അഹമ്മദാബാദ്: യു.പിയിലെ ഗോരക്പൂർ സംഭവത്തിന് പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചുവെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സർക്കാരിന് കടുത്ത വെല്ലുവിളിയാണ് ശിശുമരണങ്ങൾ. പ്രധാനമന്ത്രി മോദിക്കും സ്വന്തം നാട്ടിലെ മരണങ്ങൾ തലവേദനയാകും.

ഇതിൽ ആറ് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗർ, മാനാസ, വീരമംഗം, ഹിമ്മത്‌നഗർ എന്നിവടങ്ങളിലെ ആശുപത്രികളിൽ നിന്ന് വിദഗ്ധ ചികിൽസക്കായാണ് അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചത്. തൂക്കകുറവ്, ശ്വാസതടസ്സം ഉൾപ്പടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികിൽസക്കായി കൊണ്ടു വന്നത്. ഈ കുട്ടികളാണ് മരിച്ചത്.

സംഭവത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കൾ സംഘർഷമുണ്ടാക്കുമെന്ന് ഭയന്നാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നവജാത ശിശുക്കളുൾപ്പടെ അറുപതോളം കുട്ടികൾ മരണപ്പെട്ടത് വിവാദമായിരുന്നു.