മാസവേതനം 400 ദീനാർ കുറയാതിരിക്കുക,സർവകലാശാല ബിരുദ മുണ്ടായിരിക്കുക, ചുരുങ്ങിയത് രാജ്യത്ത് രണ്ട് വർഷം താമസിച്ചയാളായിരിക്കുക തുടങ്ങിയ മതിയായ യോഗ്യത ഇല്ലാതെയാണോ നിങ്ങൾ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കുന്നത്. എന്നാൽ നിങ്ങളുടെ ലൈസൻസ് റദ്ദായത് തന്നെ. നിശ്ചിത യോഗ്യതയില്ലാത്ത വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അൽഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ ഉത്തരവിറക്കിയതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.

ചില പ്രത്യേക തസ്ത്കകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രം നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മതിയായ യോഗ്യതയോ ഇളവിനുള്ള അർഹതയൊ ഇല്ലാത്ത നിരവധി വിദേശികൾ ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കിയിട്ടുണ്ടന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.

ഇത്തരം ലൈസൻസുകളാണ് റദ്ദാക്കപ്പെടുക. വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 ദീനാറായി ഉയർത്തിയതടക്കമുള്ള പരിഷ്‌കാരങ്ങൾ വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു

ലെസൻസുകൾ പിൻവലിക്കുന്നതിനൊപ്പം മാനദണ്ഡം പരിഗണിക്കാതെ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാൻ ഗതാഗതവിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ മുഹന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

കുവൈത്തി പൗരന്റെ വിദേശിയായ ഭാര്യ, വിധവ, വിവാഹമോചിത, കുവൈത്തി സ്ത്രീകളുടെ വിദേശികളായ ഭർത്താക്കന്മാരും മക്കളും, പൗരത്വം ലഭിച്ച ബിദൂനികൾ, കുവൈത്തിലെ ഏതെങ്കിലും യൂനിവേഴ്‌സിറ്റികളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾ, നയതന്ത്ര രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ, സർക്കാർ മേഖലയിലെ സ്പോർട്സ് മേധാവികളും കളിക്കാരും, ജവാസാത്ത്, തൊഴിൽ മന്ത്രാലയം എന്നിവയുടെ കീഴിൽ മൻദൂബുമാരും ഡ്രൈവർമാരുമായി ജോലി ചെയ്യുന്നവർ, സ്വദേശി വീടുകളിൽ ഡ്രൈവർമാരായി ജോലിക്കത്തെിയവർ, പെട്രോളിയം മേഖലകളിലെ ടെക്‌നീഷ്യന്മാരും സ്‌പെഷൽ ഉദ്യോഗസ്ഥരും, പൈലറ്റുമാർ, സഹ പൈലറ്റുമാർ, മൃതദേഹം കുളിപ്പിക്കുന്നവർ, ജഡ്ജിമാർ, പബ്‌ളിക് പ്രോസിക്യൂട്ടർമാർ, യൂനിവേഴ്‌സിറ്റികളിലെയും അപൈ്‌ളഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും അദ്ധ്യാപകർ, മാദ്ധ്യമപ്രവർത്തകർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, എൻജിനീയർമാർ, ഗവേഷകർ, അഭിഭാഷകർ, ലൈബ്രേറിയന്മാർ, പരിഭാഷകർ, ഇമാമുമാർ, മാനേജർമാർ, ജനറൽ മാനേജർമാർ, അക്കൗണ്ടന്റുകൾ എന്നിവർക്കൊക്കെ യോഗ്യതാ നിബന്ധനകളിൽ ഇളവുണ്ട്.