അഹമ്മദാബാദ്: ഗുജറാത്തിൽ നാല് മുൻസിപ്പാലിറ്റികളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗർ മുൻസിപ്പാലിറ്റി നിലനിർത്തിയ ബിജെപി മറ്റ് രണ്ട് മുൻസിപ്പാലിറ്റികളിൽ കൂടി വിജയിച്ചു. എന്നാൽ ദേവ്ഭൂമി-ദ്വാരക ജില്ലയിലെ ഭൻവദ് മുൻസിപ്പാലിറ്റി കോൺഗ്രസ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു.

ഗാന്ധിനഗർ മുൻസിപ്പാലിറ്റിയിൽ വോട്ടെണ്ണൽ ആംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയ ബിജെപി എതിരാളികളായ കോൺഗ്രസിനേയും ആംആദ്മി പാർട്ടിയെയും ബഹുദൂരം പിന്നിലാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം ആകെയുള്ള 44ൽ 41 സീറ്റും ബിജെപി നേടി.

 

കോൺഗ്രസ് ഒരു സീറ്റ് നേടിയപ്പോൾ ആംആദ്മി ഒരു സീറ്റിൽ വിജയിച്ചു. ഒരു സീറ്റ് മാത്രമേ വിജയിച്ചുള്ളൂയെങ്കിലും 17 ശതമാനം വോട്ട് നേടിയതായി ആംആദ്മി ട്വീറ്റ് ചെയ്തു.

വോട്ടെടുപ്പ് നടന്ന താര മുൻസിപ്പാലിറ്റിയിൽ 24ൽ 20 സീറ്റും ബിജെപി നേടിയപ്പോൾ കോൺഗ്രസ് നാല് സീറ്റുകൾ നേടി. 36ൽ 34 സീറ്റും നേടി ഓഖ മുൻസിപ്പാലിറ്റി ബിജെപി നിലനിർത്തിയപ്പോൾ കോൺഗ്രസിന് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

എന്നാൽ ഭൻവദ് മുൻസിപ്പാലിറ്റി കോൺഗ്രസ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. 1995 മുതൽ ബിജെപി അധികാരത്തിൽ തുടരുന്ന മുൻസിപ്പാലിറ്റിയിൽ എട്ട് സീറ്റുകൾ മാത്രമാണ് വിജയിക്കാനായത്.

ഗാന്ധിനഗർ അടക്കം നാല് മുൻസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടന്നത്. 104 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഗുജറാത്തിലെ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ പ്രതികരിച്ചു