- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓമിക്രോൺ ഇന്ത്യയിൽ ഇരുന്നൂറോളം കേസ്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കർശന നടപടിക്ക് കത്തയച്ചു; ഓമിക്രോണിന് ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷി; നിർദ്ദേശവുമായി ഡബ്ല്യുഎച്ച്ഒയും
ന്യൂഡൽഹി: കൊറോണ വൈറസ് വകഭേദമായ ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഓമിക്രോൺ എന്നു കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓമിക്രോൺ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തിൽ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ ക്രമീകരിക്കാനാണ് നിർദ്ദേശം. ഡേറ്റ വിശകലനത്തിനുള്ള ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സംസ്ഥാനങ്ങളിൽ വാർ റൂമുകൾ സജ്ജമാക്കണം. കോവിഡ് പരിശോധന വർധിപ്പിക്കണം. രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ രാത്രി കർഫ്യൂ, ആൾക്കൂട്ടനിയന്ത്രണം തുടങ്ങിയ നടപടികൾ സ്വീകരിക്കാമെന്നും കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 10 ശതമാനമോ അതിൽ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കിൽ ഐസിയു കിടക്കകളിൽ 40 ശതമാനത്തിൽ അധികം രോഗികൾ ഉള്ള സ്ഥലങ്ങളിലും കർശനനിയന്ത്രണം വേണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്പർക്കപ്പട്ടിക തയാറാക്കണമെന്നും കത്തിൽ പറയുന്നു
ഇതുവരെ 200 പേർക്ക് വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവുമധികം പേർക്ക് ഓമിക്രോൺ ബാധിച്ചത്. 54 പേർക്ക് വീതം. തെലങ്കാനയിൽ 20 പേർക്ക് രോഗബാധ കണ്ടെത്തിയപ്പോൾ കർണാടകയിൽ 19 പേർക്കും രാജസ്ഥാനിൽ 18 പേർക്കുമാണ് രോഗം പിടിപെട്ടത്. കേരളത്തിൽ 15 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്ത് 14, ഉത്തർപ്രദേശ് രണ്ട് തുടങ്ങി 12 സംസ്ഥാനങ്ങളിൽ ഓമിക്രോൺ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.
ഓമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ പാർട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. ആരോഗ്യവിദഗ്ധരുടെ ശുപാർശ പ്രകാരം നഗരങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടംകൂടുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുംബൈയിൽ, 200ലധികം ആളുകൾ ഒത്തുചേരുന്നതിന് മുൻസിപ്പൽ കമ്മീഷണർമാരുടെ അനുമതി ആവശ്യമാണെന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ഓമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ രാജ്യസഭയെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഓമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ട്. 44 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചത് വളരെ വേഗത്തിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ