തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസിപ്പണമാണ്. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് അല്ലലില്ലാതെ കഴിഞ്ഞു കൂടാൻ മലയാളികൾക്കും സർക്കാറിനും സഹായകമാകുന്നത്. എന്നാൽ ജിഎസ്ടിയും നോട്ടു നിരോധനം അടക്കമുള്ള നയങ്ങൾ കാരണം കേരളത്തിൽ പണമിറക്കാൻ പ്രവാസി വ്യവസായികൾ പോലും മടിക്കുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ തന്നെ തൊഴിൽ നഷ്ടവും മറ്റ് ഗൾഫിലെ പ്രതിസന്ധികളും കാരണം മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. സൗദി നിതാഖതും ഗൾഫ് മേഖലയിലെ അസ്ഥിരതയും എല്ലാം കൂടിയായപ്പോൾ കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്.

ഗൾഫിൽ നിന്നുള്ള പണമൊഴുക്കിലും ബാങ്ക്‌നിക്ഷേപത്തിലും യാത്രാവരുമാനത്തിലും ഒരുവർഷമായി വൻ ഇടിവുണ്ടായെന്ന് റിസർവ്വ് ബാങ്കും കേന്ദ്ര വിദേശകാര്യ അവലോകന വിഭാഗവും തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രവാസിപ്പണമൊഴുക്ക് കുറഞ്ഞതോടെ കിഫ്ബിക്ക് അടക്കം പണം ലഭ്യമാകാത്ത അവസ്ഥയിലാണ്. ഇതോടെ നിർദ്ദിഷ്ട പ്രവാസിചിട്ടിക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. വർഷം 20,000 കോടിയാണ് ഇതിലൂടെ കേരള സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ ഇത്രയും പണം സ്വരൂപിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐശക്കും.

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 മടങ്ങും ചെലവിന്റെ 1.5 മടങ്ങും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 37.3 ശതമാനവും ഗൾഫ് മലയാളികളുടെ പണമാണ്. അതാണ് കുറയുന്നത്. ബാങ്കുകൾക്ക് സംസ്ഥാനത്തുള്ള 6339 എൻ.ആർ. ഐ. ശാഖകളിൽ ഒരു വർഷത്തെ നിക്ഷേപവർദ്ധന 7,000 കോടിയാണ്. ഇതാകട്ടെ രൂപയുടെ മൂല്യം കുറഞ്ഞതുകൊണ്ടുള്ള വർദ്ധന മാത്രമാണ്. മുൻ വർഷം ഇത് 30,000 കോടിയായിരുന്നു.

ഗൾഫിലെ മലയാളി പോക്കറ്റുകളായിരുന്ന ബഹറിൻ, ഇറാക്ക്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിൽ മലയാളികൾ കുറയുന്നു. സർക്കാരിന് ഇവരുടെ കൃത്യമായ കണക്കില്ല. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും നിന്ന് ഗൾഫിലേക്ക് ടിക്കറ്റെടുക്കുന്ന മലയാളികളുടെ എണ്ണം കുറയുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഗൾഫിലേക്കുള്ള യാത്രക്കാർ 25 - 40 ശതമാനം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അവിടെ നിന്ന് വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വരുന്ന മലയാളികൾ തിരിച്ച് പോകുന്നില്ല. ഗൾഫ് മലയാളികൾ കൊണ്ടുവരുന്ന സാധനങ്ങളിലും നിക്ഷേപത്തിലും വൻ കുറവുണ്ട്. മലയാളികൾ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ കുറഞ്ഞ കൂലിക്ക് ബീഹാറികളും ഉത്തർപ്രദേശുകാരും ബംഗ്‌ളാദേശികളും എത്തിയതാണ് കാരണം. ഗൾഫിലെ കൂലിയിലുണ്ടായ കുറവും കാരണമാണ്. ഗൾഫ് വരുമാനം കുറയുന്നത് സംസ്ഥാനത്ത് സാമ്പത്തിക ഇടപാടുകളിലും മൊത്തം വരുമാനത്തിലും കുത്തനെ ഇടിവുണ്ടാക്കും. സാമ്പത്തിക വളർച്ചയേയും ബാധിക്കും. ധനമന്ത്രി ടി.എം. തോമസ് ഐസക്ക്

ഗൾഫ് മലയാളികളുടെ എണ്ണവും മൂന്ന് വർഷങ്ങളായി കുറഞ്ഞു വരികയാണ്. 2014ൽ 24.2 ലക്ഷം മലയാളികൾ ഗൾഫിൽ ജോലി ചെയ്തിരുന്നെങ്കിൽ 2016 ൽ ഇത് 22.4 ലക്ഷമായു കുറഞ്ഞു. 2017ലാകട്ടെ ഇത് 21.2 ലക്ഷത്തിലേക്ക് താഴുകയും ചെയ്തു. ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപത്തിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 2015ൽ 1,17,349 കോടിരൂപ നിക്ഷേപമായപ്പോൾ 2016ൽ 1,42 668 കോടിരൂപയായിരുന്നു ഇത്. 2017ൽ 1,54 252 കോടിരൂപയും നിക്ഷേപം ലഭിച്ചു.

മണി എക്‌സ് ചേഞ്ച് വഴി പണം അയക്കുന്നതിലും ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2014ൽ 7,11, 420 കോടിരൂപ ഗൾഫ് മലയാളികൾ കേരളത്തിലേക്ക് ഒഴുക്കിയപ്പോൾ 2016ൽ ഇത് 63,289 കോടിരൂപയായി. 2017 ൽ 59,459 കോടിരൂപയായി കുറയുകയും ചെയത്ു.