തിരുവനന്തപുരം: കല്യാണം കഴിക്കാൻ റെഡിയാണോ എന്നു ചോദിച്ചാൽ ചാടിക്കയറി ഇനി യെസ് പറയേണ്ട, ഒന്നു കൂടി ആലോചിച്ചിട്ടു മതി കാര്യങ്ങൾ. ഏതോ വലുതു വരാനിരുന്നതാ അതു കല്യാണം കൊണ്ടു മാറി എന്ന് ആശ്വസിക്കുന്ന പോലെയാണ് കാര്യങ്ങളുടെ പോക്ക്.

കല്യാണം കഴിക്കാത്തവരുടെയുടെയും വീട്ടുകാരുടേയും പോക്കറ്റിൽ തീ കോരിയിട്ടിരിക്കുകയാണ് പുതിയ നികുതി പരിഷ്‌ക്കാരം. പെണ്ണു കാണാൻ വന്നത് പരിഷ്‌ക്കാരിയാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പണ്ട് കോട്ടയം കുഞ്ഞച്ചനെക്കൊണ്ടു പറയിച്ച പോലെയായി മോദി സർക്കാരിന്റെ ജിഎസ്ടി പരിഷ്‌ക്കാരം. പലവുരു പറഞ്ഞു കേട്ട ജിഎസ്ടി അവതരിച്ചപ്പോൾ ഇത്രമേൽ കല്യാണം കലക്കിയാവുമെന്ന് ഒരിക്കലും കരുതിയില്ല.

ലോകത്തെ വലിയ വിപണികളിലൊന്നാണ് ഇന്ത്യൻ വിവാഹ വിപണി. പട്ടും പൊന്നും മുതൽ സദ്യയും പന്തലും ഹണിമൂൺട്രിപ്പും ഉൾപ്പടെ കോടികളാണ് പ്രതിവർഷം ഈ വിപണിയിൽ മറിയുന്നത്. ശരാശരി 25-30 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തുന്ന വിപണി ഒരു ലക്ഷം കോടിയുടേതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വൻകമ്പോളത്തിൽ 10-15 ശതമാനം വർദ്ധനവാണ് ജി എസ് ടി വരുത്തിയിരിക്കുന്നത്.

പട്ടിനും പൊന്നിനും ചമയത്തിനുമെല്ലാം വിലകൂടിയത് പ്രത്യക്ഷമായ മാറ്റമാണ് . പക്ഷേ നികുതി ഇല്ലാതിരുന്ന പല പരോക്ഷ മേഖലയിലും ജി എസ് ടി കടന്നു വന്നതാണ് ചെലവു കൂട്ടുന്നത്. കല്യാണ ഓഡിറ്റോറിയങ്ങളുടെ പ്രതീക്ഷിച്ച പോലെ കുറയുകയല്ല ഉണ്ടായത്. മിക്കയിടത്തും 15ശതമാനം വാടക കൂടി . സദ്യയ്ക്കും നികുതി വന്നു. ബ്രൈഡൽ മേക്കപ്പിനും ചെരുപ്പിനും ഫോട്ടോയ്ക്കും വീഡിയോയ്ക്കും പന്തലിനും ജി എഎസ്ടി വന്നതോടെ പ്രായം തികഞ്ഞ മക്കളുള്ള വീട് അക്ഷരാർത്ഥത്തിൽ അച്ഛനുറങ്ങാത്ത വീടായി

ബ്രൈഡൽ മേക്കപ്പിനു രണ്ടു തരത്തിൽ വില കൂടിയത് . സൗന്ദര്യ വർധക ഉൽപന്നങ്ങൾക്കുള്ള നികുതി 12.5 ശതമാനത്തിൽ നിന്ന് 28 ശതമാനമായതോടെ ഉൽപന്നങ്ങളുടെ വില കൂടി. ഇതോടൊപ്പം മേക്കപ്, ഹെയർ ഡ്രെസിങ് തുടങ്ങിയ ബ്യൂട്ടി പാർലറുകളിലെ സേവനങ്ങളുടെ നികുതി 18 ആയി. മൂന്നു ശതമാനം വർദ്ധനവാണ് ജി എസ് ടി വരുത്തിയത്

കല്യാണ വസ്ത്രങ്ങളുടെ വിലയും കൂടി . 1000 രൂപയ്ക്കു മുകളിലുള്ള വസ്ത്രൾക്കെല്ലാം നികുതി നിരക്ക് കൂട്ടി. 12 ശതമാനമാണിപ്പോൾ. 1000 രൂപയ്ക്കു മുകളിലുള്ള സാരി, ചുരിദാർ, കുർത്ത തുടങ്ങിയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്കെല്ലാം ഇതോടെ വിലകൂടി. വരനും വധുവിനും മാത്രമല്ല ബന്ധുക്കൾക്കും കൂടി വസ്ത്രമെടുക്കുമ്പോൾ കാശു പോകുന്ന വഴി അറിയില്ലെന്ന സ്ഥിതിയിലായി. സിന്തറ്റിക്, കൈത്തറി നൂലുകൾക്ക് 18 ശതമാനമാണ് ജിഎസ്ടി. ബ്രാൻഡഡ് വസ്ത്രങ്ങൾക്കു വില കൂടിയതോടെ വരന്റെ വസ്ത്രത്തിനും കാര്യമായ വിലക്കയറ്റമുണ്ട്. 500 രൂപയ്ക്കു മുകളിലുള്ള ചെരുപ്പുകൾക്കും നികുതി ബാധകമാണ്. 18 ശതമാനമാണ് ചെരുപ്പുകളുടെ നികുതി. വധുവിന്റെ കല്യാണച്ചെരുപ്പിനും വരന്റെ കല്യാണ ഷൂവിനും വില കൂടാനുള്ള കാരണം ഇതാണ്.

കല്യാണ വിഡിയോയും ഫോട്ടോയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറെയാണ് ഏൽപ്പിക്കുന്നതെങ്കിൽ ജിഎസ്ടിയെപ്പറ്റി ചിന്തിക്കുകയേ വേണ്ട. കാരണം 20 ലക്ഷത്തിലധികം വാർഷിക വിറ്റുവരവുള്ളവർ മാത്രമേ ജിഎസ്ടി പരിധിയിൽ വരുന്നുള്ളു. എന്നാൽ കല്യാണഫൊട്ടോഗ്രഫർമാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമാണെങ്കിൽ നികുതിയടയ്‌ക്കേണ്ടി വരും . ജിഎസ്ടിയിൽ കല്യാണ ഓഡിറ്റോറിയങ്ങളുടെ നികുതി 18 ശതമാനമാണ്. നേരത്ത എസി ഹാളുകൾക്ക് 10.5 ശതമാനം സർവീസ് ചാർജും 20 % ആഡംബര നികുതിയും നൽകണമായിരുന്നു. ആകെ 30.5% ആയിരുന്ന നികുതി 18% ആയി കുറഞ്ഞു. കണക്കുകളിൽ ഇങ്ങനെയാണെങ്കിലും ഒരിടത്തും വാടക കുറഞ്ഞില്ല. പഴയ വാടകയിൽ ജി എസ്ടി കൂടി കൂട്ടിയ റേറ്റിലാണ് ഇപ്പോൾ ബുക്കു ചെയ്യപ്പെടുന്നത്.

ഓഡിറ്റോറിയവും കേറ്ററിങ്ങും ചേർന്നുള്ള സർവീസിന് 18 ശതമാനമാണ് നികുതി. കേറ്ററിങ് സർവീസിന് 10.5% സർവീസ് ചാർജ് ഈടാക്കിയിരുന്നത് 18 ശതമാനമായി ഉയർന്നു. കല്യാണയാത്രകൾക്കുള്ള ചെലവിൽ നേരിയ ആശ്വാസമുണ്ടാകും. റെന്റ് എ കാർ, ടാക്‌സി കാർ എന്നിവയുടെ നിരക്കിൽ ഒരു ശതമാനം ഇളവു വന്നു. ആറു ശതമാനമായിരുന്ന നികുതി അഞ്ചായി കുറഞ്ഞിട്ടുണ്ട്. ഇതുമാത്രമാണ് ആശ്വാസം

ഇതെല്ലാം സഹിച്ച് കല്യാണത്തിനു ശേഷം മധുവിധു യാത്ര അത്യാഡംബരമാക്കിയാൽ പോക്കറ്റ് വേഗം കാലിയാകും. പക്ഷേ ഇക്കണോമി ക്ലാസിൽ പറക്കാനാണു പദ്ധതിയെങ്കിൽ ടിക്കറ്റ് നിരക്കു കുറയും. ഇവിടെ 7500 രൂപയ്ക്കു താഴെ വാടകയുള്ള ഹോട്ടലിലാണു താമസമെങ്കിൽ ബില്ലിൽ നേരിയ ഇളവു ലഭിക്കും.