ന്യൂഡൽഹി: ഓർഡർ എടുക്കുന്ന ഭക്ഷണശാലകൾക്ക് പകരം, ഇനിമുതൽ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളിൽ നിന്ന് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. വെള്ളിയാഴ്ച ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാനാണ് കൗൺസിൽ തീരുമാനം. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികൾ ഇനി ജിഎസ് ടി നികുതി അടക്കണം. 2022 ജനുവരി 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും.


ഇ-കൊമേഴ്‌സ് കമ്പനികൾക്ക് സോഫ്ട് വെയർ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്. പല ഹോട്ടലുകളും ജി എസ് ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്‌മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഭക്ഷണ വിതരണ ആപ്പുകളിൽനിന്ന് പുതിയ നികുതികൾ ഒന്നും ഈടാക്കുന്നില്ലെന്നും ജി.എസ്.ടി. ഈടാക്കുന്ന കേന്ദ്രം മാറുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും റെവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കി. നിലവിൽ റസ്റ്റോറന്റുകളാണ് നികുതി നൽകുന്നത്. അത് മാറുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി 12 ൽ നിന്ന് 5 ശതമാനമായും കുറച്ചിട്ടുണ്ട്. കോവിഡ് മരുന്നുകൾക്ക് നൽകിയിരുന്ന ഇളവ് ജിഎസ്ടി കൗൺസിൽ ഡിസംബർ 31 വരെ നീട്ടി.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന വിഷയം ചർച്ച ചെയ്യുന്നത് ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് പുതിയ റെക്കോർഡ് തീർക്കുന്ന സാഹചര്യത്തിൽ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില കുറക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നാൽ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലൊടിക്കുന്ന തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ കൗൺസിലിൽ ഒറ്റക്കെട്ടായി നിലപാടെടുത്തു. വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമായിട്ടില്ലെന്ന് വിലയിരുത്തിയ ജിഎസ്ടി കൗൺസിൽ വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിഷയം പരിഗണനയിൽ വന്നത്.