ഭോപ്പാൽ: കേന്ദ്രത്തിൽ കോൺഗ്രസ് വീണ്ടും ്അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ മുഴുവൻ എഴുതി തള്ളുമെന്ന് കോൺഗ്രസ് അദ്ധ്യൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ റാലിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ജനങ്ങളെ ദ്രോഹിക്കുന്ന മോദി സർക്കാരിന്റെ ജിഎസ്ടി സമ്പ്രദായം അവസാനിപ്പിച്ച് പുതിയ ജിഎസ്ടി കൊണ്ടുവരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

ഭോപ്പാലിലെ ബിഎച്ച്ഇഎൽ മൈതാനത്ത് തിങ്ങിനിറഞ്ഞ പ്രവർത്തകരെ ആവേശത്തിലേക്ക് ഉയർത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നേരിട്ട് ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. ശിവരാജ് സിങ് ചൗഹാൻ സച്ചിൻ തെണ്ടുൽക്കറെപ്പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സച്ചിൻ തെണ്ടുൽക്കർ റൺസ് സൃഷ്ടിക്കുന്ന മെഷിനാണെങ്കിൽ ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനങ്ങൾ സൃഷ്ടിക്കുന്ന മെഷിനാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

സച്ചിൻ ക്രീസിലെത്തുമ്പോഴൊക്കെ റണ്ണൊഴുകിയെത്തുമെന്ന് നമുക്കറിയാം. അതുപോലെയാണ് ചൗഹാനും. അദ്ദേഹം വേദിയിൽകയറിയാൽ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒഴുകാൻ തുടങ്ങും. ഇതിനകം 21,000 പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി. അതോടെ മധ്യപ്രദേശ് മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി. അഴിമതിയുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും ബലാൽസംഗത്തിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തിലാണ് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളിയതെന്നുമാത്രം-രാഹുൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരുന്നതെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കും രാഹുൽ അവിടെ തുടക്കമിട്ടു. 2019-ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ നരേന്ദ്ര മോദിയുടെ ജിഎസ്ടി ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. പകരം പുതിയ ജിഎസ്ടി സമ്പ്രദായം രാജ്യ്ത്ത് നടപ്പാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ മാത്രമല്ല, രാജ്യത്തെമ്പാടും കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമെന്നും രാഹുൽ പറഞ്ഞു.

ലോകത്തിന്നേവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തട്ടിപ്പായിരുന്നു നോട്ട് നിരോധനമെന്ന് രാഹുൽ പറഞ്ഞു. അഴിമതിക്കാർക്കും കൊള്ളക്കാർക്കും അവരുടെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കാനാണ് ഇതുപകരിച്ചത്. തുടർന്ന് 'ഗബ്ബർ സിങ് ടാക്‌സ്' (ജിഎസ്ടി) വന്നു. പാവപ്പെട്ടവരുടെ കീശയിലെ പണംമുഴുവൻ ചോർത്തി വൻകിട വ്യവസായികളുടെ പോക്കറ്റ് നിറച്ചു. ഈ ഗബ്ബർ സിങ് ടാക്‌സ് 2019-ൽ അവസാനിക്കും. പുതിയ ജിഎസ്ടി അതിന് പകരംവരും.

തന്റെ സുഹൃത്തുക്കളെ സഹായിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതുകൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാത്തതെന്നും രാഹുൽ പറഞ്ഞു. 2014-ൽ അധികാരത്തിലേറുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ക്രൂഡോയിൽ ബാരലിന് 140 ഡോളറായിരുന്നു വില. ഇപ്പോഴത് 70 ഡോളറായി കുറഞ്ഞു.. ലോകം മുഴുവൻ ഇന്ധനവില കുറയുമ്പോൾ ഇന്ത്യയിൽ മാത്രം ഉയർന്നുകൊണ്ടിരിക്കുന്നത് സുഹൃത്തുക്കളോടുള്ള മോദിയുടെ സ്‌നേഹം കൊണ്ടാണെന്നും രാഹുൽ പറഞ്ഞു.