കാസർഗോഡ്: സ്വർണ്ണ വിതരണക്കാരനെ അടിച്ചു വീഴ്‌ത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ മുഖ്യപ്രതി പൈവളികയിലെ ഗുജ്രി അമ്മി എന്ന ഗുജ്രി ഹമീദ് അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് തലവനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കേരള കർണ്ണാടക അതിർത്തി മേഖലയിലെ പൊലീസ് അധികാരികളിൽ ഉന്നത സ്വാധീനമുള്ളതുകൊണ്ടു തന്നെ ഗുജ്‌റി അമ്മിക്ക് പുതിയ കേസുണ്ടാക്കുന്നതിൽ ഒരു പ്രശ്‌നവുമില്ല. നിലവിൽ ഇരുപത്തെട്ടോളം കേസുകളിൽ പ്രതിയായ ഗുജ്‌റി അമ്മി എസ്.ഐ.മാരെപ്പോലും ഭീഷണിപ്പെടുത്തി നിലക്കു നിർത്തിയിരുന്നു.

കാസർഗോഡ് ജില്ലയിൽ കുറ്റ കൃത്യം നടത്തിയാൽ കർണ്ണാടകത്തിലെ വിട്‌ലയിലാണ് അമ്മിയുടേയും സംഘത്തിന്റേയും സുഖവാസം. പല കേസുകളിലൂം ഗുജ്‌റി മുഖ്യ പങ്ക് വഹിച്ചെങ്കിലും ഒന്നിൽപ്പോലും പിടിവീഴാത്തത് പൊലീസിന്റെ സ്വാധീനം ഒന്നു കൊണ്ടു മാത്രം.
ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ഗുജ്‌റി സംഘം കഞ്ചാവ് കടത്തിക്കൊണ്ടു വരാറുണ്ട്. ഈ സാമ്രാജ്യത്തിന്റെ വിപുലീകരണത്തിനാണ് സ്വർണ്ണ വിതരണക്കാരനായ തൃശ്ശൂർ സ്വദേശി ടോണിയെ ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കാൻ പ്രേരിപ്പിച്ചത്. ഗുജ്‌റിയെ ചോദ്യം ചെയ്തതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോൾ 749.50 ഗ്രാം സ്വർണം കോഴിക്കൂടിന്റെ ചുവട്ടിൽ ഒളിച്ചു വച്ചതായി കാണപ്പെട്ടു.

കാറിൽ ഊണും ഉറക്കവുമായി കഴിഞ്ഞിരുന്ന ഗുജ്‌റി കവർച്ച നടന്നശേഷം വീട്ടിലെത്തിയത് വീട്ടുകാർക്കുപോലും അത്ഭുതമുളവാക്കിയിരുന്നു. എന്നാൽ കളവു മുതലിലെ പങ്ക് ഒളിച്ചു വെക്കാനായിരുന്നു ഇതെന്ന് വീട്ടുകാരറിയുന്നത് പൊലീസിനൊപ്പം ഗുജറി അമ്മി വീട്ടിലെത്തിയതിനാലാണ്. നേരത്തെ ഗുജ്‌റി നടത്തിയ ഒരു കേസിലും മോഷണമുതൽ കണ്ടെത്താനായില്ല. വ്യക്തമായ തെളിവുകളോടെ പിടിയിലാകുന്നത് ഇത് ആദ്യം. ഗുജ്‌റി ഹമീദിനൊപ്പം വിട്‌ലയിലെ ജൂവലറി തൊഴിലാളി പി.മൻസൂർ, അബ്ദുൾ റാസിക്ക്, എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്്. സംഭവത്തിൽ മറ്റ് ഏഴ് പ്രതികൾകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ജനുവരി 12 ന് രാത്രി ഏഴുമണിക്കാണ് കാസർഗോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം വച്ച് സ്വർണ്ണാഭരണ വിതരണക്കാരനായ തൃശ്ശൂർ ചെമ്പുക്കാവ് സ്വദേശിയായ ടോണിയെ അടിച്ചു വീഴ്‌ത്തിയത്. 1.318 കിലോഗ്രാം സ്വർണ്ണാഭരണവും 4,36,350 രൂപയുമാണ് ടോണിയിൽ നിന്നും കവർച്ച ചെയ്തത്. കർണ്ണാടകത്തിലെ സുള്ള്യക്കടുത്ത വിട്‌ലയിലെ സ്വർണ്ണക്കടയിൽ സ്വർണം നൽകി പണവുമായി തിരിച്ച് തൃശ്ശൂരിലേക്ക് പോകവേയാണ് അക്രമമുണ്ടായത്. ടോണിയുടെ മടക്കയാത്ര സുസൂഷ്മം പഠിച്ച ഒരാളുടെ തലയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് അന്നേ സംശയമുണ്ടായിരുന്നു.

വിട്‌ലയിലെ ജൂവലറി ഉടമയെയായിരുന്നു ആദ്യം സംശയിച്ചത്. ജൂവലറി ഉടമ മറ്റ് രണ്ട് വിതരണക്കാരെ പണം നൽകാതെ പറഞ്ഞു വിടുകയും ടോണിയെ കടയിലിരുത്തി അവർ പോയശേഷം പണം നൽകുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കടയുടമക്ക് ഇതിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കവർച്ചക്ക് അതേ കടയിലെ മൻസൂർ എന്നയാളാണ് എല്ലാ ഒത്താശകളും ചെയ്തത്. ഗുജ്‌റി ഹമീദിന്റെ കൂട്ടാളിയായ റാസിക്കിന് മൻസൂർ ഫോൺ ചെയ്യുന്നതും ടോണിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും കടയിലെ സി.സി. ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.

ടോണിയെ അടിച്ചു വീഴ്‌ത്തി സ്വർണ്ണവും പണവും തട്ടിയെടുക്കാൻ റാസിക്ക് നിയോഗിച്ചത് ഗുജ്‌റി ഹമീദിനേയും കൂട്ടാളി നൗഷാദിനേയുമാണ്. കഞ്ചാവ് കടത്തുമായാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. ജൂവലറിയിൽ നിന്ന് പണവുമായും സ്വർണ്ണമടങ്ങിയ ബാഗുമായും ഇറങ്ങിയ ടോണിയെ വിട്‌ല ബസ്സ് സ്റ്റാൻഡിൽ വച്ച് അക്രമിച്ച് കവർച്ച നടത്താനാണ് മൻസൂർ നിർദ്ദേശിച്ചത്. എന്നാൽ കടയിൽ നിന്നും ഇറങ്ങിയ ഉടൻ കാസർഗോഡേക്ക് പോവുകയായിരുന്ന ബസ്സ് നിർത്തി ടോണി അതിൽ കയറുകയാിരുന്നു. അതോടെ കവർച്ചാ സഘത്തിന്റെ ആദ്യ ഉദ്യമം പാളി. തുടർന്ന് ഏതു വിധേനയും പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ഹമീദും നൗഷാദും കാറിനെ പിൻതുടർന്നു. കേരള കർണ്ണാടക അതിർത്തിയിൽ സ്ഥാപിച്ച സി.സി. ടി.വി. ക്യാമറയിൽ കാറിന്റെ ദൃശ്യം വ്യക്തമായിട്ടുണ്ട്.

കാസർഗോഡ് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബസ്സ് ഇറങ്ങിയ ടോണി കോഴിക്കോട്ടേക്കുള്ള ബസ്സിന്റെ സമയം ചോദിച്ച് അടുത്ത ഹോട്ടലിലേക്ക് പോയി. ഹോട്ടൽ വരെ കവർച്ചാ സംഘം പിൻതുടർന്നെങ്കിലും കവർച്ച നടത്താനുള്ള രണ്ടാമൂഴവും അലസുകയായിരുന്നു. ഹോട്ടലിൽ നിന്നും തിരിച്ച് ക്രോസ് റോഡിലൂടെ വേഗത്തിൽ നടന്നു പോവുകയായിരുന്ന ടോണി തിരക്കു കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ആ അവസരം ഉപയോഗപ്പെടുത്തി ടോണിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കവർച്ച നടന്ന ഉടൻ അതേ കാറിൽ തന്നെ മോഷ്ടാക്കൾ വിട്‌ലയിലേക്ക് തിരിച്ചു.

പൊലീസ് അന്വേഷണം മുറുകിയപ്പോൾ മൻസൂറും നൗഷാദും മുങ്ങിയിരിക്കയാണ്. 80 കിലോഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ഗുജ്ഖറി ഹമീദിനെ പിടികൂടിയതോടെയാണ് കവർച്ചയുടെ പിന്നാമ്പുറങ്ങൾ വെളിവായത്. കഞ്ചാവ് മാഫിയ സാമ്രാജ്യം വികസിപ്പിക്കാനാണ് ഈ കവർച്ച നടത്തിയതെന്ന് പൊലീസിന് അറിവായിട്ടുണ്ട്.