അഹമ്മദാബാദ് :ബാധ ഒഴിപ്പിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഗുജറാത്ത് മന്ത്രിമാർ വിവാദത്തിൽ. ഗുജറാത്ത് വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാർമാർ എന്നിവരാണ് വിവാദത്തിലായത്.

ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തിലായിരുന്നു ബാധയൊഴിപ്പിക്കൽ ചടങ്ങ്. ശനിയാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.ബാധ ഒഴിപ്പിക്കുന്ന മന്ത്രവാദികളുടെ മുമ്പിലിരിക്കുന്ന മന്ത്രിമാരെ വീഡിയോയിൽ വ്യക്തമായി കാണാമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു മന്ത്രവാദികൾ ഗുജറാത്തി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ അടിക്കുന്നതും വിഡിയോയിൽ ദുശ്യമാണ്. ബിജെപിയുടെ പ്രാദേശിക ഘടകം സംഘടിപ്പിച്ച ചടങ്ങിൽ പ്രദേശത്തെ എംഎൽഎമാരും പങ്കെടുത്തെന്നാണ് വിവരം.

വീഡിയോ പുറത്തായതോടെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ പ്രവർത്തകരും യുക്തിവാദികളും രംഗത്തെത്തി.അതേസമയം,ഒരു വിശുദ്ധ ചടങ്ങിൽ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് മന്ത്രി ചുടാസമ പ്രതികരിച്ചു.