അഹമ്മദാബാദ്:ഗുജറാത്തിൽ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിൽ യേശുക്രിസ്തുവിനെ ദുർദേവതകളുടെ ഗണത്തിൽപ്പെടുത്തിയ സംഭവത്തിൽ അതൃപ്തിയും എതിർപ്പും രേഖപ്പെടുത്തി ഗുജറാത്തിലെ വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്തെത്തി.ഇതിനെ മതത്തെ ബാധിക്കുന്ന വിഷയമായിട്ടല്ല വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്ന വിഷയമായിട്ടാണ് തങ്ങൾ കാണുന്നതെന്നായിരുന്നു കാത്തലിക് ചർച്ച് ഓഫ് ഗുജറാത്ത് വക്താവ് ഫാ.വിനായക് ജാദവിന്റെ പ്രതികരണം.പാഠപുസ്തകത്തിലെ തെറ്റ് ഒരു മാസം മുമ്പ് തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജി എസ് എസ് ടി ബി ചെയർമാൻ,വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ അഥോറിറ്റി ചെയർമാൻ എന്നിവരെ ഇക്കാര്യം കൃത്യസമയത്തു തന്നെ അറിയിച്ചിരുന്നതായും തെറ്റ് പരിഹരിക്കാമെന്ന് അവർ ഉറപ്പു തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഗുജറാത്ത് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇതു സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നതായും എത്രയും പെട്ടെന്ന് പിഴവ് തിരുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തതായും ഫാ.വിനായക് ജാദവ് പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ തെറ്റ് ഉടൻ പരിഹരിക്കുമെന്ന ഉറപ്പുമായി ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി.ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.