ന്യൂഡൽഹി: ഗുജറാത്തിൽ 2002ൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നൂറു കണക്കിന് ജീവൻ പൊലിഞ്ഞതിന്റെ പ്രധാന ഉത്തരവാദി നരേന്ദ്ര മോദി എന്ന് ഗുജറാത്ത് കലാപം നേരിട്ട പട്ടാള മേധാവിയുടെ വെളിപ്പെടുത്തൽ. മുൻ ലെഫ്റ്റനന്റ് ജനറൽ സമീറുദ്ദിൻ ഷായുടെ പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുകൾ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പട്ടാളം ഇറങ്ങുന്നത് വൈകിപ്പിച്ചില്ലായിരുന്നെങ്കിൽ 300 പേരുടെ എങ്കിലും ജീവൻ രക്ഷിക്കാമായിരുന്നെന്നാണ് ഷാ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്.

കലാപം നിയന്ത്രിക്കുന്നതിനുള്ള സൈനിക നടപടികൾക്ക് നേതൃത്വംവഹിച്ചത് മുൻ ലെഫ്റ്റനന്റ് ജനറൽ സമീറുദ്ദിൻ ഷാ ആയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന 'ദ സർക്കാരി മുസൽമാൻ' എന്ന സമീറുദ്ദിൻ ഷായുടെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. കലാപ ബാധിത പ്രദേശത്ത് പട്ടാളം എത്താൻ സംസ്ഥാനം സൃഷ്ടിച്ച തടസ്സംമൂലം 34 മണിക്കൂറാണ് വൈകിയത്. സ്ഥിതി ഗുരുതരമായിട്ടും പട്ടാളക്കാർക്ക് കലാപ ബാധിത പ്രദേശങ്ങളിലേക്ക് എത്താൻ സർക്കാർ വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.

മാർച്ച് ഒന്നിനു പുലർച്ചെ രണ്ടു മണിക്കു പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് സേന എത്തുന്ന വിവരം അറിയിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തു നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് 3,000 പട്ടാളക്കാർ അന്ന് രാവിലെ തന്നെ അഹമ്മദാബാദിൽ എത്തിയത്. എന്നാൽ ഇവർക്ക് കലാപബാധിത പ്രദേശങ്ങളിൽ എത്താൻ സർക്കാർ വാഹനം ഒരുക്കിയിരുന്നില്ല. ഇവരെ എവിടെ വിന്യസിക്കണം എന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്തിരുന്നില്ല.

പട്ടാളത്തെ വിന്യസിക്കുന്നതിൽ കാലതാമസം ഉണ്ടായില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐ.ടി) റിപ്പോർട്ട് പച്ചക്കള്ളമാണെന്നും പുസ്തകം അഭിപ്രായപ്പെടുന്നു. കലാപം കൊടുമ്പിരി കൊണ്ട സമയത്ത് ഒന്നര ദിവസത്തോളമാണ് പട്ടാളക്കാർക്ക് വെറുതെ ഇരിക്കേണ്ടി വന്നത്. വാഹനസൗകര്യത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു എന്നായിരുന്നു സർക്കാരിൽനിന്നു ലഭിച്ച പ്രതികരണം. മനുഷ്യർ കൂട്ടക്കൊലക്കിരയാവുന്നത് തടയേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമായത്. യഥാസമയം പട്ടാളത്തെ ഇറക്കിയിരുന്നുവെങ്കിൽ 300 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

സർക്കാർ വേണ്ട സൗകര്യം ഒരുക്കിയിരുന്നെങ്കിൽ ഒന്നര ദിവസത്തിനുള്ളിൽ കലാപം അടിച്ചമർത്താമായിരുന്നു. എന്നാൽ പൊലീസും സർക്കാരും ഒന്നിച്ച് നിന്ന് കലാപത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത്. മുസ്ലിംകളോട് തീർത്തും വിവേചനപരമായ നീക്കങ്ങളാണ് സംസ്ഥാന പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അക്രമികൾ തീവയ്‌പ്പും കൊള്ളയും നടത്തുമ്പോൾ ഗുജറാത്ത് പൊലിസ് നോക്കിനിൽക്കുകയായിരുന്നു. ഭൂരിപക്ഷ മതത്തിൽപ്പെട്ട എംഎ‍ൽഎമാർ പൊലിസ് സ്റ്റേഷനുകളിൽ കൂടിയിരിക്കുന്നതും കണ്ടു. കർഫ്യു ഏർപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ മുസ്ലിം ഭൂരിപക്ഷ മേഖലകളെ മാറ്റിനിർത്തിയാണ് കർഫ്യു പ്രഖ്യാപിച്ചത്. കലാപകാരികൾക്ക് മുസ്ലിം പ്രദേശങ്ങളിൽ അഴിഞ്ഞാടാൻ സൗകര്യമൊരുക്കുന്നതായിരുന്നു അത്.

യഥാസമയം തങ്ങൾക്ക് വാഹനം നൽകാൻ തയാറായിരുന്നെങ്കിൽ കലാപത്തിന്റെ രൂക്ഷത കുറയ്ക്കാൻ കഴിയുമായിരുന്നു. 48 മണിക്കൂറിനുള്ളിൽ, അതായത് മാർച്ച് നാല് ആയപ്പോഴേക്കും കലാപം അടിച്ചമർത്തി. സർക്കാർ സൗകര്യം ഒരുക്കിയിരുന്നുവെങ്കിൽ മാർച്ച് രണ്ടിനു തന്നെ കലാപം അടിച്ചമർത്താമായിരുന്നെന്നും ഷാ തന്റെ പുസ്തകത്തിൽ പറയുന്നു. താൻ കണ്ട കാര്യങ്ങൾ സത്യസന്ധമായി വിവരിക്കുക മാത്രമാണ് പുസ്തകത്തിൽ ചെയ്യുന്നതെന്നും സമീറുദ്ദിൻ ഷാ ആമുഖത്തിൽ പറയുന്നുണ്ട്. പുസ്തകത്തിന്റെ ആധികാരികത ജനറൽ പത്മനാഭൻ അടക്കം രണ്ടു മുൻ കരസേനാ മേധാവിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അയോധ്യയിൽനിന്നുള്ള കർസേവകർ സഞ്ചരിച്ച സബർമതി എക്സ്പ്രസിന്റെ രണ്ട് ബോഗികൾ 2002 ഫെബ്രുവരി 28ന് ഗോധ്രയിൽവച്ച് അഗ്‌നിക്കിരയായതിനു പിന്നാലെയാണ് ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പുസ്തകം പ്രകാശനം ചെയ്യും. അലിഗഡ് സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ സമീറുദ്ദിൻ ഷാ, പരംവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.