മുൻനിര ലോകരാജ്യങ്ങളിലെല്ലാം വിജയകരമായി നടപ്പിലായ ചരക്കുസേവന നികുതി സമ്പ്രദായം ഇന്ത്യയിൽ അടുത്ത വർഷം ഏപ്രിൽമുതൽ നടപ്പിലാക്കുന്നതിന് അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുമ്പോൾ ഏറ്റവും ആശ്വാസമാകുന്നത് രാജ്യത്തെ സാധാരണക്കാർക്കുതന്നെ. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് തന്നെയാകും ജിഎസ്ടി അഥവാ ചരക്കുസേവന നികുതി സമ്പ്രദായം നടപ്പിൽ വരുന്നതിൽ നിന്നുള്ള നേട്ടങ്ങളേറെയുമെന്ന് ഇവിടത്തെ സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.

രാജ്യത്തെ സംസ്ഥാന ധനമന്ത്രിമാരും വിദഗ്ധരും പങ്കെടുക്കുന്ന അന്തിമഘട്ട ചർച്ച ഡൽഹിയിൽ പുരോഗമിക്കുമ്പോൾ ഉൽപന്നങ്ങളുടെ ഇനംതിരിച്ച് ഓരോ സഌബിനും നികുതി എത്രയായിരിക്കണമെന്ന കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. നികുതിപിരിവിലെ അഴിമതിയും തട്ടിപ്പുകളും വലിയൊരളവിൽ ഇല്ലാതാകുമെന്നതിനാൽ ദശാബ്ദങ്ങളായി രാജ്യം കാത്തിരിക്കുന്ന നികുതി നിർണയ സമ്പ്രദായമാണ് നടപ്പിൽ വരാൻ പോകുന്നത്.

ഏറെക്കാലമായി നടന്ന ചർച്ചകളുടേയും വിട്ടുവീഴ്ചകളുടേയും ഫലമായാണ് പാർലമെന്റിൽ എഐഎഡിഎംകെ ഒഴികെയുള്ള എല്ലാ കക്ഷികളുടെയും പിന്തുണയോടെ ബിൽ മോദി സർക്കാരിന് പാസാക്കിയെടുക്കാൻ കഴിഞ്ഞത്.

ചരക്കുകളുടേയും സേവനങ്ങളുടെയും ഉൽപാദനം, വിപണനം ഉപഭോഗം എന്നീ മേഖലകളിൽ ചുമത്തപ്പെടുന്ന ജിഎസ്ടിക്കുവേണ്ടി രണ്ടായിരാമാണ്ടിൽ വാജ്‌പേയി സർക്കാരിന്റെ കാലത്തുതന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പതിനേഴു വർഷങ്ങൾ നീണ്ട ചർച്ചകളുടേയും സമവായങ്ങളുടേയും ഫലമായാണ് ഇപ്പോൾ ഈ ആശയം മറ്റൊരു ബിജെപി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ നടപ്പാവുന്നത്.

രാജ്യം സ്വതന്ത്രമായതിനുശേഷം നടപ്പിലാകുന്ന ഏറ്റവുംവലിയ നികുതിസമ്പ്രദായ പരിഷ്‌കരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ജിഎസ്ടിയെ വിശേഷിപ്പിക്കുന്നത്. ജിഎസ്ടി പ്രകാരം നികുതി ചുമത്തേണ്ട സഌബുകൾ തീരുമാനിക്കപ്പെട്ടതോടെ ഏതൊക്കെ സാധനങ്ങൾക്ക് വിലകൂടുമെന്നും ഏതിനെല്ലാം കുറയുമെന്നുമെല്ലാമുള്ള ഏകദേശ ധാരണയായിക്കഴിഞ്ഞു.

സാധാരണക്കാരുടെ കീശയിൽ കാര്യമായി കയ്യിടാതെ ആഡംബരാവശ്യങ്ങൾക്ക് പണംചെലവിടുന്നവരെ പിടികൂടി സർക്കാർ ഖജനാവ് പുഷ്ടിപ്പെടുത്തുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ രാജ്യത്ത് വിലക്കയറ്റത്തിന് വൻ കുറവുണ്ടാവുമെന്ന ധാരണ ഇപ്പോഴേ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. അവശ്യസാധനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നികുതി നിർണയിക്കപ്പെട്ടതോടെയാണ് ഇത് സാധ്യമായത്.

ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റു ഭക്ഷ്യവസ്തുക്കൾക്ക് അഞ്ചുശതമാനം നികുതി മാത്രം

നാലു സ്ലാബുകളാണ് വിവിധ വസ്തുക്കൾക്കായി നികുതി ചുമത്തുന്നതിന് നിർണയിച്ചിട്ടുള്ളത്. അഞ്ച്, 12, 18, 28 ശതമാനം നികുതികളിലാണ് സഌബുകൾ. ഭക്ഷ്യധാന്യങ്ങളെ നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ഭക്ഷ്യഎണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളെയെല്ലാം അഞ്ചുശതമാനം കുറഞ്ഞ നികുതി ഈടാക്കുന്ന സഌബിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ സാധാരണക്കാർക്ക് ഏറ്റവും ഗുണംചെയ്യുന്ന നികുതി സമ്പ്രദായമാണ് വരാൻ പോകുന്നതെന്ന പ്രഖ്യാപനം കൂടിയായി അത്. വിലക്കയറ്റത്തിന് വലിയൊരളവിൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ കഴിയുമെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

ഏല്ലാ സേവനങ്ങളെയും ചില ചരക്കുകളേയും 12 ശതമാനം, 18 ശതമാനം എന്നീ സഌബുകളുടെ പരിധികളിൽ ഉൾപ്പെടുത്തി. സോഡ മുതലുള്ള പാനീയങ്ങൾക്കും ആഡംബര കാറുകൾ, മദ്യം, പുകയില തുടങ്ങി അവശ്യവസ്തുക്കളല്ലാത്ത മറ്റെല്ലാ ആർഭാടങ്ങൾക്കും ഏറ്റവും കൂടിയ 28 ശതമാനം നികുതിയാണ് ചുമത്തപ്പെടുക. അവശ്യ സാധനങ്ങളിൽ മിക്കവാറും എല്ലാത്തിനും വില കുറയുന്ന സാഹചര്യമുണ്ടാകുമ്പോൾ ചില സേവന നികുതികളിൽ വർധനയുണ്ടാകും.
ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെ പ്രധാന ഉപഭോക്തൃ വസ്തുക്കൾക്കെല്ലാം വില കുറയുമെന്ന പ്രതീതിയാണ് ഈ അവസാനഘട്ട ചർച്ചകൾക്കു ശേഷവും മുന്നിട്ടു നിൽക്കുന്നത്.

ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ലെങ്കിലും ഇവ പായ്ക്കറ്റിലാകുന്നതോടെ നികുതി വന്നേക്കുമെന്ന ആശങ്ക തുടരുന്നുണ്ട്. ഒമ്പതുമുതൽ 15 ശതമാനംവരെ ഇപ്പോൾ നികുതിയുള്ള വസ്തുക്കളെല്ലാം ഇനി 12 ശതമാനം സഌബിലെത്തും പതിനഞ്ചു മുതൽ 18 വരെയുള്ളവരെ 18 % സഌബിലും. ഇതോടെ ചിലതരം ഫോണുകൾക്ക് ഉൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും വില കുറയാനുള്ള സാധ്യത തെളിയും. വിലകുറഞ്ഞ മൊബൈൽ ഫോൺ തുടങ്ങിയവ ഉദാഹരണം.

പാന്മസാല, പുകയില, ആഡംബര കാറുകൾ, സോഡാ-കോള തുടങ്ങിയ പാനീയങ്ങൾ എന്നിവയുടെ നികുതി 40ൽ നിന്ന് 28 ശതമാനമായി കുറയുമെങ്കിലും ഇപ്പോഴത്തെ മട്ടിൽ അധിക സെസ് ഈടാക്കുന്നതിനാൽ ഇവയ്ക്ക് അൽപമെങ്കിലും വില കൂടാനാണ് സാധ്യത. കൽക്കരിക്കുൾപ്പെടെ ഇത്തരത്തിൽ സെസ് ഈടാക്കുമെങ്കിലും അഞ്ചുവർഷംകൊണ്ട് ഈ സെസും ഇല്ലാതാക്കുമെന്നതിനാൽ പൊതുവെ വിലക്കുറവിന്റെ കാലത്തേക്കാണ് ജിഎസ്ടി വിരൽചൂണ്ടുന്നതെന്ന് പറയാം. ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം അടുത്ത അഞ്ചുവർഷംകൊണ്ട് നികത്തണം. ഇതിനാണ് സെസ് വഴി പിരിച്ചെടുക്കുന്ന തുക ഉപയോഗിക്കുന്നത്. ഈ സെസ് നിർത്തലാക്കുന്ന കാര്യം ജിഎസ്ടി കൗൺസിൽ അഞ്ചുവർഷം കഴിയുമ്പോൾ തീരുമാനമെടുക്കും.

സ്വർണത്തിന് നാലുശതമാനം നികുതിയെന്നാണ് ശുപാർശയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഇത് കുറയാനും സാധ്യത കാണുന്നുണ്ട്. ഭക്ഷ്യവസ്തുക്കളൊഴികെ മറ്റുള്ളവ ഏതെല്ലാം സ്ലാബുകൾക്ക് കീഴിൽ വരുമെന്ന കാര്യത്തിലും തീരുമാനമായില്ല.

കേരളത്തിന് കിട്ടുക 20 ശതമാനം അധിക നികുതി

ആഡംബര വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. കേരളത്തെ സംബന്ധിച്ച് കൺസ്യൂമർ സ്‌റ്റേറ്റ് ആണെന്നതിനാൽ ഇത് ഖജനാവിന് ഏറെ മുതൽക്കൂട്ടാകുമെന്നതിനാലാണ് ധനമന്ത്രി തോമസ് ഐസക് ഈ ആവശ്യം ഉന്നയിച്ചത്. ആദ്യഘട്ട ചർച്ചകളിൽ ഏറെ പ്രതീക്ഷ പങ്കുവച്ചിരുന്ന അദ്ദേഹം പുതിയ സാഹചര്യത്തിൽ അൽപം നിരാശനാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. കഴിഞ്ഞതവണ തമിഴ്‌നാട് ധനമന്ത്രിയും മറ്റു പല ധനമന്ത്രിമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്ന പല കാര്യങ്ങളിലും അവർ ഇക്കുറി വീറും വാശിയും കാട്ടിയില്ലെന്നാണ് ഐസക് പ്രതികരിച്ചത്. ഇന്നലത്തെ ചർച്ചകളിൽ കേരളത്തിന്റെ വാദങ്ങൾ പാതി ജയിച്ചുവെന്നും പാതി തോറ്റുവെന്നും ഐസക് വ്യക്തമാക്കുന്നു.

ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കണ്ടെത്തുന്നതിന് പണം കണ്ടെത്തുന്ന വിഷയത്തിലായിരുന്നു സമവായം നീളുന്നത്. കേരളം, കാശ്മീർ, ബംഗാൾ മന്ത്രിമാരാണ് ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ചത്. അവശ്യവസ്തുക്കളിൽമേൽ നികുതി കൂട്ടരുതെന്നും വ്യവസായ, ഉപഭോക്തൃ വസ്തുക്കളുടെ മേലുള്ള പന്ത്രണ്ടും പതിനെട്ടും ശതമാന നിരക്കുകൾ മാറ്റരുതെന്നും 26 ശതമാനമെന്ന സഌബ് 28 ശതമാനമാക്കണമെന്നുമുള്ള കേരളത്തിന്റെ വാദങ്ങൾ അംഗീകരിക്കപ്പെട്ടത് സംസ്ഥാനത്തിന് നേട്ടമാണ്. ആഡംബര വസ്തുക്കൾക്ക് മാത്രമായി പുതിയൊരു ഉയർന്ന സഌബുകൂടി കൊണ്ടുവരണമെന്ന ആവശ്യമാണ് അംഗീകരിക്കപ്പെടാതെ പോയത്. കഴിഞ്ഞ ചർച്ചയുടെ സമയത്തെ സ്ഥിതി മാറിയെന്നും കർട്ടനുപിന്നിൽ ക്യാൻവാസിങ് നടന്നിരിക്കുന്നുവെന്നുമാണ് ഐസക് പ്രതികരിക്കുന്നത്. എ്ന്നാലും നിരാശനല്ല അദ്ദേഹമെന്ന് പ്രതികരണം സൂചിപ്പിക്കുന്നു.

പഴയ സമ്പ്രദായം മാറി ജിഎസ്ടി വരുമ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പണം കണ്ടെത്തുന്നത് ജിഎസ്ടിക്ക് പുറത്തുനിന്ന് ആയിരിക്കണമെന്ന വാദമാണ് സംസ്ഥാനങ്ങൾ മുഖ്യമായും ഉയർത്തുന്നത്. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. വാർഷിക വിറ്റുവരവ് ഒന്നരക്കോടി രൂപയിൽ താഴെയുള്ളവരിൽ നിന്ന് സേവനനികുതി പിരിക്കേണ്ടത് ആരെന്ന കാര്യവും ഇന്ന് സമവായത്തിലെത്തും. എല്ലാ സേവനനികുതിയും പിരിക്കുമെന്ന് കേന്ദ്രവും, ഒന്നരക്കോടിയിൽ താഴെയുള്ളവരുടെ പിരിവ് തങ്ങളുടെ അവകാശമാണെന്ന് സംസ്ഥാനങ്ങളും വാദിക്കുന്നു. ഇക്കാര്യത്തിൽ കൂടി തീരുമാനമായാൽ ജിഎസ്ടി ഏപ്രിലിൽ നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ നീങ്ങുകയായി. ഏതായാലും ജിഎസ്ടി നടപ്പാകുന്നതോടെ കേരളത്തിന് 20 ശതമാനമെങ്കിലും അധിക നികുതി കിട്ടുമെന്നതിനാൽ അത് സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് തീർച്ചയാണ്.

നടപ്പിലാക്കിയ രാജ്യങ്ങളിൽ വികസനത്തിന് വിളക്കുകൊളുത്തിയ ജിഎസ്ടി

1986ൽ ന്യൂസിലാൻഡിൽ നടപ്പിലാക്കി വിജയകരമായ ജിഎസ്ടി എന്ന പരീക്ഷണം പിന്നീട് നിരവധി രാജ്യങ്ങളിലേക്ക് എത്തി. നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം സാമ്പത്തികനില മെച്ചപ്പെട്ട പാരമ്പര്യം അവകാശപ്പെടാവുന്ന ഈ നികുതി നിർണയ, പിരിക്കൽ സംവിധാനം നിരവധി വ്യതിയാനങ്ങളോടെയാണ് പല രാജ്യങ്ങളിലും നടപ്പാക്കുന്നത്. ഇന്ത്യയും അതേ പാതയിലാണ്. സിഗപ്പൂരിലും ന്യൂസിലാൻഡിലും ഏകീകൃത നികുതി നിരക്ക് ഒരു ഉൽപന്നത്തിനോ സേവനത്തിനോ ഒരു പോയന്റിൽ ഈടാക്കുന്ന സമ്പ്രദായമാണെങ്കിൽ ചൈന, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പല തലത്തിലാണ് നികുതി ഈടാക്കലുള്ളത്. ഇന്ത്യയിൽ ജിഎസ്ടി വിഭാവനം ചെയ്യുന്നത് അഴിമതിരഹിതവും സുതാര്യവുമായ ഒരു പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുകയെന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇത് അടിമുടി ശക്തിപ്പെടുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.

രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നടപ്പാകുന്ന ഏറ്റവും സമഗ്രവും ശക്തവുമായി നികുതി പരിഷ്‌കരണമാണ് ജിഎസ്ടി. സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും തമ്മിലുള്ള ഒരു നികുതിപിരിക്കൽ ഉടമ്പടിയാണ് ഇത്. ദ്വന്ദ്വ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. ചരക്കുനികുതി പിരിക്കുന്നതിനുള്ള അധികാരവും പിരിച്ചെടുക്കുന്ന നികുതിയും തുല്യമായി വീതംവയ്ക്കുന്ന സമ്പ്രദായം. സേവനങ്ങൾക്ക് വിൽപന നികുതി ചുമത്താൻ പക്ഷേ, കേന്ദ്രത്തിന് മാത്രമാകും അധികാരം. ഇപ്പോൾ പലതരത്തിൽ ചുമത്തപ്പെടുകയും പല രീതികളിൽ പിരിച്ചെടുക്കുകയും ചെയ്യുന്ന നികുതി സമ്പ്രദായം പൊളിച്ചെഴുതുന്നതിന്റെ ഗുണം ജനങ്ങൾക്കും ലഭിക്കുമെന്നതാണ് പ്രധാന മേന്മ. വിവിധതരം നികുതികൾ സംയോജിപ്പിക്കുകയും നികുതിച്ചോർച്ച പാടെ തടയപ്പെടുകയും ചെയ്യുന്നതോടെ ഇപ്പോൾ ചുമത്തപ്പെടുന്ന പല നികുതികളും കുറയുമെന്ന വിലയിരുത്തലുകളാണ് ശ്രദ്ധേയം.

ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽ ശക്തമായ കേന്ദ്രസർക്കാരും സമൃദ്ധമായ സംസ്ഥാനങ്ങളും എന്ന ആശയത്തിലൂന്നി നടപ്പാക്കപ്പെടുന്ന സമ്പ്രദായത്തിന്റെ നടപ്പാക്കൽ, പരിഷ്‌കരണ ചുമതലകൾ ജിഎസ്ടി കൗൺസിലിനാണ്. നികുതി നിർദ്ദേശങ്ങളും നിയമനിർമ്മാണങ്ങളും സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക ഈ കൗൺസിലായിരിക്കും. പ്‌ളാനിങ് കമ്മീഷനും അതുപോലുള്ള സംവിധാനങ്ങളും ഇല്ലാതാകും.

എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാകുന്ന ഈ കൗൺസിലിന്റെ അധ്യക്ഷൻ കേന്ദ്ര ധനമന്ത്രിയായിരിക്കും. ഈ സമിതിയിൽ ഒരു തീരുമാനം പാസാകുന്നതിന് നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. മൂന്നിലൊന്ന് വോട്ട് കേന്ദ്രസർക്കാരിനും ബാക്കി വോട്ട് സംസ്ഥാനങ്ങൾക്കുമായിരിക്കും. ഒരു വിഷയത്തിലും സംസ്ഥാനങ്ങൾക്ക് മാത്രമായോ കേന്ദ്രത്തിനു മാത്രമായോ തീരുമാനം എടുക്കാൻ സാധിക്കാത്തി രീതിയിലാണ് ഇതിന്റെ വിഭാവനമെന്നതിനാൽ രാജ്യസഭയും ലോക്‌സഭയും ഉൾപ്പെടുന്ന പാർലമെന്റിന്റെ ചെറുരൂപം എന്ന നിലയിലുള്ള സ്ഥാപനമായി മാറും ജിഎസ്ടി കൗൺസിലെന്നു പറയാം. ഏതായാലും ജിഎസ്ടി നടപ്പാകുന്നതോടെ രാജ്യത്ത് വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനാകുമെന്നത് കേന്ദ്രസർക്കാരിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്.