അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ബിജെപി എംപി അന്തരിച്ചു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വജാണ് ചികിത്സയിലിരിക്കെ മരിച്ചത്. ചെന്നൈയിൽ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഗുജറാത്തിലെ രാജ്‌കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 66 വയസ്സായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു അഭയ് ഭരദ്വജ്.

പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വർഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റിൽ പാർട്ടി യോഗങ്ങളിലും രാജ്‌കോട്ടിലെ റോഡ്‌ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 31 ന് അഭയ് ഭരദ്വജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. അന്നുമുതൽ ഭരദ്വജ് കോവിഡ് ചികിത്സയിലായിരുന്നു. അഭയ് ഭരദ്വജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് തിളക്കമാർന്നതും ഉൾക്കാഴ്ചയുള്ളതുമായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടതായി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.