ബാംഗ്ലൂർ: കർണ്ണാടകയിലെ കലബുറഗിയിലെ നഴ്‌സിങ് കോളജിൽ മലയാളി വിദ്യാർത്ഥിനി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ മൂന്ന് പേർ അറസ്റ്റിലായി. ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്ന് പേരും ചേർന്നാണ് അശ്വതിയെ ഫീനെയ്ൽ കുടിപ്പിച്ചതെന്നാണ് വ്യക്തമായത്. പ്രതികൾ കുറ്റം ഭാഗികമായി സമ്മതിച്ചതായി കലബുറഗി എസ്‌പി ശശികുമാർ അറിയിച്ചു. റ

ാഗിങ്ങിന് ഇരയായ എടപ്പാൾ സ്വദേശിനി അശ്വതിക്കൊപ്പം ഹോസ്റ്റൽ മുറിയിൽ താമസിക്കുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മൂന്നു പേരെയും പിടികൂടിയത്. ഇന്നലെ നാട്ടിൽ നിന്നും ഇവർ ഹോസ്റ്റലിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് വിളിച്ചു വരുത്തിയ ശേഷം പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.

അതിനിടെ, റാഗിങ് സംബന്ധിച്ച് കർണാടക ചീഫ് സെക്രട്ടറി, ഡിജിപി, കോഴിക്കോട് ജില്ലാ കലക്ടർ എന്നിവരോടു ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം റാഗിങ് സംഭവത്തെ ക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാഗിങ്ങിൽനിന്നു വിദ്യാർത്ഥികളെ സംരക്ഷിക്കുകയെന്നതു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. ''സംഭവം നടന്ന് രണ്ടാഴ്ചയായി; വിഷയം മറച്ചുവയ്ക്കാനാണ് പൊലീസും കോളജ് അധികൃതരും ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് നിരോധിച്ചിട്ടുള്ളതാണ്, മാർഗ നിർദേശങ്ങൾ നിലവിലുണ്ട്'' കമ്മിഷൻ വ്യക്തമാക്കി.

ഇതേസമയം, റാഗിങ് ആരോപണം കലബുറഗി അൽ ഖമർ കോളജ് ഓഫ് നഴ്‌സിങ് ഉടമയും കർണാടക മുൻ ന്യൂനപക്ഷ ക്ഷേമമന്ത്രിയുമായ ഖമറുൽ ഇസ്ലാം നിഷേധിച്ചു. വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് കോളജ് അധികൃതരിൽനിന്നു തനിക്കു ലഭിച്ച വിവരം. ആശുപത്രിയിൽനിന്ന് അശ്വതിയെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിച്ചിട്ടില്ല.

കോളജ് അവധി തുടങ്ങിയതിനാൽ ഹോസ്റ്റലിൽ പരിചരിക്കാൻ ആളുണ്ടാകില്ല എന്നതിനാലും രക്ഷിതാക്കളാരും എത്താതിരുന്നതിനാലും വിദ്യാർത്ഥിനിയെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും അവകാശപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നും ഖമറുൽ ഇസ്ലാം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന കർണാടക മന്ത്രിസഭ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഖമറുൽ ഇസ്ലാം ഉത്തര കലബുറഗി എംഎൽഎയാണ്.

അതേസമയം അശ്വതി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന കോളജ് അധികൃതരുടെ വാദം വിശ്വസനീയമല്ലെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ പ്രത്യേക അന്വേഷണസംഘംവും വ്യക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അശ്വതിയെ സംഘം കണ്ടു മൊഴിയെടുത്തു. കർണാടകയിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘവും ഇന്നലെ കോഴിക്കോട്ടെത്തിയിരുന്നു.

ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനി നിർബന്ധിച്ചു കുടിപ്പിച്ചതായി അശ്വതി നഴ്‌സിങ് കൗൺസിൽ സംഘത്തിനു മൊഴി നൽകി. അശ്വതിയുടെ വാക്കുകൾ വിശ്വസനീയമാണെന്നും ആശുപത്രിക്കെതിരെ നടപടി വേണമെന്നും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അന്വേഷണ സംഘം നൽകുമെന്നാണു വിവരം. ഖമർ കോളജിലും അശ്വതിയെ ചികിൽസിച്ച കേരളത്തിലെ ആശുപത്രികളിലും സംഘം അന്വേഷണം നടത്തി. റിപ്പോർട്ട് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിനു കൈമാറും. ഗിരിജാംബ ദേവി, പ്രിയ ബേബി എന്നിവരാണു നഴ്‌സിങ് കൗൺസിലിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള ശാഖ പ്രതിനിധികളായ ഡോ. റോയി കെ. ജോർജ്, പി.സി. സുനിത എന്നിവരും അന്വേഷണ സംഘത്തെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.

കർണാടകയിൽ നിന്ന് ഡിവൈഎസ്‌പി, രണ്ടു സിഐമാർ, രണ്ട് എസ്‌ഐമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനായി എത്തിയിരിക്കുന്നത്. ഇവർ ഇന്ന് അശ്വതിയുടെ മൊഴിയെടുക്കും. അശ്വതിക്കൊപ്പം താമസിക്കുന്ന സഹപാഠി മലപ്പുറം തവനൂർ മാത്തൂർ സ്വദേശിനിയായ കൂട്ടുകാരിയിൽ നിന്നു പൊന്നാനിയിലെ കേരള പൊലീസ് സ്‌പെഷൽ ബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചു.

അശ്വതിക്കു നീതി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്നു കെപിസിസി പ്രസിഡന്റ് വി. എം സുധീരൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന അശ്വതിയെ സുധീരൻ സന്ദർശിച്ചു. അശ്വതിയുടെ അമ്മയോടും അമ്മാവനോടും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തെ കുറിച്ചു കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ അശ്വതിക്കു പഠിക്കാൻ സൗകര്യമൊരുക്കണമെന്നും സുധീകരൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളജ് പ്രിൻസിപ്പലിനോടും പെൺകുട്ടിയുടെ ചികിൽസാ സംബന്ധമായ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും കേസന്വേഷണ വിവരങ്ങൾ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. കർണാടക സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനോടു സംഭവത്തെ കുറിച്ചു സമഗ്രമായി അന്വേഷിച്ചു വിശദമായ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.