കൊച്ചി: സംസ്ഥാന ചരക്ക്, സേവന നികുതിവകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്നപേരിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിലൂടെ 4.08 കോടിയുടെ നികുതിനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. നികുതി വെട്ടിപ്പ് നടത്തിയ ഹോട്ടലുകളുടെ പേരുവിവരങ്ങൾ പക്ഷേ ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഈ ഹോട്ടലുകളുടെ വിവരങ്ങൾ മറുനാടൻ പുറത്ത് വിടുകയാണ്.

സംസം റെസ്റ്റൊറന്റ് തിരുവനന്തപുരം, സംസം മിനി ബഡ്ജറ്റ് നന്ദൻകോട്, സംസം ബൺ കഫേ പാളയം, സംസം ഐസ് ഫ്രൂട്ട്സ് പാളയം, സംസം ദോശാ ഹട്ട് നന്ദൻകോട്, സംസം റെസ്റ്റൊറന്റ് ഹീരാ ഇൻഫോ സിറ്റി കഴക്കൂട്ടം, സംസം റെസ്റ്റൊറന്റ് നന്ദൻകോട്, സംസം എലഗൻസ് പാളയം, കിങ്സ് റെസ്റ്റൊറന്റ് തിരുവനന്തപുരം, ലെ ചിക്ക് - ദ് ഫുഡ് ഹബ്ബ് വടക്കേവിള കൊല്ലം, ഹയാത്ത് റെസ്റ്റൊറന്റ് പള്ളിമുക്ക് കൊല്ലം, ആദിത്യാ ഹോട്ടൽ ആൻഡ് കാറ്ററിങ് സർവ്വീസ് ആലപ്പുഴ, ആദിത്യാ റെസ്റ്റൊറന്റ് നങ്ങ്യാർകുളങ്ങര ഹരിപ്പാട്, ആദിത്യാ റെസ്റ്റൊറന്റ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഹരിപ്പാട്, മൂപ്പൻസ് റെസ്റ്റൊറന്റ് ഏറ്റുമാനൂർ കോട്ടയം, ഫിൽ-ഫിൽ ഫാമിലി റെസ്റ്റൊറന്റ് അടൂർ പത്തനംതിട്ട, ബ്രദേഴ്സ് ഹോട്ടൽ സുതലക്കോടം തൊടുപുഴ, ഹോട്ടൽ അൽ റീം തമ്മനം എറണാകുളം, ഹോട്ടൽ അൽ റീം കത്രിക്കടവ് എറണാകുളം, ഹോട്ടൽ അൽ റീം നെടുംമ്പാശ്ശേരി, ഹോട്ടൽ അൽ റീം ഇടപ്പള്ളി, കായീസ് റെസ്റ്റൊറന്റ്(റഹ്‌മത്ത്) എറണാകുളം, റൗണ്ട് ദ് ഗ്ലോബൽ ഡിന്നർ തൃശൂർ, അമീർ ഫുഡ്സ് സ്പൂൺ ടവർ തൃശൂർ, വീനസ് ഹോട്ടൽ ഇരിങ്ങാലക്കുട, വീനസ് ഹോട്ടൽ വെള്ളാങ്കല്ലൂർ തൃശൂർ, അലങ്കാർ റെസ്റ്റൊറന്റ് തൃശൂർ, നളന്ദാ ഹോട്ടൽ പാലക്കാട്, ന്യൂ കാരവൻസ് ഫുഡ് കോർട്ട് കോട്ടയ്ക്കൽ, ജയാ മെയ്ഫ്ളവർ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ചാലപ്പുറം കോഴിക്കോട്, ദ് ലൈറ്റ് ഹൗസ് ഒളവണ്ണ കോഴിക്കോട്, ഹോട്ടൽ ഒഥേൻസ് കണ്ണൂർ എന്നീ ഹോട്ടലുകളാണ് വൻ നികുതി വെട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 29 ന് വൈകിട്ട് 7:30 മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 32 ഹോട്ടലുകളിൽ നടത്തിയ ജി.എസ്.ടി വകുപ്പിന്റെ പരിശോധന 30 ന് രാവിലെ ആറ് മണിയോടെയാണ് പൂർത്തിയായത്. പരിശോധനയിൽ സ്റ്റേറ്റ് ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെയും ഇന്റലിജൻസ് സ്‌ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഹോട്ടലുകളും റെസ്റ്റോന്റുകളും ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നു എന്ന പരാതി പല കേന്ദ്രങ്ങളിൽ നിന്നും കുറെനാളുകളായി ഉയർന്നു വരുന്നതാണ്. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട അന്വേഷണം രഹസ്യമായി നടത്തിവരികയായിരുന്നു. തുടർന്നാണ് നികുതിവെട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുമായി 32 സ്ഥാപനങ്ങളെ പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്.

ഇത്തരം സ്ഥാപനങ്ങൾ അവരുടെ കണക്കുകളോ ബില്ലുകളോ ഒരു ദിവസത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി ബില്ലുകൾ സ്ഥാപനത്തിൽ നിന്നും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്ന പേരിൽ രാത്രികാല പരിശോധനയ്ക്കായി ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ എത്തിയത്. ഹോട്ടലുകളിലെ ഒരു ദിവസത്തെ യഥാർത്ഥ വിറ്റുവരവിനെ അവർ റിട്ടേണിൽ കാണിക്കുന്ന ടേണോവറുമായി താരതമ്യം ചെയ്തു നികുതി വെട്ടിപ്പിന്റെ തോതും വ്യാപ്തിയും കണ്ടെത്തുക എന്ന സമീപനമാണ് വകുപ്പ് പരിശോധനയിൽ കൈകൊണ്ടത്.

യഥാർത്ഥ വിറ്റുവരവ് കുറച്ചു കാണിച്ചും, രജിസ്ട്രേഷൻ പോലുമില്ലാതെ ബിസിനസ് നടത്തിയും, റിട്ടേണുകൾ ഫയൽ ചെയ്യാതെയിരുന്നുമാണ് പല ഹോട്ടലുകളും നികുതിവെട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം നികുതി വെട്ടിപ്പിന്റെ തെളിവുകൾ പരിശോധനയിൽ പുറത്തുവന്നിട്ടുണ്ട്. ഉപഭോക്താവിന്റെ കയ്യിൽ നിന്നും പിരിച്ച ജി.എസ്.ടി സർക്കാരിൽ അടയ്ക്കാതെ പലരും നികുതിവെട്ടിപ്പ് നടത്തിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പ്രതിവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും ജി.എസ്.ടി നിയമപ്രകാരം രജിസ്ട്രേഷൻ എടുത്ത് റിട്ടേൺ ഫയൽ ചെയ്തു അഞ്ചു ശതമാനം നികുതി അടയ്ക്കാൻ നിയമപരമായി ബാധ്യതയുള്ളവരാണ്. അതായത് വർഷം 365 ദിവസം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ ശരാശരി ഒരു ദിവസം 5,479 രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ ഈ സ്ഥാപനം രജിസ്ട്രേഷൻ എടുത്ത് നികുതി അടയ്ക്കാൻ നിയമപരമായി നിർബന്ധിതമാണ് എന്ന് അർത്ഥം. ഇപ്രകാരം നികുതി വലയത്തിൽ ഉൾപ്പെടാതെ തെറ്റായ കണക്കുകൾ കാണിച്ച് നിയമപരമായ ബാധ്യതകൾ നിറവേറ്റാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കാനും, നികുതിവെട്ടിപ്പുകാർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളാനുമണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഹോട്ടലുകളിലെ സെർച്ചും പരിശോധനകളും വരും ദിവസങ്ങളിലും തുടരും.

ജോയന്റ് കമ്മിഷണർ (ഐ.ബി.) സാജു നമ്പാടൻ, ഡെപ്യൂട്ടി കമ്മിഷണർ (ഐ.ബി.) വിൻസ്റ്റൺ, ജോൺസൺ ചാക്കോ, മധു എൻ. പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ജി.എസ്.ടി. ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെയും ഇന്റലിജൻസ് സ്‌ക്വാഡുകളിലെയും ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.