- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഗുജറാത്ത് എങ്ങിനെ ചിന്തിക്കുന്നു.?
അഞ്ച് വർഷങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ഗുജറാത്തിലേക്ക് പോകുന്നത്.കഴിഞ്ഞ തവണ എന്നെ സ്വീകരിക്കാനും ചർച്ച നടത്താനും ഞങ്ങളുടെ മഗൻ ഭായ് അവിടെ ഉണ്ടായിരുന്നു. 1974-ൽ സി.പി.ഐ.(എം)-ൽ നിന്നും രാജി വച്ച് പുറത്തുവന്ന് പുതിയ ഒരു തൊഴിലാളി സംഘടന രൂപീകരിച്ച വ്യക്തിയാണ് മഗൻ ദേശായ്. അദ്ദേഹത്തിന്റെ ലഘുലേഖ ' ഞാൻ എന്തുകൊണ്ട് സി.പി.ഐ.എം ഉപേക്ഷിക്കുന്നു.ന'ന' ഇപ
അഞ്ച് വർഷങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ഗുജറാത്തിലേക്ക് പോകുന്നത്.കഴിഞ്ഞ തവണ എന്നെ സ്വീകരിക്കാനും ചർച്ച നടത്താനും ഞങ്ങളുടെ മഗൻ ഭായ് അവിടെ ഉണ്ടായിരുന്നു. 1974-ൽ സി.പി.ഐ.(എം)-ൽ നിന്നും രാജി വച്ച് പുറത്തുവന്ന് പുതിയ ഒരു തൊഴിലാളി സംഘടന രൂപീകരിച്ച വ്യക്തിയാണ് മഗൻ ദേശായ്. അദ്ദേഹത്തിന്റെ ലഘുലേഖ ' ഞാൻ എന്തുകൊണ്ട് സി.പി.ഐ.എം ഉപേക്ഷിക്കുന്നു.ന'ന' ഇപ്പോഴും ബറോഡയിൽ പ്രശസ്തമാണ്. ഒരു പരിധിവരെ മഗൻ ഭായ് തന്നെയാണ് ബറോഡയിൽ ഇടതുപക്ഷ മനസ്സാക്ഷി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ബറോഡ കാംഗാർ യൂണിയൻ ബറോഡയിൽ ഏറ്റവും ശക്തമായ സംഘടനയാണ്. കഴിഞ്ഞ വർഷം മഗൻഭായ് നിര്യാതനായി.
പക്ഷെ എന്റെ മറ്റു സുഹൃത്തുക്കളെല്ലാം ഇപ്പോഴും ഗുജറാത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്താണ്, വ്യവസ്ഥാപിത ഇടതുപക്ഷത്തിലും നക്‌സലൈറ്റ് പ്രസ്ഥാനത്തിലുമുള്ളവരല്ലെന്ന് മാത്രം. തൃപ്തി ബഹൻ സ്ത്രീ പ്രസ്ഥാനങ്ങളിലാണ്. കഴിഞ്ഞ വർഷം സോണിയാ ഗാന്ധിയെ കുഴപ്പിച്ചവർ തന്നെ. പക്ഷേ നേട്ടം അടിച്ചത് സാക്ഷാൽ മോദി മാത്രം. തൃപ്തി കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഇതിനെതിരെ മോദിയ്‌ക്കെതിരെ ശബ്ദമുയർത്തിയിരുന്നു. എന്റെ മറ്റുസുഹൃത്തുക്കളായ ഭൂപേഷ്,ഭൂഷൺ,താക്കൂർ ഭായ് എന്നിവരെല്ലാം രംഗത്തുണ്ട്. എല്ലാവരും ഇപ്പോഴും ഗുജറാത്തിൽ വർഗ്ഗീയതക്കെതിരെ രംഗത്തുണ്ട്. എല്ലാവരും മോദിക്കെതിരെരംഗത്തുണ്ട്.
എന്റെ യാത്ര ബറോഡയിലേക്കായിരുന്നു ആദ്യം. എന്റെ ആദ്യ ദിവസങ്ങൾ ബറോഡയിൽ തന്നെയായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഗുജറാത്തായിരുന്നു ഞങ്ങളുടെ ചർച്ചയ്ക്ക് വിഷയം. അവിടെനിന്നും അഹമ്മദാബാദിലേക്ക്. മോദിയിലൂടെ എങ്ങിനെയാണ് ഗുജറാത്ത് മാറിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു എന്റെ ചോദ്യം. ഗാന്ധിജിയുടെ സമൂഹം മോദിയെ എങ്ങിനെ സ്വീകരിച്ചിരിക്കുന്നു, എങ്ങിനെ വീക്ഷിക്കുന്നു എന്നെല്ലാം ഞാൻ സ്വയം ചോദിച്ചു.
ബറോഡയും അഹമ്മദാബാദും കഴിഞ്ഞ് ഞാൻ ഓഖയിലേക്ക് തിരിച്ചു. മാറുന്ന ഗുജറാത്തിന്റെ പ്രതീകമാണ് സൗരാഷ്ട്ര ഹിന്ദുക്കളുടെ പുണ്യസങ്കേതങ്ങളായ ദ്വാരകയും സോമനാഥവും ഗാന്ധിജിയുടെ പോർബന്തറുമെല്ലാം മാറിക്കൊണ്ടിരിക്കുന്ന ഗുജറാത്തിന്റെ Vibran G#ujara ന്റെ പുതിയ മുഖങ്ങളാണ് പക്ഷെ ഇവരുടെ നേട്ടം നൽകേണ്ടത് മോദിക്കല്ല, മറിച്ച് പുത്തൻ സാമ്പത്തിക വ്യവസ്ഥയ്ക്കും ആഗോളവൽക്കരണത്തിനും കാരണമാണ്. നവ സാമ്പത്തിക ലോകത്തെ യാതൊരു മടിയും കൂടാതെ ഗുജറാത്ത് സമൂഹം സ്വീകരിച്ചിരിക്കുന്നു. എന്റെ ചില സുഹൃത്തുക്കൾക്കെങ്കിലും ഗുജറാത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
വർഗ്ഗീയത ഒരു പ്രശ്‌നമേയല്ലാതാകുന്നു ഇവിടെ. മോദിയെ 'ഫാസിസ്റ്റ്' എന്ന് വിളിക്കാമോ എന്ന സംശയംപോലും എന്റെ ഉടതുപക്ഷ സുഹൃത്തുക്കൾക്കുണ്ട്. വർഗ്ഗീയ കലാപങ്ങളുടെ രക്തം കൈകളിൽ പടർന്നിട്ടുള്ള മോദിക്ക് പിൻതുണ നൽകാനും പുത്തൻ സാമ്പത്തിക ക്രമം ഏറ്റെടുക്കാനും മുസ്ലിം സമൂഹംപോലും എന്തുകൊണ്ട് ഇവിടെ തയ്യാറായിരിക്കുന്നു. ?
യഥാർത്ഥ ഇടതുപക്ഷ വീക്ഷണത്തിൽ നാം മോദിയെ സമീപിക്കേണ്ടത് ഒരു വർഗ്ഗീയ കലാപ കാരിയെന്നോ ഹിന്ദു വർഗ്ഗീയ വാദി എന്ന നിലയ്‌ക്കോ അല്ല. സംശയമില്ല, മോദി കലാപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, അവ ഉണ്ടാകാൻ സൂത്രധാരിആയിട്ടുമുണ്ട്. ഇപ്പോൾ ഹിന്ദുവായി പെരുമാറുന്നുമുണ്ട്. പേരുതന്നെ 'നമോ' ("Nam#o') എന്നുപോലും മാറ്റാനുള്ള ശ്രമവുമുണ്ട്.
പക്ഷേ ഹിന്ദുത്വമല്ല, മോദിയോടുള്ള പിന്തുണയുടെ അടിസ്ഥാനം. മുസ്ലിം സമൂഹത്തിൽ നിന്നുപോലും പിൻതുണ ലഭിച്ചുകഴിഞ്ഞുമോദിക്ക്. ഈ നാട് മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. അവിടെ ഞാൻ കണ്ട സുഹൃത്തുക്കൾപോലും മോദിക്ക് മുസ്ലിം പിന്തുണ ലഭിച്ചതിൽ അതിശയപ്പെട്ടവരല്ല. ഇന്ന് മോദി മുസ്ലിം സമൂഹത്തിൻരെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ മുസ്ലിം സമുദായത്തിന് ഏറ്റവും വലിയ പരിരക്ഷ ലഭിക്കുന്നത് ഗുജറാത്തിലാണ് എന്ന വാദംപോലും ഉയർന്നുകഴിഞ്ഞു. ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ രക്ഷകനായി മോദി ഉയർത്തപ്പെട്ടുകഴിഞ്ഞാലും നാം അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടാണ് മോദി ഒരു പ്രിയനാകുന്നത്.? എന്തുകൊണ്ടാണ് കോൺഗ്രസ്സ് നേതൃത്വത്തെക്കാളും വിഘടിത ഗ്രൂപ്പുകളെക്കാളും ജനം മോദിയെ വിശ്വസിക്കുന്നത് ?
തീർച്ചയായും മോദി പുത്തൻ സാമ്പത്തിക നയത്തിന്റെ വക്താവാണ്. ഒരുപക്ഷേ കേരളത്തിൽ നമുക്ക് ചിന്തിക്കുവാൻപോലും പറ്റാത്ത തരത്തിലുള്ള വികസനമാണ്. ഗുജറാത്തിൽ നടക്കുന്നത്. ഉദാഹരണത്തിൽ ഞാൻ സന്ദർശിച്ച് 'ഓഖന' നഗരം. ദ്വാരകയോടടുത്തുള്ള തുറമുഖനഗരമാണ് ഇത്. നേവിയുടെ ഒരു കേന്ദ്രമാണ് ഓഖ. ബെട്ട് ദ്വാരകയിലേക്കുള്ള യാത്ര ഇവിടെനിന്ന് തുടങ്ങുന്നു. ഓഖയിലെ ജനങ്ങളുടെ മുഖ്യജോലി മത്സ്യബന്ധനമാണ്. അതുകൊണ്ട് ഭൂരിഭാഗം ജനങ്ങളും മുസ്ലിംങ്ങൾ. പല ഗ്രാമങ്ങളും മോദി ടാറ്റയ്ക്ക് വടകയ്ക്ക് നൽകി. കിലോമീറ്ററുകളോളം ദൂരത്തിൽ ടാറ്റയുടെ ഉപ്പുനിർമ്മാണ ശാല നമുക്കു കാണാം. കടൽതീരത്തുള്ള ജനങ്ങളെ മുഴുവൻ ടാറ്റ പറിച്ചു നട്ടു. എന്റെ ചില സുഹൃത്തുക്കൾ ബറോഡയിൽ നിന്നും അഹമ്മദാബാദിൽ നിന്നുമെല്ലാം എത്തി ഇവിടെ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചു. എന്തുഫലം.? ജനങ്ങൾ സമരത്തിന് തയ്യാറല്ല. ടാറ്റയും മോദിയും ജനങ്ങൾക്ക് അല്പംമാറി വീടുകൾ നിർമ്മിച്ചുനൽകി. പോരാത്തതിന് പുതിയ കമ്പനിയിൽ ജോലിയും നൽകി. ജനങ്ങൾക്ക് സന്തോഷം. ഇനി മീൻപിടിച്ച് ബുദ്ധിമുട്ടേണ്ട. കടലോ ഭൂമിയോ പോയാലെന്ത്? പുതിയ ജോലി മാസ ശമ്പളം. ഇത് ഒരുദാഹരണം മാത്രം. ഇങ്ങനെയാണ് മോദി ജനങ്ങളുടെ പിന്തുണ വാങ്ങിയതും.
യാതൊരുസംശയവും വേണ്ട, ഇന്ന് ഇന്ത്യയിൽ ഏറ്റവും വികസ്വരമാകുന്ന സംസ്ഥാനം ഗുജറാത്ത് തന്നെയാണ്. പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ ആർക്കും ഗുജറാത്തിലേക്ക് സ്വാഗതം. ഒരു നിയന്ത്രണവുമില്ല. എന്തും ചെയ്യാം. ഇതുകൊണ്ട് തന്നെ ലോകത്തിലെ പുതിയ വ്യവസായ ശക്തികൾ മുഴുവൻ മോദിയെ പുകഴ്‌ത്തുന്നു. ലോകത്തെമ്പാടുമുള്ള വ്യവസായ സംരംഭകർ ഗുജറാത്തിലേക്ക് വരുന്നു. പത്രങ്ങളെല്ലാം മോദിയെ വാഴ്‌ത്തുന്നു. മോദി ഗുജറാത്തിനെ വിബ്രാൻ ആക്കി മാറ്റിയിരിക്കുന്നു. നാം ഓർക്കേണ്ടതുണ്ട് ഇന്ന് പുത്തൻ വ്യവസായികരും സംരംഭകരും ബിസിനസ്സുകാരുമെല്ലാം ഇന്ത്യയിൽ വാഴ്‌ത്തി കാട്ടുന്നത് മോദി മാതൃകയെ മാത്രമാണ്. മോദി അവരുടെ എല്ലാം പൊന്നോമന പുത്രനാണ്.
മോദിക്ക് 'വർഗ്ഗീയത ന' എന്നത് ഒരുമുഖം മാത്രമാണെന്ന് എന്റെ സുഹൃത്തുക്കൾ പറയുന്നു. അത് കോൺഗ്രസ്സിനെ ദുർബലപ്പെടുത്താനുള്ള പല ഉപാധികളിൽ ഒന്നുമാത്രം. ഈ വർഗ്ഗീയതപോലും വ്യാവസായിക സംഘത്തിനുവേണ്ടി മാത്രമാണ്. എന്റെ സുഹൃത്ത് ഭൂപേഷ് ഒരു സമീപനം ചൂണ്ടികാട്ടി. 'ഓഖന' തന്നെ ഉദാഹരണം. ഓഖയിലെ മത്സ്യബന്ധന തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും വിട്ടുപോയി രുന്നില്ലയെങ്കിൽ മോദി തീർച്ചയായും 'വർഗ്ഗീയത എന്ന നിറംകാട്ടുമായിരുന്നു. ഗുജറാത്തിലെ, ഓഖയിലെ, മുസ്ലിം ജനത വികസനത്തിന് എതിർക്കുകയാണെന്ന് ആരോപിക്കുമായിരുന്നു. പക്ഷേ അതുവേണ്ടിവന്നില്ല എന്നുമാത്രം.
ഈ പുത്തൻ വികസനമാണ് മോദിയുടെ അടിത്തറയും പിന്തുണയും, വികസനം വരുമ്പോൾ അല്പം'കഷ്ടതന' സഹിച്ചേ പറ്റൂ. അല്പം കലാപം നടന്നാലെന്ത്? ഗുജറാത്തിന്റെ അടിത്തറ വർഗ്ഗീയത ആണോ ? അല്ല എന്നാണ് ഗുജറാത്തിൽ ഏറെ കാലമായി വർഗ്ഗീയതക്കെതിരെ പോരാടുന്ന ഭൂപേഷ് പറയുന്നത്. പക്ഷേ വളരെ സങ്കുചിതമായ, പാരമ്പര്യാധിഷ്ഠിതമായ ഒരു സമൂഹമാണ് ഗുജറാത്തിലേത്. ഹിന്ദുവായാലും, മുസ്ലിം ആയാലും. അതുകൊണ്ടാണ് ഭൂരിപക്ഷവും മദ്യം ഉപയോഗിക്കാത്തത്. ഭൂരിപക്ഷം ഹിന്ദുക്കളും മാംസം വാങ്ങാത്തത്. ഇടതുപക്ഷവാദികൾപോലും സസ്യാഹാരികളാണ്. അല്പം ഇറച്ചി കഴിക്കണമെങ്കിൽ പഞ്ചാബി ഹോട്ടലുകളിൽ പോകേണ്ടിവരും. പക്ഷേ അടിസ്ഥാനപരമായി ഗുജറാത്ത് ഒരു വർഗ്ഗീയ കലാപവേദിയല്ല.
മറ്റെല്ലാപ്രദേശങ്ങളിലുള്ളതുപോലെ ഗുജറാത്തിലും ജാതിവ്യത്യാസങ്ങളും അതിന്റെ വെറുപ്പുകളുമുണ്ട്. പക്ഷേ യു.പി.യിലോ, ബീഹാറിലോപോലെത്തെ ജാതി കലാപങ്ങൾ ഗുജറാത്തിലില്ല. ഓരോജാതിക്കാർക്കും അതിന്റെതായ വേലികെട്ടുകളുണ്ട്. പെൺകുട്ടികളുണ്ടാകുന്നത് ഇഷ്ടപ്പെടാത്ത പട്ടേലുമാരുണ്ട്. രാജവംശരെന്നു വിശ്വസിക്കുന്ന താക്കൂർമാരുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് സമാനമായ തരത്തിൽ സാമൂഹ്യവളർച്ച ഉണ്ടാകുന്നില്ല. എങ്കിൽപോലും സ്ത്രീകൾ മറ്റുസംസ്ഥാനങ്ങളെക്കാൾ ഗുജറാത്തിൽ സുരക്ഷിതമാണെന്നുപറയാം. കേരളത്തെയോ ഡൽഹിയിക്കാളോ എത്രയും അധികം സുരക്ഷിതം. ഇത് മോദിയുടെ നേട്ടമാണെന്ന് മോദിപോലും പറയില്ല. ഇത് ഗുജറാത്തിന്റെ പ്രത്യേകതയും സംസ്‌കാരവും മാത്രം. ഓഖയിൽ നിന്ന് കടലിലൂടെ ബെട്ട് ദ്വാരകയിലേക്ക് കടത്ത് നടത്തുന്ന ബോട്ടുകളിൽ ഭൂരിഭാഗവും മുസ്ലിം വ്യക്തികളുടെതാണ്. പേരും അങ്ങിനെതന്നെ. ഞാൻ കയറിയ ബോട്ടിന്റെ പേര് അൽ അമീൻ എന്നാണ്. ഓഖയിൽ ഇപ്പോഴും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ മുസ്ലിം വിഭാഗക്കാർ തന്നെ.
ഓഖയിൽ നിന്നും 240 കി.മി. അകലെയാണ് സോമനാഥ്. അറേബ്യൻ കടലിന്റെ തീരത്ത് വെരാവലിനോട് ചേർന്ന്. അതും മത്സ്യബന്ധന തുറമുഖം തന്നെ. ഇന്ത്യയിലെ ഏററവും പ്രധാന ഹിന്ദുക്ഷേത്രം ഇവിടെയാണ്. തീരത്തുതന്നെ ക്ഷേത്രം. ഇന്ത്യയിലെ ഹിന്ദുക്കളുടെ വൈകാരിക ക്ഷേത്രവും അതുതന്നെ. പക്ഷേ ഇവിടെയും ധാരാളം മുസ്ലിംങ്ങളെ കാണാം. സോമനാഥക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു പാർക്ക് ഉണ്ട്. ക്ഷേത്രത്തോട് ചേർന്ന് എല്ലാദിവസവും വൈകിട്ട് ഈ പാർക്കിൽ വരുന്നവർ മുസ്ലിം സ്ത്രീകളാണ്. അതും പർദ്ദ ധരിച്ചുവരുന്നവർ. ആരും അവരെ ചോദ്യം ചെയ്യാറില്ല. വിഭാഗീയതയും കാണാറില്ല. തീർച്ചയായും ഗുജറാത്തിന്റെ അടിസ്ഥാനം വർഗ്ഗീയതയല്ല. സോമനാഥക്ഷേത്രം കഴിഞ്ഞാൽ തീരപ്രദേശം മുഴുവൻ മത്സ്യബന്ധന ബോട്ടുകളുടെ നിർമ്മാണവും അറ്റകുറ്റപണികളും കാണാൻ കഴിയും. കേരളത്തിൽ മത്സ്യബന്ധനം നഷ്ടത്തിലേക്ക് നയിക്കുമ്പോൾ എന്തുകൊണ്ട് ഗുജറാത്തിൽ അത് ലാഭകരമാകുന്നു എന്ന് നാം സ്വയം ചോദിക്കേണ്ടതാണ്.
സാധാരണ സന്ദർശകർ ദ്വാരകയിൽ നിന്നും സോമനാഥിലേക്ക് പോകുന്നത് പോർബന്തർ സന്ദർശിച്ചശേഷമാണ്. പോർബന്തറിൽ ഞാൻ അവസാനമാണ് എത്തിയത്. ദ്വാരകയിൽ നിന്നും ആദ്യം സോമനാഥിലേക്ക് രാത്രിയിലെ യാത്ര. പഴഞ്ചൻ ബസ്സ്, നിറയെ യാത്രികർ. പോർബന്തറിൽ ഞാൻ എത്തുമ്പോൾ ഏതാണ്ട് അർദ്ധരാത്രി കഴിഞ്ഞു. ചാക്കുകളും ടിന്നുകളും പ്ലാസ്റ്റിക് കലങ്ങളുമായി ഒരുഡസനോളം സ്ത്രീകൾ കയറുന്നു. ഒരു പുരുഷൻപോലും കൂടെയില്ല. ഇന്ത്യയിൽ വേറെ ഏതൊരു സ്ഥലത്താണ് ഇങ്ങിനെ അസമയത്ത് സ്ത്രീകൾക്ക് ഒരു തുണപോലുമില്ലാതെ യാത്ര ചെയ്യാൻ കഴിയുക.? ഇതുതന്നെയാണ് യഥാർത്ഥ ഗുജറാത്ത്. വീണ്ടും പറയട്ടെ, ഇത് മോദിയുടെ നേട്ടമല്ല, മറിച്ച് ഗുജറാത്തിന്റെ സംസ്‌കാരമാണ്. ഗുജറാത്തിക്ക് അവന്റെ ജീവിത രീതിയുണ്ട്. അവന്റെ കുടുംബം, കച്ചവടം, സമ്പാദ്യം, യാത്രകൾ ഇതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ല.
പിന്നെ എങ്ങിനെയാണ് ഗുജറാത്തിൽ വർഗ്ഗീയതയിലൂടെ മോദി കടന്നുവരുന്നത്? എങ്ങിനെയാണ് ഗാന്ധിജിയുടെ സംസ്ഥാനം ഒരു വർഗ്ഗീയ ശക്തിയുടെ കോട്ടയായി മാറിയത് ? പൂർണ്ണമായും വർഗ്ഗീയത പറഞ്ഞല്ല മോദിയോ ബിജെപി.യോ ഭരണത്തിലേറിയത്. ഏറെക്കാലം കോൺഗ്രസ്സ് ഭരണത്തിലായിരുന്നല്ലോ ഗുജറാത്ത്. മറ്റുള്ള എല്ലാ കോൺഗ്രസ്സ് സംസ്ഥാനങ്ങളെയും പോലെ ഗുജറാത്തും അഴിമതിയുടെയും പക്ഷപാതത്തിന്റെയും കൂട്ടായ്മയായിരുന്നു കോൺഗ്രസ്സ്. വർഗ്ഗീയത തന്നെയായിരുന്നു കോൺഗ്രസ്സിന്റെയും പരിപാടി. ക്ഷത്രിയർ, ഹരിജൻ, ആദിവാസി, മുസ്ലിം വിഭാഗങ്ങളെ കൂട്ടിയാണ് കോൺഗ്രസ്സ് ഗുജറാത്തിൽ എല്ലാകാലത്തും അധികാരത്തിലേറിയത്. പക്ഷേ ഓരോ കാലത്തും ഓരോരുത്തരും കോൺഗ്രസ്സിനെ വിട്ടുപോയി. അവരിൽ മുസ്ലിംവിഭാഗത്തെ മാത്രം മാറ്റിനിർത്തി മറ്റുള്ള എല്ലാ ഹിന്ദുവിഭാഗങ്ങളെയും ഒന്നിച്ചു നിർത്തിയാണ് ബിജെപി. അധികാരത്തിൽ വരുന്നത്. അങ്ങനെ ഉപയോഗിക്കാൻവേണ്ടി മാത്രമാണ് മോദി ഹിന്ദു വർഗ്ഗീയത പറയുന്നതും.
ഇന്ന് മോദി ഞങ്ങളുടെ മാതൃകയായി മാറിയെന്ന് മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു. സത്യമെന്താണെങ്കിലും ഒരുകാര്യം എല്ലാവരും-എന്റെ ഇടതുപക്ഷ പ്രവർത്തകരും - അംഗീകരിക്കുന്നു. കോൺഗ്രസ്സ് ഭരണത്തെക്കുറിച്ച് ഓർമ്മയുള്ള ആരും വീണ്ടും കോൺഗ്രസ്സ് അധികാരത്തിൽ വരാൻ ആഗ്രഹിക്കില്ല. അതുതന്നെയാണ് മോദിയുടെ വിശ്വാസവും.ആര് എന്ത് പറഞ്ഞാലും കോൺഗ്രസ്സ്‌പോലും ഒരുകാര്യം സമ്മതിക്കുന്നു. മോദിയുടെ ഗവൺമെന്റ് അഴിമതി വിരുദ്ധമാണ് എന്നുമാത്രമല്ല ഇന്ന് ഇന്ത്യയിലെ ഏറ്റവും സുതാര്യമായ സർക്കാരും ഗുജറാത്തിൽതന്നെയാണ്. ഇത് മോദിയുടെ മാത്രം നേട്ടമാണ്.
എല്ലാം കേട്ടിട്ടും എന്റെ സംശയം നിലനിന്നു. ഗാന്ധിജിയുടെ നാട്ടിൽ ഒരു വർഗ്ഗീയ ശക്തി അധികാരത്തിൽ വരുന്നത് വിശ്വസിക്കാൻ പറ്റുമോ ? എന്റെ സുഹൃത്തുക്കൾക്ക് സംശയമില്ല. എന്ത് ഗാന്ധിജി ? ആദ്യകാലം മുതലേ ഗാന്ധിജി അത്ര വലിയ ദൈവമായിരുന്നില്ല ഗുജറാത്തുകാർക്ക.#് ഗാന്ധിജി സർവ്വദേശീയ വ്യക്തിത്വമായിരുന്നു. ഗുജറാത്തുകാരന്റെ മനസ്സല്ല ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. തന്റെ ലോകം മാത്രമാണ് ഒരു സാധാരണ ഗുജറാത്തിനെങ്കിൽ ലോകമായിരുന്നു ഗാന്ധിജിയുടെ മനസ്സ്. ഗാന്ധിജിയെക്കാൾ ഒരു സാധാരണ ഗുജറാത്തിക്ക് ഇഷ്ടം സർദാർ വല്ലഭായി പട്ടേലിനെ ആയിരുന്നു. പക്ഷേ ഗാന്ധിജി ലോകമനസ്സായി മാറിയപ്പോൾ ഗുജറാത്ത് അദ്ദേഹത്തെ ഏറ്റെന്നുമാത്രം. ഒരു തമാശ എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു. ഗാന്ധിജിയെ ഗുജറാത്ത് സ്വീകരിക്കുന്നത് അദ്ദേഹം നല്ല ഒരു വില്പന ചരക്കു മാത്രമായപ്പോൾ ആണ്. പോർബന്തറിനെയും സബർമതിയെയും നല്ലവണ്ണം വിൽക്കാമെന്ന് ഗുജറാത്തുകാരൻ മനസ്സിലാക്കിയപ്പോഴാണ് ഗാന്ധിജിയെ ഗുജറാത്തുകാരനായി അവർ ഏറ്റതും വിറ്റതും, അതുകൊണ്ടുതന്നെ ഗാന്ധിജിയോട് വലിയ മനസ്സ് ഒന്നും ഗുജറാത്തിനില്ല. ഈ മനസ്സ് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് മോദി പട്ടേലിനെ മാതൃകയായി രൂപപ്പെടുത്തുന്നതും. പട്ടേലാണ്, പട്ടേലിന്റെ ഹിന്ദുത്വമാണ് മോദിയുടെ മാതൃക.
ഒരു അനുഭവം പറയട്ടെ, ഒരു ഗുജറാത്ത് മനസ്സ് എങ്ങിനെയാണ് ചിന്തിക്കുന്നത് എന്ന് ഈ അനുഭവത്തിലൂടെ നമുക്ക് വ്യക്തമാകും. ഓഖയിൽ നിന്ന് ദ്വാരകയിലേക്ക് ഞാൻ മടങ്ങുകയായിരുന്നു. ഒരു ഷെയർ ഓട്ടോയിൽ. ഓഖ മുതൽ സോമനാഥ് വരെ 240 കി.മീ. ദൂരത്തിൽ പണി നടക്കുകയാണ്, ഒറ്റകിലോമീറ്റർ പോലും യാത്രാ സൗകര്യമല്ല. നമ്മുടെ നാട്ടിൽ ഒറ്റ ഓട്ടോ പോലും ഈ വഴിയിൽ വരില്ല. ഞാൻ ഇതിനെപ്പറ്റി ഡ്രൈവറോട് ചോദിച്ചു. അയാൾക്ക് അത് പ്രശ്‌നമല്ല. കുറഞ്ഞത് ഒരു വർഷമെങ്കിലും കൊണ്ടേ പണി തീരുകയുള്ളു. അയാൾ അതു സഹിക്കാൻ തയ്യാറാണ്, കാരണം ഒരു വർഷം കഴിഞ്ഞാൽ പ്രശ്‌നമില്ലല്ലോ. നല്ല റോഡിനുവേണ്ടി ഒരു വർഷം തയ്യാറായി ഇരിക്കാൻ ഞങ്ങൾക്കാകും അതോടെ ഞങ്ങൾക്ക് സുഖമാണല്ലോ. ഇത്തരം ഒരു സങ്കല്പം കേരളത്തിനുണ്ടോ ?മോദിയെപ്പോലെ ഒരു ഭരണാധികാരി, അയാൾ ഏതു പാർട്ടിക്കാരനുമാകട്ടെ, ഏതു വിശ്വാസക്കാരനുമാകട്ടെ, നമുക്ക് വേണ്ടി അങ്ങിനെ ഒരാൾ വന്നാൽ കേരളം അയാളെ വിശ്വസിക്കുമോ ?
എന്റെ ഗുജറാത്ത് കണ്ടെത്തൽ ഇവിടെ തീരുകയാണ്. ബാബറി മസ്ജിദ് പ്രശ്‌നത്തിനുശേഷം ഒരിക്കൽ ഞാൻ അയോദ്ധ്യ-ഫെയ്‌സാബാദിലെത്തിയിരുന്നു. എന്താണ് ജനങ്ങളുടെ വീഷണം എന്നറിയാൻ മാത്രം. ഒരു തട്ടുകട ചായക്കാരൻ എന്നോട് വ്യക്തമായി ചോദിച്ച ' നിങ്ങളെല്ലാം എന്തിനാണ് ഇങ്ങോട്ട് വരുന്നത്? പണ്ടും ഞങ്ങൾ സ്‌നേഹപൂർവ്വം ജീവിച്ചിരുന്നു. ഞങ്ങൾക്ക് വ്യത്യാസങ്ങളും ദാരിദ്ര്യങ്ങളും ഒരുപോലെയായിരുന്നു. ബാബറും, രാമനും ഞങ്ങളെ ശത്രുക്കളാക്കിയില്ല. ഇന്നും ഞങ്ങൾ , ഈ നാട്ടുകാർ ഒന്നുപോലെ തന്നെ. നിങ്ങൾ വിദേശിയരാണ് ഇവിടെ പ്രശ്‌നം സൃഷ്ടിച്ചത് എന്തിനാ വെറുതെ ഞങ്ങളെ ഉപദ്രവിക്കുന്നത് ? ഞങ്ങളെ ഉപദ്രവിക്കരുത്' ''ഇതുതന്നെയാണ് ഒരു സാധാരണ ഗുജറാത്തുകാരനും വിശ്വസിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ജീവിതവുമായി ഇവിടെ കഴിഞ്ഞോളാം. ഞങ്ങളാരും വർഗ്ഗീയ വാദികളല്ല. ആരെങ്കിലും ഞങ്ങളെ ഭരിച്ചോട്ടെ, നിങ്ങൾക്കെന്തുവേണം?