ന്യൂഡൽഹി: ഗുജറാത്തിനും യുപിക്കും പിന്നാലെ ത്രിപുരയിലും ബിജെപിയിലേക്ക് എംഎ‍ൽഎമാരുടെ ഒഴുക്ക് തുടരുന്നു. ത്രിപുര നിയമസഭയിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ ആറ് പേരും ഇന്ന് ബിജെപിയിൽ ചേരും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ഇവർ ആറ് പേരും രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചതിന് ആറ് പേരെയും മമത ബാനർജി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ത്രിപുര അസംബ്ലിയിൽ ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. ഇതിനേക്കാൾ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് ഗുജറാത്തിൽ നടക്കുന്നത്. എല്ലാം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. ബീഹാറിൽ നിതീഷ് കുമാറിനെ അടർത്തിയെടുക്കാനായതും ബിജെപിക്ക് കരുത്തായി. ഇതോടെ യുപിയിൽ നിന്ന് ചില എംഎൽഎമാർ ബിജെപിയിൽ എത്തി. ഗുജറാത്തിലെ ഓപ്പറേഷൻ കോൺഗ്രസിനെ അടിമുടി പ്രതിസന്ധിയിലാക്കുകയാണ്.

ഗുജറാത്തിൽ ഇന്നു നിർണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, കോൺഗ്രസിനു വൻ തിരിച്ചടിയായി എൻസിപിയുടെ കാലുമാറ്റം സംഭവച്ചിരിക്കുന്നു. ഇന്നലെ രാത്രി നാടകീയമായി എൻസിപി നേതൃത്വം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനു വെല്ലുവിളിയേറി. ഇന്നുരാവിലെ 10ന് ആണു വോട്ടെടുപ്പ് ആരംഭിക്കുക. പിന്തുണ കോൺഗ്രസിനാണെന്ന് എൻസിപി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണു കാലുമാറ്റം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബൽവന്ത്‌സിങ് രാജ്പുത്ത് എന്നിവരുടെ വിജയം ഉറപ്പിച്ചുവെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പ്രതികരിച്ചതും ശ്രദ്ധേയമാണ്. ഇത് കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ചെറു പാർട്ടികൾക്ക് ബിജെപിയോട് താൽപ്പര്യം കൂടുകയാണ്.

ഗുജറാത്തിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ വിജയിക്കുമെന്ന ആത്മവിശ്വാസം ആവർത്തിക്കുമ്പോഴും നിർണായകമായി അഞ്ചു വോട്ടുകളുണ്ട്. കോൺഗ്രസിൽ നിന്നകന്നു നിൽക്കുന്ന മുൻ പ്രതിപക്ഷനേതാവ് ശങ്കർസിങ് വഗേല, എൻസിപിയുടെ ജയന്ത് പട്ടേൽ, കാന്ധൽ ജഡേജ, ഐക്യ ജനതാദളിന്റെ ചോട്ടുഭായ് വാസവ, ഗുജറാത്ത് പരിവർത്തൻ പാർട്ടിയുടെ നളിൻ കോത്താഡിയ എന്നിവരുടേതാണ് ഈ വോട്ടുകൾ. എൻസിപി ബിജെപി പക്ഷത്തേക്കു പോയതോടെയാണു കോൺഗ്രസിന്റെ നില നിർണായകമായത്. ചോട്ടുഭായ് വാസവയുടെ വോട്ട് പട്ടേലിനു ലഭിക്കുമെന്നാണു പ്രതീക്ഷ. അതിനപ്പുറം ഒരു ഉറപ്പുമില്ല. ഇടഞ്ഞുനിൽക്കുന്ന ഏക എംഎൽഎ നളിൻ കോത്താഡിയ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബംഗളൂരുവിലെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന 44 ഗുജറാത്ത് കോൺഗ്രസ് എംഎൽഎമാർ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അഹമ്മദാബാദിലേക്കു മടങ്ങിയത്. ഈ 44 എംഎൽഎമാരും കോൺഗ്രസിന് വോട്ടു ചെയ്താൽ അഹമ്മദ് പട്ടേലിനു ജയിക്കാനാകും.

അതിനിടെ കോൺഗ്രസ്സിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാണെന്നും നരേന്ദ്ര മോദിയും അമിത്ഷായും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പാർട്ടി നേതാക്കളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുതിർന്ന കേൺഗ്രസ്സ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. സാമ്പ്രദായിക രീതികൾ മോദിക്കെതിരെയും അമിത്ഷായ്‌ക്കെതിരെയും വിലപ്പോവില്ലെന്നും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സ് പ്രസക്തമാവാൻ നേതാക്കൾ അൽപം കൂടി സ്വയം പരുവപ്പെടണമെന്നും ജയറാം രമേശ് പറഞ്ഞു '1996നും 2004നും ഇടയിൽ ഭരണം നഷ്ടപെട്ട പാർട്ടി, തിരഞ്ഞെടുപ്പ് പ്രതിസന്ധിയാണ് നേരിട്ടിരുന്നതെങ്കിൽ ഇന്ന് നേരിടുന്നത് നിലനിൽപിന് വേണ്ടിയുള്ള പ്രതിസന്ധിയാണ്. തീർച്ചയായും പാർട്ടി അതിരൂക്ഷ പ്രതിസന്ധിയിലാണ്', ജയറാം രമേശ് പറയുന്നു.

'മോദിയോടും അമിത്ഷായോടുമാണ് തങ്ങൾ എതിരിടേണ്ടതെന്നാണ് പാർട്ടി ആദ്യം തിരിച്ചറിയേണ്ടത് . അവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തീർത്തും വ്യത്യസ്തമായാണ്. തങ്ങളുടെ സമീപനത്തിന് മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ തീർച്ചയായും ഈ പാർട്ടി തന്നെ അപ്രസക്തമാവും എന്ന് എനിക്ക് തുറന്നു പറയാതെ വയ്യ', അദ്ദേഹം കൂട്ടിച്ചേർത്തു ബിജെപിയിലേക്ക് കൂടുമാറാതിരിക്കാൻ 44 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയ നടപടിയെ ജറാം രമേശ് ന്യായീകരിച്ചു.

മാത്രമല്ല ബിജെപിക്കും മുൻകാലത്ത് സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു 'പഴയ മുദ്രാവാക്യങ്ങൾ ഇനി വിലപ്പോവില്ല. പഴയ സൂത്രവാക്യങ്ങളും മന്ത്രങ്ങളും ഇനി ഫലം കാണില്ല. ഇന്ത്യ മാറിയിരിക്കുന്നു. അതിനനുസരിച്ച് കോൺഗ്രസ്സും മാറേണ്ടതുണ്ട്'.രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഇതേ അഭിപ്രായം കോൺഗ്രസിലെ പല മുതിർന്ന നേതാക്കൾക്കും ഉണ്ട്. ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതിയും ചേരുന്നു. ഗുജാറാത്തിൽ എന്ത് സംഭവിക്കുമെന്നത് പ്രവർത്തക സമിതി യോഗത്തിൽ പ്രതിഫലിക്കും.