഏവരും സംശയിച്ച് പോകുന്നു. രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള മദ്യവും പെട്രോളും ജിഎസ്ടിക്ക് പുറത്താണെന്നുള്ളതും ഈ ഒരൊറ്റ കാരണം കൊണ്ട് സംസ്ഥാനങ്ങൾക്ക് മികച്ച നേട്ടം കൊയ്യാൻ സാധിക്കുന്നുണ്ടെന്നും നാം ഓർക്കണം. അഥവാ പെട്രോളിന് ജിഎസ്ടി വന്നാലും നിരക്ക് കുറയില്ല എന്നത് മറ്റൊരു സത്യം. എന്നാൽ ജനങ്ങൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾക്ക് ജിഎസ്ടിയും മദ്യം പോലുള്ളവയ്ക്ക് അതില്ലാത്തതും ഈ സാമ്പത്തിക പരിഷ്‌കരണത്തിന്് പിന്നാലെ സർക്കാരിനെ ജനം വെറുക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീക്കി.
മുന്നിൽ ചോദ്യചിഹ്നമോ ?
ജിഎസ്ടി എന്നത് കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ കൊണ്ടു വന്ന ആശയമാണെങ്കിലും നടപ്പിലാക്കിയത് മോദി സർക്കാരാണ്. എന്നാൽ ഇതിനെതിരെ വിമർശനമുയർത്തുന്നവർ പറയുന്ന ന്യായം എന്നാണെന്ന് വച്ചാൽ ശരിയായ മുൻകരുതലെടുത്തല്ല ജിഎസ്ടി നടപ്പിലാക്കിയത് എന്നാണ്. സാമ്പത്തികമായി അനുകൂല അന്തരീക്ഷം ഒരുക്കി മാറ്റം കൊണ്ടു വരേണ്ടതിന് പകരം തിടുക്കം കൂട്ടി നടപ്പിലാക്കുകയും വ്യാപാര മേഖലയെ ശരിക്കും പഠിക്കാതെയും ജനങ്ങളെ ജിഎസ്ടി എന്തെന്ന് മനസിലാക്കി കൊടുക്കാൻ സർക്കാരിന് സാധിച്ചില്ല. ഇനി അവസാനമായി ചില കണക്ക് കൂടിനോക്കാം. രാജ്യത്ത് ഇതു വരെ പിരിച്ചെടുത്ത ഒരു ലക്ഷം കോടി ജിഎസ്ടി തുകയിൽ 16,464 കോടി രൂപ സിജിഎസ്ടിയും, 22,286 കോടി രൂപ എസ്ജിഎസ്ടിയും 26,908 കോടി രൂപ ഐജിഎസ്ടിയുമാണ്.
സെസ് ആയി 955 കോടിയും ഇറക്കുമതി നികുതി അടക്കം 8000 കോടി പിരിച്ചെടുക്കുകയും ചെയ്തു. 44 ശതമാനം പിരിവ് രേഖപ്പെടുത്തി കേരളം ഒന്നാമതെത്തി. എന്നാൽ ഒരു സംഗതിയുണ്ട്. കൈയിൽ കാശുള്ളതുകൊണ്ടും മികച്ച ഉപഭോക്തൃ സംസ്‌കാരം ഉള്ളതുകൊണ്ടും മാത്രമാണ് കേരളത്തിന് ഈ നേട്ടം കൊയ്യാൻ സാധിച്ചത്. കൂടുതൽ പണം കേന്ദ്രത്തിന് പോകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന സംസഥാന വിഹിതം എന്തെന്ന് ഊഹിക്കാമല്ലോ പ്രത്യേകിച്ച് നിലവിലുള്ള കേന്ദ്ര-സംസ്ഥാന ബന്ധം വച്ച്. സാധനങ്ങൾക്ക് വില കൂടുമ്പോഴും ജിഎസ്ടി പെരുകുമ്പോഴും നികുതി കൂടുതൽ ലഭിക്കുമെന്നത് സത്യം തന്നെ.
എന്നാൽ അതിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരംശം ഉൽപാദന മേഖലയിൽ നിക്ഷേപിച്ച് ഉൽപാദനവും വർധിപ്പിച്ചാൽ സാധനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ഒരു ഉപഭോക്താവ് കൊടുക്കുന്ന തുകയുടെ അളവ് കുറയ്ക്കുകയും ചെയ്യാം. കയറ്റുമതിയും അന്തർസംസ്ഥാന തലത്തിൽ വ്യാപാരം സുഗമമാക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള യുക്തി പൂർണ്ണമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നടപ്പിലാക്കിയ രീതിയെ വിമർശിക്കുന്ന സാമ്പത്തിക വിദഗ്ധരും പറയുന്നത് അത് തന്നെ. അത് മനസിലാക്കി പ്രവർത്തിക്കുന്ന ദിനങ്ങളാകട്ടെ സർക്കാരിന് ഇനി മുന്നിൽ വരുന്നത്....