അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്നുവേട്ട. ഗുജറാത്തിലെ കണ്ട്ല തുറമുഖത്തെത്തിച്ച 205.6 കിലോഗ്രാം ഹെറോയിൻ പിടികൂടി. വിപണിയിൽ 1439 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടുന്നത്.

ഇറാനിലെ ബന്ദേർ അബ്ബാസ് തുറമുഖത്തു നിന്നുമാണ് 17 കണ്ടെയ്നറുകളിലായി ചരക്കെത്തിയത്. ജിപ്സം പൗഡർ എന്ന ലേബലിൽ ആണ് മയക്കുമരുന്ന് എത്തിച്ചത്. ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിന്റെ പേരിലാണ് കണ്ടെയ്നർ കണ്ട്ലയിൽ എത്തിയതെന്നും ധനമന്ത്രാലയ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ സൂചിപ്പിച്ചു.

അതേസമയം നേരത്തെ ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും 280 കോടി രൂപുടെ മയക്കുമരുന്നുമായി പാക്കിസ്ഥാൻ ബോട്ടും നേരത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബോട്ടിലുണ്ടായിരുന്നത് 280 കോടി രൂപ വില വരുന്ന ഹെറോയിൻ ആണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. അൽ ഹജ് എന്ന പാക്കിസ്ഥാൻ ബോട്ടാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. ബോട്ടും ബോട്ടിലുണ്ടായിരുന്നവരേയും കൂടുതൽ അന്വേഷണങ്ങൾക്കായി ഗുജറാത്ത് കച്ചിലെ ജാക്കൗ തുറമുഖത്തെത്തിക്കുമെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സംഘവും ചേർന്ന് തിരച്ചിൽ നടത്തിയത്. ബോട്ട് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.