- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാതാരത്തിന് എന്ത് അതിക്രമവും കാട്ടാമോ? ഗിന്നസ് പക്രുവിന്റെ താരപരിവേഷം തകർത്തത് ഒരു കുടുംബത്തിന്റെ സുരക്ഷയെ; കള്ളക്കേസിൽ കുടുങ്ങിയ ആൽഫിന്റെ സഹോദരൻ മറുനാടൻ മലയാളിയോട്
കോട്ടയം: മന്ത്രിമാരെ വരെ സ്വാധീനിക്കാൻ താരപരിവേഷം ഉപയോഗിക്കുമ്പോൾ സാധാരണക്കാരായ ഞങ്ങൾ എങ്ങനെ ജീവിക്കും. മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോൾ എൽഫിന്റെ കണ്ഠം ഇടറുകയായിരുന്നു. സിനിമാതാരത്തിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ തങ്ങളെ അടിച്ചുപുറത്താക്കുകയും പൊലീസിൽ കള്ളക്കേസ് നൽകുകയും ചെയ്തതോടെ ഇനി എന്തുചെയ്യും എന്നറിയാതെ
കോട്ടയം: മന്ത്രിമാരെ വരെ സ്വാധീനിക്കാൻ താരപരിവേഷം ഉപയോഗിക്കുമ്പോൾ സാധാരണക്കാരായ ഞങ്ങൾ എങ്ങനെ ജീവിക്കും. മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോൾ എൽഫിന്റെ കണ്ഠം ഇടറുകയായിരുന്നു. സിനിമാതാരത്തിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ തങ്ങളെ അടിച്ചുപുറത്താക്കുകയും പൊലീസിൽ കള്ളക്കേസ് നൽകുകയും ചെയ്തതോടെ ഇനി എന്തുചെയ്യും എന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻപോലും സിനിമാസ്വാധീനത്തിൽ തങ്ങളെ കൈയൊഴിഞ്ഞെന്നും വളരെ വേദനയോടെയാണ് എൽഫ് മറുനാടനോട് പറഞ്ഞത്. സിനിമാതാരത്തിന്റെ ക്രൂരതയിൽ സ്വൈരജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് തങ്ങളെന്ന് എൽഫ് പറയുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടുപോലും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും എൽഫ് മറുനാടനോട് പറഞ്ഞു.
ഗിന്നസ് പക്രുവെന്ന അജയകുമാറിനെയും കുടുംബത്തെയും വാടകക്കാർ ആക്രമിച്ചെന്ന് വാർത്തകൾ വന്നത് ഓർമയില്ലേ. വാടക കൃത്യമായി നൽകുന്നില്ലെന്നും വാടക ചോദിച്ചെത്തിയ അജയകുമാറിനെയും കുടുംബത്തെയും ആക്രമിച്ചെന്നും കാട്ടിയാണ് പരാതി നൽകിയത്. കോട്ടയം വില്ലൂന്നി സ്വദേശി ആൽഫ് തോപ്പുറത്തിനെതിരെയാണ് അജയകുമാർ പരാതി നൽകിയത്.
എന്നാൽ ഈ പരാതി കെട്ടിച്ചമച്ചതാണെന്നും അജയകുമാറിന്റെയും കുടുംബത്തിന്റെയും ക്രൂരതകൾക്കിരയായത് തങ്ങളാണെന്നും ആൽഫിന്റെ സഹോദരൻ എൽഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. അയൽവാസികൾക്കും നാട്ടുകാർക്കുമൊക്കെ ഇക്കാര്യങ്ങൾ അറിയാമെന്നും അജയകുമാറിന്റെ ഗുണ്ടകളെയും കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയെയും തുടർന്നാണ് ആരും പ്രതികരിക്കാത്തതെന്നും എൽഫ് പറഞ്ഞു.
മെയ് രണ്ടിനാണ് ആൽഫ് തോപ്പുറവും കുടുംബവും അജയകുമാറിന്റെ കോട്ടയത്തെ വീട്ടിൽ വാടകയ്ക്ക് താമസത്തിനെത്തിയത്. 24,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയാണ് താമസം തുടങ്ങിയത്. 8000 രൂപയായിരുന്നു വീടിന്റെ വാടക. താമസം തുടങ്ങിയപ്പോൾ തന്നെ അയൽവാസികളുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് അജയകുമാർ നിഷ്‌കർഷിച്ചിരുന്നെന്നും എൽഫ് പറഞ്ഞു.
ആദ്യമാസം കറന്റ് ബില്ല് 426 രൂപയായി എന്നുകാട്ടി അജയകുമാറിന്റെ അച്ഛൻ രാധാകൃഷ്ണൻ സമീപിച്ചു. എന്നാൽ ബില്ല് ഇവരെ കാണിക്കാൻ തയ്യാറായില്ല. എങ്കിലും പരാതിയൊന്നും പറയാതെ ഇവർ പണം നൽകുകയയും ചെയ്തു.
ജൂലൈ അവസാനം വീടിനു മുകൾഭാഗത്ത് പുതിയ വാടകക്കാർ താമസത്തിനെത്തി. ഓഗസ്റ്റ് 23ന് 6748 രൂപയുടെ ബില്ലുമായാണ് അജയകുമാറിന്റെ വീട്ടുകാർ സമീപിച്ചത്. ബില്ല് ആൽഫിന് കൈമാറുകയും നിങ്ങൾ തന്നെ മുഴുവൻ അടയ്ക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തതാണ് പിന്നീടുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് എൽഫ് പറഞ്ഞു. തുടർന്ന് ബില്ല് തന്നാൽ അടച്ചേ പറ്റൂ എന്ന് അജയകുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടുകുടുംബങ്ങൾക്കും രണ്ട് വൈദ്യുതി കണക്ഷനും മീറ്ററുമാണ് ഉള്ളതെന്നാണ് വാടകക്കാരോട് പക്രു പറഞ്ഞിരുന്നത്. വെള്ളമെടുക്കാനുള്ള മോട്ടോറും രണ്ടു കണക്ഷനാണെന്നും പറഞ്ഞിരുന്നു.
എന്നാൽ, മോട്ടോറിന്റെ കണക്ഷൻ നൽകിയിരുന്നത് ആൽഫിന്റെ മീറ്ററിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ദേഷ്യപ്പെടുകയും സൗകര്യമില്ലെങ്കിൽ വീട് ഒഴിഞ്ഞുതരണമെന്നുമായിരുന്നു പക്രു പറഞ്ഞത്.
അടുത്ത തവണ വാടക നൽകുമ്പോൾ രസീത് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇക്കാര്യം പക്രു നിഷേധിക്കുകയായിരുന്നു. പിന്നീട് മോട്ടോറിന്റെ കണക്ഷനും പക്രുവിന്റെ വീട്ടുകാർ വിച്ഛേദിച്ചു. മോട്ടോർ കേടായിപ്പോയതാകും എന്നാണ് ആൽഫിന്റെ വീട്ടുകാർ കരുതിയിരുന്നത്.
തുടർന്ന് ഏറെ നാൾ പുറത്തുനിന്ന് 50 രൂപയുടെ ക്യാനിൽ വെള്ളം വാങ്ങിക്കൊണ്ടുവന്നാണ് വീട്ടാവശ്യങ്ങൾക്ക് ആൽഫും കുടുംബവും ഉപയോഗിച്ചിരുന്നത്. ക്യാനിൽ സ്ഥിരമായി വെള്ളം കൊണ്ടുപോകുന്നത് കണ്ടാണ് അയൽവാസികൾ ഇക്കാര്യം അറിഞ്ഞത്. ഇതിനിടെ വാടകക്കാർക്കെതിരെ പക്രു ഡിവൈഎസ്‌പിക്ക് പരാതി നൽകുകയും ചെയ്തു.
മോട്ടോർ നന്നാക്കാൻ പ്ലംബറുമായി എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നതായി കണ്ടെത്തിയത്. എന്നാൽ മോട്ടോർ നന്നാക്കാൻ പക്രുവിന്റെ വീട്ടുകാർ സമ്മതിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്തപ്പോൾ മടൽ ഉപയോഗിച്ച് ആൽഫിനെ അടിക്കുകയുമായിരുന്നെന്ന് എൽഫ് പറഞ്ഞു.
ഇതിനിടെ പക്രുവിന്റെ ഭാര്യയും അമ്മയുമെത്തി ആൽഫിന്റെ അമ്മയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ഇത് തടയാൻ ആൽഫ് ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന മടൽ കൊണ്ടാണ് പക്രുവിന്റെ അച്ഛന് മുറിവേറ്റതെന്ന് എൽഫ് പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോൾ ഡിവൈഎസ്‌പിയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും വലിച്ചു പുറത്തിട്ടശേഷം വേറൊരു പൂട്ടിട്ട് വീട് പൂട്ടുകയായിരുന്നു. ഗുണ്ടാസംഘമെന്ന് തോന്നിക്കുംവിധത്തിലുള്ളവരാണ് വീട്ടിൽ നിന്ന് സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞത്. ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും അടക്കമുള്ള വസ്തുക്കൾ കനത്ത മഴയിൽ നശിച്ചു.
നാട്ടുകാർക്ക് പോലും ഇടപെടാനാകാത്ത വിധം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഗുണ്ടാസംഘം സാധനങ്ങൾ വലിച്ചുപുറത്തിട്ടത്. വാടകവീട്ടിലേക്ക് പോകാൻപോലുമാകാത്ത അവസ്ഥയിലാണ് ആൽഫും കുടുംബവും. അയർക്കുന്നത് അമ്മയുടെ വീട്ടിലാണ് ഇപ്പോൾ തങ്ങൾ കഴിയുന്നതെന്ന് എൽഫ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പരാതി നൽകിയിട്ടുണ്ട്. എസ്‌പിക്ക് കൈമാറിയ പരാതിയെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡിഷണൽ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. എന്നാൽ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദത്തെത്തുടർന്ന് ഇതുവരെയും നടപടിയൊന്നുമുണ്ടായില്ല. പ്രശ്‌നത്തിൽ ഇടപെട്ടാൽ കള്ളക്കേസിൽ കുടുക്കുമെന്ന് നാട്ടുകാരെയും ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് എൽഫ് പറഞ്ഞു.