ന്യൂഡൽഹി: ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമമെന്ന് സംശയം. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇത്തരം ശ്രമങ്ങൾ മടക്കുന്നതായി പൊലീസ് സംശയിക്കുന്നത്.

ക്രൈസ്തവ മതവികാരം വളർത്തുന്നതിനായി യേശുക്രിസ്തുവിന്റെയും കന്യാ മറിയത്തിന്റെയും ചിത്രങ്ങളുള്ള ചെരിപ്പുകൾ ഗുജറാത്തിൽ സൗജന്യമായി വിതരണം ചെയ്തെന്നും മദ്ധ്യപ്രദേശിൽ പള്ളിയിൽ പോയ പെൺകുട്ടിയെ ജനക്കൂട്ടം ആക്രമിച്ചെന്നുമുള്ള വ്യാജ പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഇത്തരം പ്രചാരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലാണ് പൊലീസ്.

ചിത്രങ്ങൾ സഹിതമുള്ള ഈ വാർത്തകൾ ഇതിനോടകം ആയിരത്തോളം ആൾക്കാരിലെത്തിക്കഴിഞ്ഞതായാണ് വിവരം. മത വിദ്വേഷമാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി ആക്രമിക്കപ്പെട്ടെന്ന രീതിയിൽ മദ്ധ്യ പ്രദേശിലെ സംഭവം എന്ന പേരിൽ വന്ന വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന വീഡിയോ ഗ്വാട്ടിമാലയിൽ നിന്നുള്ളതാണെന്ന് പൊലീസ് പറയുന്നു

ലാറ്റിനമേരിക്കൻ രാജ്യത്ത് മോഷണക്കുറ്റം ആരോപിച്ച് പെൺകുട്ടിയെ തെരുവിൽ കത്തിച്ച സംഭവത്തിന്റെ വീഡിയോയാണ് മദ്ധ്യപ്രദേശിലെന്ന പേരിൽ പ്രചരിക്കുന്നത്. ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത ചെരിപ്പുകൾ ഗുജറാത്തിൽ സൗജന്യമായി നൽകി എന്ന വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ജൂലൈയിൽ നൈജീരിയയിൽ നിന്നുള്ള റിപ്പോർട്ടിന്റേതുമായിരുന്നു.

ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണം എന്നാവശ്യപ്പെട്ട് വാട്സ് ആപ്പ്, ട്വിറ്റർ എന്നീ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് പ്രചരണം വ്യാപകമാകുന്നത്. എന്നാൽ യാതൊരു സ്ഥിരീകരണവും ഇല്ലാത്ത ഇത്തരം വ്യാജ വാർത്തകൾക്കെതിരേ ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് പൊലീസ് പറയുന്നു. പ്രചരണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.