ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ എഹ്സാൻ ജഫ്രിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്. ഇവർക്കൊപ്പം 68 പേരും ഹർജി നൽകിയിരുന്നു. ഈ ഹർജിയാണ് ജസ്റ്റിസ് എ.എം.ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി.

ഗുജറാത്ത് കലപാത്തിനിടെ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ വിധവയാണ് സാകിയ. പ്രത്യേക അന്വേഷണ സംഘം 2012-ൽ സമർപ്പിച്ച ഫൈനൽ റിപ്പോർട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിർത്തുള്ള ഹർജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങൾ അംഗീകരിക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹർജിക്ക് മെറിറ്റ് ഇല്ല, അന്വേഷണത്തെ കുറിച്ചും, അന്വേഷണ റിപ്പോർട്ട് ശരിവച്ച മജിസ്‌ട്രേറ്റ് കോടതിയുടെയും, ഹൈക്കോടതിയുടെയും നടപടികളെ കുറിച്ചും ഹർജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജാഫ്രി സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവിടണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

2008 മാർച്ചിലാണു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിനു സിബിഐ മേധാവിയായിരുന്ന ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി രൂപം നൽകിയത്. ഈ സംഘമാണ് കേസ് എടുക്കാൻ പര്യാപതമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

നരേന്ദ്ര മോദി അടക്കമുള്ള അന്നത്തെ ഗുജറാത്ത് സർക്കാറിലെ ഉന്നതർക്ക് കലാപത്തിൽ പങ്ക് അന്വേഷിക്കാനായി വയോധികയായ സാകിയ ജാഫ്രി നടത്തിയ രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിന് ഇതോടെ അന്ത്യമായി. കഴിഞ്ഞ വർഷം ഒക്ടോബർ 26 നാണ് സുപ്രീം കോടതി സകിയ ജാഫ്രിയുടെ പ്രത്യേകാനുമതി ഹരജിയിൽ വാദം കേട്ടു തുടങ്ങിയത്.