- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചരിത്ര പ്രഖ്യാപനത്തിന് ശേഷം അകൽച്ച തീർന്നെന്ന് പ്രഖ്യാപിക്കാൻ കാർ സവാരിയും; ഇറാനെ ഇനി സൗദിയും ഖത്തറും ചേർന്ന് നേരിടും; തീവ്രവാദത്തിന് എതിരെ യോജിച്ച മുന്നേറ്റവും; ഫലം കണ്ടത് അമേരിക്കയും കുവൈറ്റും നടത്തിയ മധ്യസ്ഥ ഇടപെടലുകൾ; അൽ ഉല കരാറിലെ ഐക്യത്തെ പ്രതീക്ഷയോടെ കണ്ട് ഇന്ത്യയും; ഖത്തറും സൗദിയും വീണ്ടും കൂട്ടുകാരാകുമ്പോൾ
റിയാദ്: ഗൾഫ് വീണ്ടും സോഹദര്യത്തിലേക്ക്. ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുമ്പോൾ അത് പശ്ചിമേഷ്യയിൽ പുതിയ ഐക്യ സന്ദേശം എത്തുകയാണ്. ഐക്യവും കെട്ടുറപ്പും ശക്തമാക്കി അൽ ഉല കരാറിൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ഒപ്പുവച്ചതോടെ ഗൾഫ് ഒറ്റക്കെട്ടാവുകയാണ്. അമേരിക്കയുടേയും കുവൈറ്റിന്റേയും ഇടപെടലാണ് നിർണ്ണായകമായത്. സൗദിയെ അനുനയിപ്പിച്ചാണ് ഖത്തറിനെ മുഖ്യധാരയിൽ കൊണ്ടു വരുന്നത്. തീവ്രവാദത്തിനെതിരെ കൂടുതൽ യോജിച്ച ഇടപെടൽ ഇനി ഗൾഫിലുണ്ടാകും. ഇറാൻ ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ കൂടിയാണ് ഖത്തറുമായുള്ള ഭിന്നത സൗദി അവസാനിപ്പിക്കുന്നത്.
ഗൾഫ് ഉച്ചകോടിക്കെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഡ്രൈവ് ചെയ്ത കാറിൽ അൽഉലായിലെ പ്രാചീന മാനവസംസ്കൃതിയുടെ ശേഷിപ്പുകൾ കാണാനിറങ്ങി. ഉപരോധ കാലത്ത് ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ അകൽച്ച കുറക്കാനുള്ള നീക്കമായാണ് നേതാക്കളുടെ കാർ സവാരിയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഈ അടുപ്പം കൂടൽ ഇന്ത്യയ്ക്കും നല്ലതാണ്. പ്രവാസികൾക്കും കുടുതൽ അവസരങ്ങൾ ഗൾഫിൽ ഉണ്ടാകും.
ഇതോടെ മൂന്നര വർഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്. ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന ഗൾഫ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. നേരത്തെ സൗദി അറേബ്യ ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന അതിർത്തികളിലെ ഉപരോധം നീക്കിയിരുന്നു. മൂന്നര വർഷത്തെ ഭിന്നതകൾ പരിഹരിച്ചുകൊണ്ടാണ് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്.
ചർച്ചകൾക്കായി റിയാദിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. തർക്കം തീർക്കാൻ മധ്യസ്ഥ ഇടപെടലുകൾ നടത്തിയ അമേരിക്കയ്ക്കും കുവൈത്തിനും സൗദി കിരീടാവകാശി നന്ദി പറഞ്ഞു. 2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.
സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിലാണ് 'ഗൾഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള' കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നിൽ അതിർത്തി തുറന്ന ഈജിപ്തും ഉപരോധം ഉടൻ പിൻവലിക്കും. ഗൾഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു.
ഇറാന്റെ ഭീകരവാദ പ്രവർത്തനത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ആഹ്വാനം ചെയ്തു. സുരക്ഷാഭീഷണിക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയും തേടി. ഗൾഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് അടിവരയിട്ട പ്രഖ്യാപനത്തിൽ സാഹോദര്യം ശക്തിപ്പെടുത്തണമെന്നും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ കൈകോർക്കണമെന്നും പറയുന്നു. ഗൾഫ് ഐക്യം ലക്ഷ്യമിട്ട് ഏറെ പ്രയത്നിച്ച കുവൈത്ത് മുൻ അമീർ ഷെയ്ഖ് സബാഹിനെയും അന്തരിച്ച ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെയും ഉച്ചകോടി അനുസ്മരിച്ചു.
ഉച്ചകോടിക്കെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ളവരെ മുഹമ്മദ് ബിൻ സൽമാനാണു സ്വീകരിച്ചത്. 2017 ജൂൺ 5ന് ആരംഭിച്ച ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തർ അമീർ സൗദിയിലെത്തിയത്. ഉപരോധം പിൻവലിക്കുന്നതിനു മുന്നോടിയായി, കുവൈത്തിന്റെ മധ്യസ്ഥതയിൽ തിങ്കളാഴ്ച രാത്രി തന്നെ സൗദി കര, നാവിക, വ്യോമ അതിർത്തി തുറന്നിരുന്നു.
തീവ്രവാദബന്ധം ആരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നത്. ആറംഗ ജിസിസിയിലെ മറ്റ് അംഗങ്ങളായ കുവൈത്തും ഒമാനും ഇരുപക്ഷത്തോടും സൗഹൃദം പുലർത്തി. ഐക്യകരാറിൽ അംഗരാജ്യങ്ങളെല്ലാം ഒപ്പുവച്ചിട്ടുണ്ട്. ഇതോടെ, ഉപരോധരാജ്യങ്ങൾക്കെതിരെയുള്ള കേസുകൾ ഖത്തർ പിൻവലിച്ചേക്കും. 2017 ജൂൺ 6 മുതൽ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഖത്തർ ഉപരോധത്തോടെ മുറിഞ്ഞ നയതന്ത്ര ബന്ധമാണ് ഇപ്പോൾ പുനഃസ്ഥാപിക്കപ്പെടുന്നത്.
ഉച്ചകോടി അംഗരാജ്യങ്ങൾക്കിടയിൽ ഐക്യവും സമാധാനവും വർധിപ്പിക്കുമെന്നും പ്രാദേശിക വെല്ലുവിളികൾ നേരിടുന്നതിന് ഏകതയോടെ നിലകൊള്ളാൻ പര്യാപ്തമാക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഉച്ചകോടിക്ക് ശേഷം യുവ നേതാക്കൾ ഒരു കാർ റൈഡിന് പോയി. ഒറ്റ ആലിംഗനത്തിലൂടെ ഉറ്റ സൗഹൃദത്തിന്റെ ഹൃദയബന്ധം പുനഃസ്ഥാപിച്ച അവർ മാനവ ചരിത്രത്തിന്റെ വലിയ പ്രദർശന ശാലകളിലൊന്നിലെ വിസ്മയ കാഴ്ചാനുഭവങ്ങളിലൂടെ കാറിൽ ചുറ്റിയടിച്ചു.
മറുനാടന് മലയാളി ബ്യൂറോ