- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022 ജൂൺ മാസത്തോടെ ജി എസ് ടി നഷ്ടപരിഹാരപദ്ധതി നിലയ്ക്കും; കടമെടുത്ത് മുമ്പോട്ട് പോകുന്ന കേരളത്തെ കാത്തിരിക്കുന്നത് വമ്പൻ പ്രതിസന്ധി; ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താൻ നീക്കം തകൃതി; ശമ്പളവും പെൻഷനുമെല്ലാം മുടങ്ങാൻ സാധ്യത; കെ റെയിൽ ചർച്ചാ കാലത്തെ യാഥാർത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം കൂടി ഇല്ലാതാകുന്നതോടെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. 2022 ജൂൺ മാസത്തോടെയാണ് നഷ്ടപരിഹാരപദ്ധതി നിലയ്ക്കുന്നത്. കെ റെയിൽ പദ്ധതി അടക്കമുള്ള വമ്പൻ വികസന സ്വപ്‌നങ്ങളുമായി മുമ്പോട്ട് പോകുന്ന സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാകും ജി എസ് ടി നഷ്ടപരിഹാരം ഇല്ലാതാകുന്ന അവസ്ഥ. ഇതോടെ വരുമാനത്തിൽ വലിയ കുറവ് വരും. ശമ്പളവും പെൻഷനും പോലും മുടങ്ങും. ഇപ്പോൾ തന്നെ ലോണെടുത്താണ് ശമ്പളവും പെൻഷനുമെല്ലാം കേരളം നൽകുന്നത്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ചില അടിയന്തര നടപടികൾ സർക്കാർ എടുക്കുന്നുണ്ട്.
2017ൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ കേരളത്തിന് ഈ നികുതി വ്യവസ്ഥ തിരിച്ചടിയിലായി. വരുമാനം കുറഞ്ഞു. നഷ്ടപരിഹാരം കേന്ദ്രം നൽകുന്നതു കൊണ്ടാണ് പിടിച്ചു നിന്നത്. അത് ഇല്ലാതാകുമ്പോൾ വലിയ പ്രതിസന്ധിയാകും. വികസനവും താളം തെറ്റും. അഞ്ചുവർഷമായി ജി.എസ്.ടി വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. ഇപ്പോൾ അതിനുള്ള നടപടികൾ സജീവമാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള കാലാവധി അവസാനിക്കുമ്പോൾ പുനഃസംഘടന പൂർത്തിയാക്കുകയെന്നതാണ് വകുപ്പിന്റെ നിലപാട്. ഇതിനുള്ള മാർഗരേഖകൾ രൂപീകരിച്ച് ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
രണ്ടു തലത്തിലുള്ള പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ജീവനക്കാരെയും ഓഫീസ് പ്രവർത്തനങ്ങളേയും കൂടുതൽ കാര്യക്ഷമമാക്കുകയെന്നതിനൊപ്പം നികുതിദായകർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുകയെന്നതുമാണ് തന്ത്രം. ഇതിലൂടെ നികുതിചോർച്ച തടയുന്നതിനുള്ള നടപടികളാണ് ലക്ഷ്യമാക്കുന്നത്. അസസ്മെന്റിനോടൊപ്പം ഓഡിറ്റ് സംവിധാനവും ശക്തമാക്കുമെന്നും വകുപ്പിന്റെ രേഖ വ്യക്തമാക്കുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ തന്നെ ജി.എസ്.ടി വകുപ്പിൽ ഓഡിറ്റ് ഓഫീസുകൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. കുറഞ്ഞത് 50 ഓഡിറ്റ് ഓഫീസുകളെങ്കിലും രൂപീകരിക്കണമെന്ന് ധനവകുപ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള ഒരു നടപടികളും പിന്നീട് ആരംഭിച്ചിട്ടുമില്ല. നികുതിചോർച്ച തടയണമെങ്കിൽ ഓഡിറ്റ് ഓഫീസുകൾ അനിവാര്യമാണ്. ഇതിനാകും ഇനി സർക്കാരിന്റെ ശ്രമം.
ഒരു ഓഡിറ്റ് ഓഫീസിൽ അഞ്ചുമുതൽ ആറുവരെ അംഗങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. അഞ്ചുവർഷത്തെ പരിധിയിൽ വരുന്ന വലിയ അസസ്മെന്റുകൾഈ ടീം 15 ദിവസം കൊണ്ട് ഓഡിറ്റ് ചെയ്ത് പൂർത്തിയാക്കണം. നികുതി തട്ടിപ്പ് തടയുന്നതിനായി ജോയിന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഇന്റലിജന്റ്സ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ രൂപീകരിക്കും. ഈ സംഘങ്ങൾ വാഹനപരിശോധനയും ഇ-വേ ബിൽ പരിശോധനയും നടത്തും. എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളെ മൂന്ന് മേഖലയിൽ വിന്യസിപ്പിക്കും.
കേന്ദ്ര ധനമന്ത്രി അധ്യക്ഷയും കേന്ദ്രധനവകുപ്പിലെ സഹമന്ത്രിയും സംസ്ഥാന ഗവൺമെന്റുകൾ നാമനിർദ്ദേശം ചെയ്യുന്ന സംസ്ഥാന മന്ത്രിമാരും ഉൾപ്പെടുന്ന 33 അംഗ കൗൺസിലാണ് ജി.എസ്.ടി.യുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അവരുടെ പരോക്ഷ നികുതികളുടെ ബഹുഭൂരിപക്ഷവും ലയിപ്പിച്ച് ജി.എസ്.ടി.യ്ക്ക് രൂപം നൽകിയപ്പോൾ കരുതിയത് പരോക്ഷ നികുതി വരുമാനത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.
2015-16 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി ആവർഷം ഓരോ സംസ്ഥാനത്തിനും ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതികളിൽനിന്ന് ലഭിച്ച മൊത്തംവരുമാനം എത്രയാണോ അതിനേക്കാൾ ഓരോവർഷവും ഓരോസംസ്ഥാനത്തിനും ഏറ്റവും കുറഞ്ഞത് 14 ശതമാനം വർധനവ് ജി.എസ്.ടി.യിൽ ഉണ്ടാവണമെന്നും അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ കുറവ് വന്ന തുക സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി 2022 ജൂൺ 30 വരെയുള്ള അഞ്ചുവർഷക്കാലം നൽകണമെന്ന് 2017 ഏപ്രിൽ മാസത്തിൽ പാസാക്കിയ ചരക്കു സേവന നികുതി (സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം) നിയമത്തിൽ പറയുന്നുണ്ട്. ഇതാണ് അവസാനിക്കാൻ പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ