കോഴിക്കോട്: സ്വദേശിവത്കരണം, സാമ്പത്തികമാന്ദ്യം എന്നിവയെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നത് മലബാറിൽ കടുത്ത ആശങ്കക്ക് വഴിതെളിയിക്കുന്നു. നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം കുറവാണെങ്കിലും ഗൾഫിൽ വലിയ പിരിച്ചുവിടൽ ഉണ്ടാവുകയാണെന്ന പ്രചാരണംവന്നത് മലബാറിനെ ബാധിച്ചു തുടങ്ങി.

റബ്ബർ വിലയിടിവ് കോട്ടയമടക്കമുള്ള ജില്ലകളിൽ സൃഷ്ടിച്ച സമാനമായ അവസ്ഥയാണ് ഗൾഫ് പ്രതിസന്ധി മലബാറിൽ ഉണ്ടാക്കിയിരിക്കുന്നത്.കോഴിക്കോട് മലപ്പുറം ജില്ലകളിലെ റിയൽ എസ്റ്റേറ്റ് മേഖലകളിലടക്കം ഇതിന്റെ പ്രത്യാഘാതം തുടങ്ങിക്കഴിഞ്ഞു.പഴയതുപോലെ കച്ചവടങ്ങൾ നടക്കുന്നില്‌ളെന്ന് മാത്രമല്ല,കെട്ടിട നിർമ്മാണംപോലും പാതിവഴിയിൽ നിർത്തിവച്ചിരിക്കയാണ്.ഭൂമിയുടെ വിലയും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.അതേസമയം ഇതൊരു താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നും ആശങ്കപ്പെടേണ്ട ഒന്നുമില്‌ളെന്നാണ് പ്രവാസി വകുപ്പുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നത്. 

സൗദിക്ക് പിറകെ ഒമാനും കുവൈത്തും സ്വദേശിവത്കരണത്തിന്റെ നടപടികൾ ആരംഭിച്ചുകഴിഞ്ഞതാണ് ഗൾഫിലെ മലയാളികളെ ഭീതിയിലാക്കുന്നത്. സൗദിയിൽ അടച്ചുപൂട്ടുന്ന മിക്ക കമ്പനികളിലുമുള്ള മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ ഭൂരിപക്ഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലക്കാരുമാണ്. യു.എ.ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിലവിൽ എണ്ണ വിലയിടിവിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്. സൗദിയിൽ റസ്റ്റോറന്റുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം ആരംഭിച്ചപ്പോഴേ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. മറ്റ് രാജ്യങ്ങളും സ്വദേശിവത്കരണമാരംഭിച്ചാൽ ജില്ലക്ക് കനത്ത ആഘാതമാകും.

ഗൾഫ് രാജ്യങ്ങളിലുള്ള മൊത്തം മലയാളി പ്രവാസികളിൽ 30 ശതമാനവും മലപ്പുറം ജില്ലക്കാരാണ്. 2013ലെ നിതാഖാത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചത്തെിയ പ്രവാസികളിൽ ഭൂരിപക്ഷവും ജില്ലയിൽ നിന്നുള്ളവർ തന്നെയായിരുന്നു. നോർക്കയുടെ കണക്ക് പ്രകാരം കരിപ്പൂർ വിമാനത്താവളം വഴി ജില്ലയിൽ നിന്നുള്ള ആയിരത്തിലേറെ പേർ അന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചത്തെിയിട്ടുണ്ട്. മറ്റ് മാർഗങ്ങളിലൂടെയത്തെിയവർ വേറെയുമുണ്ട്. ഇവരിൽ പലരും പുനരധിവാസവും തൊഴിലും ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഇതിനിടെയാണ് പുതിയ പ്രതിസന്ധി. വിവിധ പ്രശ്‌നങ്ങൾ കാരണം തിരിച്ചുവരുന്ന പ്രവാസികളിൽ മുന്നിൽ മലപ്പുറമാണെന്ന് നേരത്തെ പഠനങ്ങളുണ്ട്. സൗദിയിൽ പ്രതിസന്ധിയിലായ സൗദി ഓജറിന്റെ ലേബർ ക്യാമ്പിൽ 300ഓളം മലയാളികളുണ്ടെന്നാണ് വിവരം.

ഇതിൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരുമുണ്ട്. ലേബർ ക്യാമ്പിൽ കഴിയുന്ന മലയാളികളുടെ എണ്ണം നോർക്ക ശേഖരിച്ചുവരികയാണ്. ഒമാനിൽ ജോലി നഷ്ടപ്പെട്ട നഴ്‌സുമാരിലും ജില്ലയിൽ നിന്നുള്ളവരുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പലർക്കും പുറത്തിറങ്ങാനോ മറ്റ് ജോലികൾക്ക് ശ്രമിക്കാനോ കഴിയുന്നുമില്ല. നാട്ടിലേക്ക് തിരിച്ചുപോരുക മാത്രമാണ് മുന്നിലുള്ള വഴി. ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമടക്കം ലക്ഷങ്ങൾ പല തൊഴിലാളികൾക്കും ലഭിക്കാനുണ്ട്.

അതിനിടെ ഒമാൻ ആരോഗ്യമന്ത്രാലയം കൂടുതൽ നഴ്‌സുമാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന വാർത്തയും മലയാളികളിൽ ഭീതി ഉയർത്തിയിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്കുള്ള 250ഓളം നഴ്‌സുമാരുടെ പട്ടിക ഒരുങ്ങിയതായാണ് അറിയുന്നത്. ഇതോടൊപ്പം, ഡോക്ടർമാരുടെയും മെഡിക്കൽ സാങ്കേതിക വിദഗ്ധരുടെ ജോലിയും അരക്ഷിതാവസ്ഥയിലാണ്. മുന്നൂറോളം നഴ്‌സുമാർക്ക് പിരിഞ്ഞുപോകാൻ നൽകിയ മൂന്നുമാസ നോട്ടീസിന്റെ കാലാവധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതിൽ ഏറിയകൂറും മലയാളികളാണ്. പത്തുമുതൽ 25 വർഷം വരെ സർവിസുള്ളവരാണ് നടപടിക്ക് ഇരയായവരിൽ കൂടുതലും. പിരിച്ചുവിട്ടവർക്കുള്ള ആനുകൂല്യങ്ങൾ കുറക്കുമെന്ന് മന്ത്രാലയം അറിയിച്ചതായും നടപടിക്ക് ഇരയായവർ പറയുന്നു.

ഇതിനിടെ, പിരിച്ചുവിടപ്പെട്ടവരുടെ പ്രതിനിധികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഒമാന്റെ ദേശീയ നയത്തിന്റെ ഭാഗമായതിനാൽ പ്രശ്‌നത്തിൽ ഇടപെടാൻ കഴിയുന്നില്ല. ദന്തഡോക്ടർമാരെ പൂർണമായി ഒഴിവാക്കുകയെന്നതാണ് സർക്കാർ നയം. ഒമാൻ ഡെന്റൽ കോളജിൽനിന്നുള്ളവരും അജ്മാനിൽനിന്നും ജോർഡനിൽനിന്നുമൊക്കെ പഠിച്ചിറങ്ങിയ സ്വദേശി ദന്ത ഡോക്ടർമാരുമാണ് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ ഉള്ളത്. മലയാളികളായ നിരവധി ദന്ത ഡോക്ടർമാർ ഒമാനിൽ ജോലിയെടുത്തിരുന്നു. 2010ൽ ജോലിയിൽ പ്രവേശിച്ച ജനറൽ പ്രാക്ടീഷനർമാരുടെ വേതനത്തിൽ 200 റിയാലിന്റെ കുറവുവരുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, മലയാളികളടക്കം ചില സ്‌പെഷാലിറ്റി ഡോക്ടർമാർ അടക്കമുള്ളവർ തൊഴിൽ സുരക്ഷിതത്വമില്ലാത്തതിനാൽ ജോലി രാജിവച്ച് നാട്ടിലേക്ക് പോയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാർ പിരിഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാൻ ഡോക്ടർമാർക്കെതിരായ നടപടി തൽക്കാലത്തേക്ക് മാറ്റിവച്ചതായാണ് അറിയുന്നത്. എക്‌സ്‌റേ ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന നിരവധി പേൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട പതിനായിരങ്ങളെ തിരിച്ചത്തെിക്കാനും അവരുടെ പുനരധിവാസം ഉറപ്പാക്കാനും സർക്കാർ ജാഗ്രതാ പൂർവമായ നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.