- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദർശനം രാത്രി 9 വരെ മാത്രം; ഒന്നിടവിട്ട് സീറ്റുകൾ ക്രമീകരിക്കണം; അമ്പത് ശതമാനത്തിലധികം ആളുകൾ പാടില്ല; മൾട്ടിപ്ലക്‌സുകളിൽ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം; സിനിമാ തിയേറ്ററുകൾക്ക് ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശം ഇങ്ങനെ
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം തുറക്കാനൊരുങ്ങുന്ന സിനിമാ തിയേറ്ററുകൾക്ക് കർശന മാർഗനിർദ്ദേശം. പ്രവർത്തനസമയം രാവിലെ 9 മുതൽ രാത്രി 9 വരെയാണ്. ഒന്നിടവിട്ട് സീറ്റുകൾ ക്രമീകരിക്കണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകൾ പാടില്ല. അടച്ചിട്ട സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ചൊവ്വാഴ്ച മുതലാണു സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. രോഗ ലക്ഷണങ്ങളുള്ളവരെ തിയേറ്ററിലേക്ക് അനുവദിക്കരുത്. മൾട്ടിപ്ലക്‌സുകളിൽ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം ക്രമീകരിക്കണം. ജീവനക്കാർ കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജിൽ തീരുമാനമാകാത്തതിൽ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ആശങ്കയിലാണ് തിയേറ്റർ ഉടമകൾ. തുടർനടപടികൾ ചർച്ച ചെയ്യാൻ തിയേറ്ററുടമകളുടെ ഫിയോക്ക് ഉൾപ്പടെയുള്ള സിനിമ സംഘടനകൾ അടുത്തയാഴ്ച കൊച്ചിയിൽ യോഗം ചേരും. സർക്കാർ നിശ്ചയിച്ച ചൊവ്വാഴ്ച തിയേറ്ററുകൾ തുറന്നാലും പുതിയ ചിത്രങ്ങളുടെ റിലീസ് ഉടൻ ഉണ്ടാകില്ല. ബാധ്യത തീർക്കാതെ സിനിമ നൽകാനാവില്ലെന്നു വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.
തിയേറ്ററിലെ പകുതി സീറ്റിൽ മാത്രം പ്രേക്ഷകർക്ക് പ്രവേശനം എന്ന സർക്കാർ മാനദണ്ഡവും വലിയ പ്രതിസന്ധിയുണ്ടാക്കും. പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം ഉടമകൾക്ക് വരുത്തിയ സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്.
ഇതിനിടയിൽ ഇനി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സർവ സുരക്ഷയും ഒരുക്കിയാലും ഈ കോവിഡ് കാലത്ത് ജനം തിയറ്ററിലേക്ക് എത്തുമോയെന്ന വലിയ ചോദ്യവും അവശേഷിക്കുന്നു. കോവിഡ് കാലത്തിന് മുൻപ് തയാറായതടക്കം എൺപത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തേണ്ടത്.
ന്യൂസ് ഡെസ്ക്