അഹമ്മദാബാദ്: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനാണ് ഇത്തവണ ഗുജറാത്ത് വേദിയാകുന്നത്. കോട്ട കാക്കാൻ ബിജെപിയും പിടിച്ചടക്കാൻ കോൺഗ്രസും ശ്രമിക്കുമ്പോൾ ഇരു പാർട്ടിയിലെയും പ്രബലരായ നേതാക്കളെയാണ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്ന പ്രധാന വോട്ട് ബാങ്ക് മതവിഭാഗങ്ങളാണ്. അതുകൊണ്ടു തന്നെ ഇത്തവണ ഉയർന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത്തവണത്തെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് ശ്വേത ബ്രഹ്മബട്ട് എന്ന 34 കാരിയാണ്. മണിനഗർ മണ്ഡലത്തിലാണ് ശ്വേത കോൺഗ്രസിനായി മത്സരത്തിനിറങ്ങുന്നത്. ലണ്ടനിൽ നിന്നും എംബിഎ ബിരുദം കൈക്കലാക്കിയതിന് ശേഷം നിരവധി വിദേശ ബാങ്കുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇത് കൂടാതെ ബാംഗ്ലൂരിലെ ഐഐഎമ്മിലെ രാഷ്ട്രീയ നേതൃത്വ കോഴ്സിലെ അനുഭവങ്ങളും ഈ കാലയളവിൽ പ്രദേശത്ത് നടത്തുവാൻ സാധിച്ചിട്ടുള്ള സാമുഹ്യ ബോധവൽക്കരണ പരിപാടികളും ഇവയ്ക്കൊക്കെ പുറമെ യുഎൻ ന്റെ പ്രത്യേക സ്‌കോളർഷിപ്പും ലഭിച്ചിട്ടുള്ള യുവതി മണ്ഡലം കോൺഗ്രസിനായി താൻ തിരിച്ച് പിടിക്കും എന്ന ഉറച്ച് വിശ്വാസത്തിലാണ്.

പ്രദേശത്തെ പ്രമുഖ കോൺഗ്രസ് നേതാവായ നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകളായ യുവതിക്ക് 2012 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലും ശ്വേത ഇത് നിരാകരിക്കുകയായിരുന്നു.പൊതുവെ ബിജെപി യുടെ ശക്തി കേന്ദ്രമായി കണക്കാക്കപ്പെടുന്ന മണിനഗറിൽ ശ്വേതയുടെ യുവത്വം നിറഞ്ഞ പ്രസരിപ്പും അനുഭവ സമ്പത്തും പ്രവർത്തന മേഖലകളിൽ നേടിയ വിജയങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 40 ശതമാനത്തിലധികം സത്രീ വോട്ടർമാരും യുവാക്കളും ഉള്ള മണ്ഡലം തനിക്ക് അനുകൂലമാണെന്ന പ്രതീക്ഷയിലാണ് ശ്വേതയും.