കോഴിക്കോട്: ഗുജറാത്ത് വംശഹത്യയെതുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി മുസ്‌ലിംലീഗ് നിർമ്മിച്ചു നൽകിയ വീടുകൾക്ക് രേഖകൾ വേണമെന്നാവശ്യപ്പെട്ട് നരോദപാട്യ ഇരകൾ കോഴിക്കോട്ടെത്തി. ഗുജറാത്തിൽ നിന്നും 20 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്. ഇവരിൽ 12 പുരുഷന്മാരും എട്ട് സ്ത്രീകളുമാണുള്ളത്. ഗുജറാത്ത് കലാപത്തിൽ എല്ലാം നഷ്ടപെട്ടവർക്ക് ലീഗിന്റെ നേതൃത്വത്തിൽ 40 വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു.

എന്നാൽ വീടുകളുടെ രേഖകൾ ഇപ്പോഴും നവാബ് ബിൽഡേഴ്‌സിന്റെ പേരിലാണ്. ഇതു കാരണം വീടുകൾ പുതുക്കിപ്പണിയാനോ, കൂട്ടിചേർക്കാനോ ഇവർക്കു സാധിക്കുന്നില്ല. ഇതുമായി ബന്ധപെട്ട് നിരവധി തവണ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ ഇ അഹമ്മദ് വീട് നിർമ്മിച്ചുനൽകിയ നവാബ് ബിൽഡേഴ്‌സുമായും ബന്ധപെട്ടെങ്കിലും ഫലമുണ്ടായില്ല. ഓരോ ദിവസം കഴിയും തോറും ഞങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയാണ്. നിജസ്ഥിതി ബോധ്യപെടുത്താനാണ് കേരളത്തിലെത്തിയതെന്ന് നരോദപാട്യ ഇരകൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി കലാപബാധിതരെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിറ്റിസൺ നഗറിൽ ഞങ്ങൾക്ക് ലീഗ് വീട് നിർമ്മിച്ചു നൽകിയത്. നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഗ്യാസ്പൂർ പിരാനയുടെ നടുവിലാണ് ഈ കോളനി. 2004 മുതൽ 12 വർഷമായി ഈ മാലിന്യ കൂമ്പാരത്തിലാണ് ഇവിടെയുള്ളവർ താമസിക്കുന്നത്. വായുവും വെള്ളവും മലിനമായ ഇവിടെ പലരും മാരഗരോഗങ്ങൾ പിടിപെട്ട് മരിച്ചിട്ടുണ്ട്. മരിച്ചവരിൽ പലരും കലാപത്തിന്റെ സാക്ഷികളാണ്. കഴിഞ്ഞ വർഷം ഇവരുടെ മാലിന്യ കൂമ്പാരത്തിനിടയലിൽ ദുരിത ജീവിതത്തെക്കുറിച്ച് വാർത്ത വന്നതിനെ തുടർന്ന് ലീഗ് നേതാക്കൾ തങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മറ്റും അറിയിച്ചിരുന്നു.

എന്നാൽ നാളിതുവരെയായിട്ടും യാതൊരു പ്രതികരണവും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. സിറ്റിസൺ കോളനിക്കടുത്തുള്ള ദൊരാജി യത്തീം ഖാന കോളനി, ചീപ്പാ മേമൻ കോളനി എന്നിവടിങ്ങളിലെ താമസക്കാർക്ക് അതിന്റെ രേഖകൾ താമസമാക്കിയപ്പോൾ തന്നെ ലഭിച്ചിരുന്നു. ഇവിടുത്തെ മുസ്‌ലിം സംഘടനകൾ ഇടപെട്ട് ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഞങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കണം. അല്ലെങ്കിൽ വീടിന്റെ രേഖകൾ നൽകണം. പ്രശ്‌നം പരിഹരിക്കും വരെ കേരളത്തിൽ തുടരാനാണ് തീരുമാനമെന്നും നരോദ പാട്യയിലെ റിയാനബാലു, ഫറൂഖ്, ഗവേഷണ വിദ്യാർത്ഥികളായ ഷഹീദ് റൂമി, ആദിൽ ഹുസൈൻ എന്നിവർ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ അരങ്ങേറിയത്.