തിരുവനന്തപുരം: എട്ടുവർഷം കൊണ്ട് കേരളത്തിലെ അതിഥിതൊഴിലാളികളുടെ എണ്ണം സംസ്ഥാനജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം. 2017-18ൽ കേരളത്തിൽ 31.4 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. ഇത് 2030-ഓടെ 60 ലക്ഷത്തോളമായി ഉയരുമെന്നാണ് വിലയിരുത്തൽ. അപ്പോൾ കേരള ജനസംഖ്യ 3.60 കോടിയായിരിക്കും.

തൊഴിലിനായി കുടിയേറിയെത്തുന്നവർക്കിടയിൽ ബോധവത്കരണപ്രവർത്തനം കൂടുതൽ ഊർജിതപ്പെടുത്തണമെന്ന അഭിപ്രായവും ശക്തമാണ്. ഇവർക്കിടിയിൽ ക്രിമിനലുകൾ എത്താനും സാധ്യതയുണ്ട്. അതുകൊണ്ട് അവർക്കിടയിൽ ഇവിടത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ബോധവത്കരിക്കണം അനിവാര്യമാണ്. മുഖ്യധാരയ്‌ക്കൊപ്പം അവരെ നിർത്തേണ്ടതും സംസ്ഥാനത്തിന്റെ സാമുഹിക സാഹചര്യത്തിൽ അതിനിർണ്ണായകമാകും.

മുമ്പ് ആലുവയിലും പെരുമ്പാവൂരുമായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങൾ. ജിഷാ കേസും മറ്റും ഇവർക്കിടയിൽ ഭീതിയുണ്ടാക്കി. കോവിഡിലും നിരവധി പേർ നാട്ടിലേക്ക് മടങ്ങി. ഇതെല്ലാം കേരളത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഈ പ്രതിസന്ധികളെല്ലാം മാറിയതോടെ കൂടുതൽ പേർ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ജോലിക്ക് വേണ്ടി തമ്പടിക്കുന്ന ഇതരസംസ്ഥാനക്കാരുണ്ട്. കേരളത്തിൽ പ്രതിദിനം തൊഴിലാളിക്ക് 1000 രൂപ വരെ കൂലി കിട്ടും. അവരുടെ സംസ്ഥാനങ്ങളിൽ അത് 300ൽ താഴെയാണ്. ഇതു കൊണ്ടാണ് കേരളത്തിലേക്ക് അവർ കൂട്ടത്തോടെ എത്തുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡ് ഇവാല്വേഷൻ വിഭാഗത്തിന്റെ 'അതിഥിതൊഴിലാളികൾ ഉൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും' എന്ന പഠനറിപ്പോർട്ടിലാണ് ഇതുള്ളത്. മികച്ച ശമ്പളവും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമാണ് കേരളത്തെ അതിഥിതൊഴിലാളികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. ബംഗാളിലും ബീഹാറിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജോലിക്ക് കൂലി കുറവാണ്. ഈ സാഹചര്യത്തിലാണ് അവർ കേരളത്തിൽ എത്തുന്നത്.

പണ്ട് കേരളത്തിലുള്ളവർ ജോലി തേടി ഗൾഫിൽ പോകുന്നതായിരുന്നു പതിവ്. അതിന് സമാനമായി ബംഗളികളുടേയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടേയും 'ഗൾഫ്' ആയി മാറുകയാണ് കേരളം എന്നതാണ് വസ്തുത. 2017-18ലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാൽ സംസ്ഥാനത്തെത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025-ഓടെ 45.7 ലക്ഷം മുതൽ 47.9 ലക്ഷംവരെയായി ഉയരും. 2030-ഓടെ 55.9 ലക്ഷം മുതൽ 59.7 ലക്ഷംവരെയായും ഉയരും. കൂടുതൽ തൊഴിലവസരങ്ങളുണ്ടായാൽ ഇവരുടെ എണ്ണം ഇനിയും വർധിച്ചേക്കും.

മറ്റുസംസ്ഥാനങ്ങളിൽനിന്നുമെത്തി ദീർഘകാലമായി കേരളത്തിൽ കുടുംബമായും മറ്റും തുടരുന്നവർ 10.3 ലക്ഷമാണ്. ഇവരുടെ എണ്ണം മൂന്നുവർഷംകൊണ്ട് 13.2 ലക്ഷമായും എട്ടുവർഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. അതുപോലെ, മൂന്നോനാലോ മാസംമാത്രം ജോലിചെയ്യാനെത്തുന്ന ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18 വർഷത്തിൽ 21.1 ലക്ഷം മാത്രമാണ്. 2015-ഓടെ ഇവരുടെ എണ്ണം 34.4 ലക്ഷമായും 2030-ഓടെ 44 ലക്ഷമായും ഉയരും. അങ്ങനെ അവരുടെ പ്രവാസ കേന്ദ്രമായി കേരളം മാറുന്നു.

നിലവിൽ ഏറ്റവും കൂടുതൽ അതിഥിതൊഴിലാളികൾ പണിയെടുക്കുന്നത് നിർമ്മാണമേഖലയിലാണ്-17.5 ലക്ഷം പേർ. ഉത്പാദനമേഖലയിൽ 6.3 ലക്ഷവും കൃഷി അനുബന്ധമേഖലയിൽ മൂന്നു ലക്ഷംപേരും ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ 1.7 ലക്ഷം പേരും അതിഥിതൊഴിലാളികളായുണ്ട്.