അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അഭിമാനപോരാട്ടം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം.സംസ്ഥാനത്തെ 33 ജില്ലകളിലെ 37 കേന്ദ്രങ്ങളിലായാണ് വോട്ട് എണ്ണുന്നത്.

രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലെ വോട്ടെടുപ്പ് 93 മണ്ഡലങ്ങളിലായി സമാപിച്ചതിനെ തുടർന്ന് എകിസ്റ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനപ്പിഴവുകൾ, പാർട്ടിക്കാർ തമ്മിലെ പോര്, തിരഞ്ഞെടുപ്പ് ലംഘനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ രണ്ടാം ഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ആറാം വട്ടവും അധികാരത്തിലേറാൻ ഒരുങ്ങുന്ന ബിജെപിയും, രണ്ടുപതിറ്റാണ്ടിന് ശേഷം തിരിച്ചുവരവിനായി പരിശ്രമിക്കുന്ന കോൺഗ്രസും ആകാംക്ഷാഭരിതരാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ഫലം പ്രതിഫലിച്ചേക്കാം എന്നതാണ് മുഖ്യകാരണം.ഡിസംബർ 9 ന് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ, 89 മണ്ഡലങ്ങളിലായി 1703 സ്ഥാനാർത്ഥികളാണ ്മൽസരിച്ചത്.

മുഖ്യമന്ത്രി വിജയ് രൂപാനി, ബിജെപി നേതാവ് ദിലീപ് സംഘാനി, കോൺഗ്രസിന്റെ മുതിർന്ന നേതാവ് പരേഷ് ധനനി എന്നിവരാണ് മാറ്റുരച്ച പ്രമുഖർ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 11 സ്ഥാനാർത്ഥികളും, അഞ്ച് കോൺഗ്രസ് വിമതരും, അഞ്ച് പുതുമുഖങ്ങളും ബിജെപി ടിക്കറ്റിൽ മൽസരിച്ചു.ഇതിൽ ഹാർദിക് പട്ടേലിനെ നേരിടാൻ വേണ്ടി 16 പട്ടേൽ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിയിരുന്നു.കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് വൻപ്രതിഷേധം ഉയർന്നിരുന്നു.

അഭിമാന പോരാട്ടം

ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപിയും കോൺഗ്രസും അഴിച്ചുവിട്ടത്.രാമക്ഷേത്രം, തിരഞ്ഞെടുപ്പിലെ പാക്കിസ്ഥാന്റെ ഇടപെടൽ, മണിശങ്കർ അയ്യരുടെ നീച്ച് ആദ്മി പരാമർശം എന്നിവ മോദിയും അമിത് ഷായും ഉയർത്തിയപ്പോൾ, ഗുജറാത്തിന്റെ ഭാവിവികസനത്തെ കുറിച്ച് മോദി സംസാരിക്കാത്തതും, ജനകീയ പ്രശ്‌നങ്ങൽ ബിജെപി അവഗണിക്കുന്നതുമാണ് രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടിയത്.

22 വർഷത്തെ ഭരണവരൾച്ച നീക്കാൻ, പട്ടേലുമാർ, ഒബിസി-ദളിത് വിഭാഗങ്ങൽ എന്നിവരുടെ കൂട്ട് കോൺഗ്രസ് തേടി.ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേ,് ടാക്കൂർ എന്നിവർ കോൺഗ്രസ് നിരയിൽ അണിനിരന്നു.പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോൾ വികസനചർച്ചകൾ പിന്നോക്കം പോവുകയും, മത-ജാതി പ്രശ്‌നങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്തു.സോഷ്യൽ മീഡിയയിലും ഇരുപാർട്ടികളും വ്യാപക പ്രചാരണം അഴിച്ചുവിട്ടു.വികാസ് ഖണ്ഡോ തായേ ചേ എന്ന പേരിൽ കോൺഗ്രസും, അയാം ഡെവലപ്‌മെന്റ് അയാം ഗുജറാത്ത് എന്ന പേരിൽ ബിജെപിയം സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തി.

പോളിങ് ശതമാനം

രണ്ടുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ, 68.41 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യഘട്ടത്തിൽ 66.75 ശതമാനവും, രണ്ടാം ഘട്ടത്തിൽ 69.99 ശതമാനവും പോളിങ് രേഖപ്പെടുത്തി.2012 ലെ പോളിങ് ശതമാനം താരതമ്യം ചെയ്യുമ്പോൾ, 2.91 ശതമാനത്തിന്റെ കുറവാണ് രണ്ടുഘട്ടങ്ങളിലുമായി രേഖപ്പെടുത്തിയത്.

ഹിമാചൽപ്രദേശിലും നാളെയാണ് വോട്ടെണ്ണൽ. രണ്ടിടത്തും ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്‌സിറ്റ് പോളുകൾ ഒന്നടങ്കം പ്രവചിക്കുന്നത്. ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം വീണ്ടും മുറുകുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാർദിക് പട്ടേലും അൽപേശ് ഠാക്കൂറും രംഗത്തെത്തി.

സബർമതി മണ്ഡലത്തിലെ റാണിപ്പിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരലിൽ പുരണ്ട മഷി ഉയർത്തിക്കാട്ടുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും മറ്റും ചെയ്ത് റോഡ് ഷോയാണെന്നും , തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപണം ഉയർന്നിരുന്നു.ഇല്‌ക്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ബ്ലൂടൂത്ത് ഘടിപ്പിച്ചുവെന്ന ആരോപണവും ഉയർന്നെങ്കിലും, കഴമ്പില്ലെന്ന് കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അതു തള്ളി.ആറു ബൂത്തുകളിൽ ഞായറാഴ്ച റീപ്പോളിങ് നടക്കുകയും ചെയ്തു.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ബിജെപിക്ക് അനുകൂലമായാണ് പൊതുവെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. ഗുജറാത്തിലും ഹിമാചലിലും ബിജെപി നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സർവ്വെയിൽ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിൽ ബി.ജെ.ക്ക് 109 സീറ്റും കോൺഗ്രസിന് 70 സീറ്റും മറ്റുള്ളവർക്ക് മൂന്ന് സീറ്റുകളും ലഭിക്കുമെന്നുമെന്നാണ് പ്രവചനം.

ഹിമാചലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബിജെപി ഭരണമെന്നാണ് ഇന്ത്യാടുഡെ സർവ്വെ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് 47-55 സീറ്റുകളും 13-20 സീറ്റുകളും ലഭിക്കുന്ന് ഇന്ത്യാ ടുഡേയുടെ സർവേ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ ബിജെപി 51 സീറ്റും കോൺഗ്രസ് 16 സീറ്റും നേടുന്നമെന്നും ടൈംസ് നൗ സർവേ പറയുന്നു.

ഗുജറാത്തിൽ 182 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2012-ൽ വടക്കൻ ഗുജറാത്തിൽ കോൺഗ്രസും മധ്യഗുജറാത്തിൽ ബിജെപി.യും മേൽക്കൈ നേടിയിരുന്നു. 2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമീണമേഖല കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ പട്ടണങ്ങൾ ബിജെപി. തൂത്തുവാരിയിരുന്നു.

ഇത്തവണ ഗ്രാമങ്ങളിൽ പരമാവധി നേട്ടമുണ്ടാക്കാനും പട്ടണങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്താനുമാണ് കോൺഗ്രസ് ശ്രമിച്ചത്. വൻനഗരങ്ങളേക്കാൾ മെഹ്‌സാന, മോർബി തുടങ്ങിയ ചെറുപട്ടണങ്ങളെയാണ് അവർ ലക്ഷ്യമിട്ടത്.

ബിജെപി. അവരുടെ സ്വാധീനമേഖലകൾ നിലനിർത്തിയാൽ വിജയം ഉറപ്പിക്കും. പക്ഷേ, 150 സീറ്റെന്ന ലക്ഷ്യം നേടണമെങ്കിൽ ഗ്രാമങ്ങളിൽ കൂടുതൽ സീറ്റുകൾ നേടണം. എന്നാൽ, അവസാന നിമിഷങ്ങളിൽ അത്ഭുതങ്ങൽ സമ്മാനിക്കുന്നവരാണ് ഇന്ത്യൻ വോട്ടർമാർ.രണ്ടുസംസ്ഥാനങ്ങളിലും ജയിച്ചുകയറുമെന്നാണ് ബിജെപി വിശ്വസിക്കുന്നതെങ്കിലും, എക്‌സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്നതാവും അന്തിമ ഫലങ്ങളെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.