അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നത്തോടെ അവസാനിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളും കൊണ്ടു സജീവമായ പ്രചരണത്തിന്റെ അവസാനദിവസം സജീവ ചർച്ചയായത് അഹമ്മദ് പട്ടേലിന്റെ ബാനറും, മണിശങ്കർ അയ്യറുടെ പ്രസ്താവനയുമാണ്. കോൺഗ്രസിനും ബിജെപിക്കും നിർണയകമായ തെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ അതേ പ്രാധാന്യത്തോടെ തന്നെയാണ് ഇരുപാർട്ടിക്കാരും കാണുന്നത്. മാസങ്ങൾ നീണ്ട പരസ്യ പോരാട്ടം നാളെ അവസാനിക്കുമ്പോൾ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് രാജ്യം.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് അഹമ്മദ്പട്ടേൽ എത്തുമെന്നും മുസ്ലിംകൾ പട്ടേലിനായി ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററിന്റെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ സജീവമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ പോസ്റ്ററിനു പിന്നിൽ ബിജെപിയാണെന്നാരോപിച്ച അഹമ്മദ് പട്ടേൽ തോൽവി ഭയന്നാണിതെന്നും പ്രതികരിച്ചു. രാമക്ഷേത്രം ചർച്ചയാക്കിയതിന് പിന്നാലെ മുസ്ലിം പാർട്ടിയാണ് കോൺഗ്രസെന്നു വരുത്താനുള്ള ബിജെപി തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത്, കച്ച് എന്നീ മേഖലകളിലെ 89 മണ്ഡലങ്ങളാണ് മറ്റന്നാൾ പോളിങ് ബുത്തിലേക്ക് പോകുന്നത്. രാജ്കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണിയും കോൺഗ്രസ് എംഎൽഎ ഇന്ത്രാനിൽ രാജ്യഗുരുവും തമ്മിലാണ് പ്രധാനപോരാട്ടം.

ബിജെപി പ്രചാരണം നയിച്ച നരേന്ദ്ര മോദി കോൺഗ്രസിനെകടന്നാക്രമിക്കുന്നതോടൊപ്പം, ഗുജറാത്ത് പ്രാദേശിക വാദം, രാമക്ഷേത്ര നിർമ്മാണം, ചായക്കാരൻ പരാമർശം മണിശങ്കർ അയ്യരുടെ നീചമനുഷ്യൻ പ്രയോഗം തുടങ്ങിയവയെല്ലാം ചർച്ചയാക്കി. രാഹുൽ ഗാന്ധി മോദിയുടെ നയങ്ങളെ വിമർശിച്ചാണ് പ്രചാരണം കൊഴുപ്പിച്ചത്. ബിജെപിക്കെതിരെ പതിനായിരങ്ങളെ അണി നിരത്തി റാലികൾ നടത്തിയ ഹാർദിക് ശ്രദ്ധ പിടിച്ചുപറ്റി. കർഷക രോഷവും ജിഎസ്ടിയും, നോട്ട് നിരോധനവും, വ്യാപാരികൾ നടത്തിയ സമരവുമെല്ലാം ബിജെപിക്കെതിരെ ജനരോഷമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതെല്ലാം ബിജെപിയെ പരാജയപ്പെടുത്താൻ തക്ക കാരണങ്ങളായി മാറുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ഇതിനിടെ ചർച്ചയായ മറ്റൊരു വിഷയം മണിഷങ്കർ അയ്യരുടെ പ്രസ്താവനയാണ്. രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് ആ പാർട്ടിയിലെ ഔറംഗസേബ് രാജിന്റെ തുടർച്ചയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പ്രതിഷേധം. 'ആ മനുഷ്യൻ താഴെക്കിടയിലുള്ള ഒരാളാണ്. അദ്ദേഹത്തിനൊരു സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്' എന്നായിരുന്നു മോദിയെ കുറിച്ച് മണിശങ്കർ അയ്യർ പറഞ്ഞത്. ബിജെപി കോൺഗ്രസിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോൺഗ്രസിന് ആ സംസ്‌കാരമല്ല ഉള്ളതെന്നും പ്രസ്താവനയിൽ മണിശങ്കർ അയ്യർ മാപ്പു പറയുമെന്നുമാണെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മണി ശങ്കർ അയ്യർ ക്ഷമാപണം നടത്തിയിരുന്നു. മണിശങ്കർ അയ്യർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ പിന്നീട് സസ്‌പെൻൻ നൽകുകയായിരുന്നു.

ബിജെപിയും പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ നിന്ദ്യമായ ഭാഷയിലാണ് ആക്രമിക്കുന്നത്. കോൺഗ്രസിന് വ്യത്യസ്തമായ സംസ്‌കാരവും പൈതൃകവുമാണ് ഉള്ളത്. പ്രധാനമന്ത്രിക്കെതിരായുള്ള മണിശങ്കർ അയ്യരുടെ ഭാഷയേയും ശൈലിയേയും താൻ ഒരിക്കലും അഭിനന്ദിക്കില്ല. പാർട്ടിയും താനും പ്രതീക്ഷിക്കുന്നത് മണിശങ്കർ അയ്യർ ഇക്കാര്യത്തിൽ മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു.

തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടിപറയുമെന്നായിരുന്നു ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അവരിൽനിന്നും നിരവധി അധിക്ഷേപങ്ങൾ കണ്ടുകഴിഞ്ഞു. താൻ മുഖ്യമന്ത്രിയായിരുന്ന സമയത്തും അവർ അധിക്ഷേപിച്ചു. മരണത്തിന്റെ വ്യാപാരിയാണെന്നും ജയിലിൽ അടയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം-മോദി പറഞ്ഞു.

ഇരു പാർട്ടികൾക്കും നിർണയകമായ തെരഞ്ഞെടുപ്പാണ് ഗുജറാത്തിൽ അരങ്ങേറുന്നത്. ഗുജറാത്ത് മോഡൽ വികസനമെന്ന പേരിൽ രാജ്യത്ത് അധികാരമേറിയ മോദി സർക്കാരിന് ഗുജറാത്തിൽ ഒരു തോൽവി ഉണ്ടായാൽ അത് കേന്ദ്ര സർക്കാരിന് തന്നെ തിരിച്ചടിയാകും. കോൺഗ്രസിനും പ്രതിപക്ഷത്തിനും ഉജ്ജ്വലമായ തിരിച്ചുവരവിന് ഇടയാക്കുകയും ചെയ്യും. അടുത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ഇവിടെ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയത്ു. 193 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 113 ഉം കോൺഗ്രസും നേടിയിരുന്നു. ഗുജറാത്ത് നിയമസഭയിലെ 182 എംഎൽഎമാരിൽ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേൽ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബിജെപിയെ നേരിടാനാണ് കോൺഗ്രസിന്റെ ലക്ഷ്യം.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഡിസംബർ ഒമ്ബതിനും പതിനാലിനും ആണ്. വോട്ടെണ്ണുന്നത് ഡിസംബർ 18നും. ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും അഭിമാന പോരാട്ടമായാണ് കണക്കാക്കുന്നത്. ഒരു ഭാഗത്ത് കേന്ദ്രസർക്കാറിന്റെ സാമ്ബത്തിക, വികസന നയങ്ങളും മറുഭാഗത്ത് പുതിയ ഉണർവോടു കൂടി കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധിയുടെ സ്വപ്നതുല്യമായ വാഗ്ദാനങ്ങളുമാണ് വോട്ടർമാർ വിലയിരുത്തുക.