- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിൽ ചേരുന്നെങ്കിൽ വാജ്പേയിയുടെ കാലത്തെ ആകാമായിരുന്നു; ഞാൻ പാർലമെന്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തിൽ നിന്നല്ല; ജമ്മു കാശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരും: ഗുലാം നബി ആസാദ്
ശ്രീനഗർ: രാജ്യസഭാംഗത്വ കാലവധി കഴിഞ്ഞ ശേഷം താഴ്വരയിൽ സന്ദർശനത്തിനെത്തിയ കാശ്മീരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പ്രവർത്തകർ നൽകിയത് ഊഷ്മള സ്വീകരണം. ഇതിനിടെ ബിജെപിയിൽ ചേരുമെന്ന പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർക്കിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വൈകാരിക പ്രകടനമാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരുന്നത്. ഗുലാം നബി ആസാദ് ബിജെപിയിലേക്കെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്തകളെ തുടക്കത്തിൽ തന്നെ തള്ളിയ ആസാദ്, ഇപ്പോൾ സംശയത്തിന് ഇടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
കശ്മീരിലെ ഷഹീദ് ചൗക്കിൽ കോൺഗ്രസ് ഓഫീസിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് മുഴുവൻ അഭ്യൂഹങ്ങളെയും ഗുലാംനബി തള്ളിക്കളഞ്ഞത്. 'ഞാൻ പാർലമെന്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്്ട്രീയത്തിൽ നിന്നല്ല. ബിജെപിയിൽ ചേരാനാണെങ്കിൽ അത് വാജ്പേയിയുടെ കാലത്ത് തന്നെ ആകാമായിരുന്നു'- ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മു കാശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വിവേചനങ്ങൾ ഒന്നുമില്ല. വീക്ഷണങ്ങളിലെ വ്യത്യാസം മാത്രമാണുള്ളതെന്നും പാർട്ടിയിലുള്ളവരുടെയെല്ലാം ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്