ന്യൂഡൽഹി: ജോലി നഷ്ടപ്പെട്ട് ആഹാരമോ വെള്ളമോപോലും ലഭിക്കാതെ ദിവസങ്ങളായി പട്ടിണി കിടക്കുന്നവർ. ജോലിയുണ്ടെങ്കിലും ശമ്പളം മാസങ്ങളായി കുടിശ്ശികയിലായതോടെ നാട്ടിലയക്കാൻ മിച്ചംപിടിച്ച തുകകൊണ്ട് കഷ്ടപ്പെട്ട് പിടിച്ചുനിൽക്കുന്നവർ. ഓരോ മേഖലയിലും സ്വദേശിവൽക്കരണം വ്യാപകമാകുന്നതോടെ എപ്പോൾ വേണമെങ്കിലും പറഞ്ഞുവിടാമെന്ന ഭീതിയിൽ ഉറക്കംപോലും നഷ്ടപ്പെട്ട് ജീവിക്കുന്നവർ. സ്വന്തം സ്ഥാപനത്തിന്റെ നിലനിൽപുതന്നെ പ്രശ്‌നമാകുന്നതോടെ ജീവനക്കാരുടെ ശമ്പളവും ബാങ്കുവായ്പയുമെല്ലാം എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ നാടുവിടുന്ന മുതലാളിമാർ... ഗൾഫെന്ന സ്വപ്‌നഭൂമിയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ പ്രവാസികൾ എക്കാലത്തേയും വലിയ പ്രതിസന്ധിഘട്ടത്തിൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്നു.

ഏറെനാളായി എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഗൾഫ് മേഖലയിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതചിത്രങ്ങൾ ഇങ്ങനെയൊക്കെയാണ്. നാട്ടിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി കുടുംബം പച്ചപിടിപ്പിക്കാൻ മരുപ്പച്ച തേടിപ്പോയ ആയിരക്കണക്കിന് മലയാളികളുൾപ്പെടെ ലക്ഷങ്ങൾ ജീവിതം വഴിമുട്ടിയതോടെ നാട്ടിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണിപ്പോൾ. ഗൾഫ് യുദ്ധകാലത്തുപോലും നേരിട്ടിട്ടില്ലാത്തവിധം സമാനതകളില്ലാത്ത വെല്ലുവിളിയാണ് ഗൾഫിലുണ്ടായ പ്രതിസന്ധിയിലൂടെ ഇന്ത്യ നേരിടാൻ പോകുന്നത്.

എണ്ണവില തകർച്ചയ്ക്കു പിന്നാലെ ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലും നിതാഖാത് ഉൾപ്പെടെ നടപ്പാക്കുന്നതും കച്ചവടം നടത്തിയും ചെറു ജോലികൾ ചെയ്തും ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുന്നത്. സ്വദേശിവൽക്കരണത്തിന്റെ പേരിൽ ഗൾഫ് രാജ്യങ്ങൾ കൈക്കൊള്ളുന്ന നടപടികളെ മറ്റുള്ളവർക്ക് കുറ്റപ്പെടുത്താനുമാവില്ല.

സർക്കാർ മേഖലയിൽ, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് നഴ്‌സുമാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. സ്വകാര്യമേഖലയിലും ഇത് നടപ്പാകുന്നതോടെ നിശ്ചിത ശതമാനം സ്വദേശികൾക്ക് ജോലി നൽകണമെന്ന വ്യവസ്ഥ പലരുടേയും ജോലി ഇല്ലാതാക്കുന്നു. നിലവിലെ ജോലി നഷ്ടപ്പെടുന്നതു മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയവർ നേരിടുന്ന പ്രശ്‌നം. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല എന്നതുകൂടിയാണ്.

ഇന്നോ ഇന്നലെയോ തുടങ്ങിയ സ്ഥിതിവിശേഷമല്ല ഇത്. മറിച്ച് എണ്ണവിലയിടിവുണ്ടായതോടെ കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് നിരവധി സ്ഥാപനങ്ങൾ പൂട്ടിപ്പോയി. തുറന്നു പ്രവർത്തിക്കുന്നവയിൽത്തന്നെ പലതിലും ശമ്പള വർധന നൽകിയില്ല. ചിലതിൽ മാസങ്ങളുടെ ശമ്പളം കുടിശ്ശികയായി. ഈവർഷം ആദ്യം മുതൽ പ്രതിസന്ധി രൂക്ഷമായതായി നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നിട്ടും കേന്ദ്രസർക്കാർ ഇക്കാര്യം അറിയുന്നത് രണ്ടുദിവസം മുമ്പാണെന്ന് പറയുമ്പോൾ പ്രവാസികളുടെ കാര്യത്തിൽ നമ്മൾക്കെന്ത് മുൻകരുതലുകളാണ് ഉള്ളതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്.

ഉണർന്നത് സുഷമയ്ക്ക് ട്വീറ്റ് ലഭിച്ചപ്പോൾ!

ഒരു വർഷം മുമ്പാണ് ഗൾഫ് മേഖലയിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നത്. എണ്ണവിലയിൽ ആഗോളതലത്തിൽ കുറവുവന്നതോടെ എണ്ണക്കമ്പനികളും അനുബന്ധ വ്യവസായങ്ങളുമാണ് ആദ്യം വിഷമാവസ്ഥയിലായത്. പതിയെപ്പതിയെ ഇത് മറ്റു വ്യവസായങ്ങളെയും ബാധിച്ചു. മാന്ദ്യം വ്യാപകമായതോടെ ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെ ഇപ്പോൾ പൂട്ടിപ്പോകുന്ന സ്ഥിതി വന്നു. പ്രവാസികാര്യത്തിനുവേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി അറിയുന്നത് എപ്പോഴാണ്?

എണ്ണൂറുപേർ ഇവിടെ പട്ടിണിയിലാണെന്ന് രണ്ടുദിവസം മുമ്പ് സൗദിയിൽ നിന്ന് ഒരു ട്വീറ്റ് വന്നതോടെയാണോ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഗൾഫ് മേഖലയിൽ വൻ പ്രതിസന്ധിയുണ്ടെന്ന് അറിയുന്നതെന്ന് പറയുന്നതും അതോടെ ഉണർന്നു പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നതും ഗുരുതരമായ വീഴ്ചയാണ്. സിറിയയിലും ഒമാനിലും തുർക്കിയിലും നിന്ന് യുദ്ധസമാന സാഹചര്യം ഉണ്ടാകുമ്പോൾ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം ഒരുവർഷത്തോളമായി ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി കേന്ദ്രസർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് വളരെ പരിഹാസ്യമാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

800 പേർക്കല്ല പതിനായിരക്കണക്കിന് ആൾക്കാർ അവിടെ പട്ടിണിയിലാണെന്നും സൗദിയിലും കുവൈറ്റിലും നിരവധിപേർക്ക് ജോലി നഷ്ടപ്പെട്ടുവെന്നും സുഷമ ട്വീറ്റ് ചെയ്യുന്നത് ജൂലായ് 30നാണ്. ഇതിന് രണ്ടോ മൂന്നോ ദിവസം മുമ്പല്ല ഇത്രയും പേർക്ക് ജോലി നഷ്ടപ്പെട്ടത്. മാസങ്ങളായി ലക്ഷങ്ങൾ ജോലി നഷ്ടപ്പെട്ടും കച്ചവടം നഷ്ടത്തിലായും പെരുവഴിയിലാണ്. പലരും കൊടുംപട്ടിണിയിലും. തിരിച്ചുവന്നാലും നാട്ടിൽ എന്തുജോലി ചെയ്യുമെന്നറിയാതെ ആശങ്കയോടെ ഗൾഫിൽതന്നെ തുടരുകയാണ് പലരും.

ഉണർന്നു പ്രവർത്തിക്കാൻ ഏറെ വൈകിയെങ്കിലും ഇപ്പോൾ ഗൾഫിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി വികെ സിംഗിനെ അങ്ങോട്ടയച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായമ്കൾ ഉണർന്നു പ്രവർത്തിക്കുന്നതാണ് പ്രധാന ആശ്രയം. അവരുടെ നേതൃത്വത്തിലാണ് പ്രധാനമായും ഭക്ഷണവിതരണം നടക്കുന്നതും സഹായമെത്തിക്കുന്നതും. ഇന്ത്യൻ കോൺസുലേറ്റുകളുടെ നേതൃത്വത്തിൽ സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഭക്ഷണവും വെള്ളവുമെത്തിക്കുക എന്നതിലുപരി ഇന്ത്യൻ സർക്കാരിനെ കാത്തിരിക്കുന്നത് അതിലും വലിയൊരു ദൗത്യമാണ്.

ജോലി നഷ്ടപ്പെട്ടവരെ രാജ്യത്ത് തിരിച്ചെത്തിക്കാനും അവർക്കായി തൊഴിലുൾപ്പെടെ നൽകാനും പാകത്തിൽ വിശദമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുകയുമാണ് പ്രവാസികാര്യ മന്ത്രാലയത്തിന് മുന്നിലെ വലിയ വെല്ലുവിളി. ഇത്തരമൊരു സാഹചര്യം കാലേകൂട്ടി തിരിച്ചറിയാൻ കഴിയാതിരുന്നതോടെ ഈ വിഷമഘട്ടം നേരിടാൻ ഒരു സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല. മണിക്കൂറുകൾ ഇടവിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇന്ത്യൻ എംബസി ഭക്ഷണം എത്തിക്കുന്നതായും ഇടവിട്ട് ട്വീറ്റുകൾ സുഷമ നൽകുന്നുണ്ടെങ്കിലും തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല എന്നതുതന്നെ പ്രവാസികൾ ഗൾഫ് മേഖലയിൽ നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയെ കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നില്ലെന്നതിന്റെ സൂചനയാണെന്ന് ആരോപണം ഉയരുന്നുണ്ട്.

ഇന്ത്യയൊഴിയെ മറ്റു രാജ്യങ്ങളിലെ നിരവധി തൊഴിലാളികൾക്കും ഇതേ അവസ്ഥയുണ്ടായെങ്കിലും മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ നേരത്തേ തന്നെ നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ ഉണരാൻ വൈകിയെന്ന ആരോപണം ഉയരുന്നതും അതിനാലാണ്. രണ്ടുമാസമായി പ്രവാസിമലയാളി കൂട്ടായമ ഉൾപ്പെടെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടും കേന്ദ്രസർക്കാർ അറിഞ്ഞില്ലെന്നു പറയുന്നതാണ് ചോദ്യംചെയ്യപ്പെടുന്നത്. മറ്റുരാജ്യങ്ങൾ തൊഴിൽ നഷ്ടപ്പെട്ട പൗരന്മാർക്ക് മറ്റു ജോലികൾ ഏർപ്പാടാക്കി കൊടുക്കുന്നതിനും നടപടിയെടുത്തിരുന്നു. ഇത്തരത്തിൽ ഒഴിവുകൾ ഇല്ലാതായതോടെ ഇനി ഇത്തരമൊരു ഇടപെടൽ നടത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും തൊഴിലാളികൾ പറയുന്നു.

കേരളത്തിനുണ്ടാകുന്നത് വലിയ തിരിച്ചടി

അറബിക്കഥയിലും ഡയമണ്ട് നെക്‌ലേയ്‌സിലുമെല്ലാം ചിത്രീകരിച്ചതുപോലെ കുടുസ്സുമുറികളിൽ കൂട്ടമായി കിടന്നുറങ്ങിയും ആഡംബരമൊന്നുമില്ലാതെ ജീവിച്ച് മിച്ചംപിടിക്കുന്ന പണം നാട്ടിലേക്കയച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നവരുമായ ആയിരക്കണക്കിന് മലയാളികൾക്കും അതോടൊപ്പം ആരോഗ്യമേഖലയിലുൾപ്പെടെ പ്രവർത്തിക്കുന്ന നഴ്‌സുമാർ ഉൾപ്പെടെയുള്ള നിരവധി പേർക്കുമാണ് ജോലി നഷ്ടപ്പെട്ടിട്ടുള്ളത്. പട്ടിണിയിലായിട്ടുപോലും സ്ഥിതി മെച്ചപ്പെടുമെന്നും പുതിയ ജോലി കിട്ടുമെന്നും സ്വപ്‌നംകണ്ട് കഴിഞ്ഞുകൂടുന്ന ആയിരങ്ങൾ. നിവൃത്തിയില്ലാത്ത ഘട്ടത്തിൽ വെറുംകയ്യോടെ തിരിച്ചുവരേണ്ടിരുമ്പോൾ ഇവരുടെ കുടുംബങ്ങളുടെ ജീവിതവും നാട്ടിൽ വലിയൊരു പ്രശ്‌നമായി മാറും. അധികാരത്തിലേറി രണ്ടുമാസം തികഞ്ഞതിനു പിന്നാലെ പിണറായി സർക്കാർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവിൽ കഴിഞ്ഞ ജനുവരി മുതൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇതോടെ മിക്ക ജില്ലകളിലും സാമ്പത്തിക മാന്ദ്യവും ശക്തമായി. റിയൽ എസ്റ്റേറ്റ് മേഖലയെയാണ് ഏറ്റവും പ്രതികൂലമായി ഇത് ബാധിച്ചിട്ടുള്ളത്.

കേന്ദ്ര സഹായം ഉണ്ടായാലുമില്ലെങ്കിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന് എല്ലാ ധനകാര്യമന്ത്രിമാരും സമ്മതിക്കും. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാനുള്ള സാധ്യതകൾ പരിശോധിച്ച്, അതിന് ഏറെ പ്രാധാന്യം നൽകി, അവരുടെ നിക്ഷേപം മുന്നിൽക്കണ്ട് ബജറ്റിൽ സംസ്ഥാനത്തിന്റെ ഏറെ വികസന സ്വപ്‌നങ്ങൾ എഴുതിച്ചേർത്ത തോമസ് ഐസക്കിനും ഇവരുടെ പുനരധിവാസം ഉറപ്പുവരുത്തേണ്ടത് ്ജീവന്മരണ പ്രശ്‌നമായി മാറുമെന്നുറപ്പ്.
ഗൾഫിലെ പ്രശ്‌നം പഠിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കാനും കേന്ദ്രം എംപിമാരുടെ സംഘത്തെ അയക്കണമെന്ന് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ പാർലമെന്റിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. ഒമാനിൽ എണ്ണൂറോളം നഴ്‌സുമാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി പി കരുണാകരൻ ചൂണ്ടിക്കാട്ടി. പലയിടത്തും മുൻകൂർ നോട്ടീസ് പോലും ഇല്ലാതെ പിരിച്ചുവിടൽ നടക്കുന്നു. ഇവരെ രക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും എടുക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അബുദാബിക്കടുത്ത് റുവൈസിൽ കമ്പനി പൂട്ടിപ്പോയതോടെ നിരവധിപേർക്ക് ജോലി നഷ്ടപ്പെട്ട കാര്യം പ്രേമചന്ദ്രനും ചൂണ്ടിക്കാട്ടി. മുൻകൂട്ടി സൂചനകൾ ലഭിച്ചിട്ടും ഇതുവരെ സർക്കാർ ഉണരാത്തതിനെ കെസി വേണുഗോപാൽ വിമർശിക്കുകയും ചെയ്തു.

പ്രതിസന്ധികൾ രൂക്ഷമായത് തൊഴിലുടമകൾ നാടുവിട്ടതോടെ

സൗദി, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവാസികൾ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുന്നതെന്നാണ് റിപ്പോർട്ടുകളെങ്കിലും മറ്റിടങ്ങൡും സ്വദേശിവൽക്കരണം അടുത്തുതന്നെ നിരവധിപേർക്ക് തൊഴിൽ നഷ്ടത്തിന് കാരണമായേക്കുമെന്നാണ് സൂചനകൾ. മാസങ്ങൾക്കുമുമ്പേ പ്രശ്‌നങ്ങൾ തുടങ്ങിയെങ്കിലും പല സ്ഥാപനങ്ങളിലും കടിച്ചുപിടിച്ച് ജോലി തുടരുകയായിരുന്നവർ ശരിക്കും വെട്ടിലായത് ഫാക്ടറികളും മറ്റും പൂട്ടി ഉടമകൾ സ്ഥലംവിട്ടതോടെയാണെന്നാണ് റിപ്പോർട്ടുകൾ. നിതാഖാത് കർശനമായി നടപ്പിലാക്കുന്നതോടെ വിസ പുതുക്കുന്നതിന് സ്ഥാപന ഉടമയുടെ സമ്മതംകൂടി ലഭിക്കണമെന്ന സാഹചര്യമാണുള്ളത്.

സൗദിയിൽ മാത്രം പതിനായിരത്തിലേറെപ്പേർക്ക് ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന വിശദമായ കണക്കെടുപ്പിന് പ്രവാസികാര്യ മന്ത്രാലയം ഇന്നലെ നടപടി തുടങ്ങി. റിയാദിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ തൊഴിലാളികളെ തിരികെയെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പുനരധിവാസം എങ്ങനെയെന്ന വ്യക്തത വന്നിട്ടില്ല. ഇക്കാമ പോലും കൈവശമില്ലാതെ പലരും നാട്ടിലേക്ക് മടങ്ങാൻപോലും പറ്റാതെ കുടുങ്ങിക്കിടക്കുന്നു. കെട്ടിട നിർമ്മാണ മേഖലയിലെ സ്തംഭനമാണ് കുറച്ചുമാസത്തിനിടെ സ്ഥിതി കൂടുതൽ വഷളാക്കിയത്. പലർക്കും മാസങ്ങളുടെ ശമ്പളം കുടിശ്ശികയുമാണ്. ഇത് ലഭ്യമാക്കാൻ സൗദി തൊഴിൽ മന്ത്രാലയവുമായി ഇന്ത്യൻ അധികൃതർ ചർച്ച നടത്തുന്നുണ്ടെങ്കിലും അത് നടക്കുമോയെന്ന് വ്യക്തമല്ല.

ഈ സാഹചര്യത്തിൽ ജോലി നഷ്ടത്തിനു പുറമെ ചെയ്തജോലിക്ക് കിട്ടാനുള്ള കൂലിപോലുമില്ലാതെ പലർക്കും മടങ്ങേണ്ടിവരും. തൊഴിലുടമകളുടെ എൻഒസി ഉണ്ടെങ്കിലേ വിസ ലഭിക്കൂ എന്നാണ് നിയമമെങ്കിലും തൊഴിലുടമകൾ പലരും നാടുവിട്ട സാഹചര്യത്തിൽ അടിയന്തിര എക്‌സിറ്റ് വിസ ലഭ്യമാക്കി ജോലി നഷ്ടപ്പെട്ടവരെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രവർത്തനത്തിൽ അടിയന്തിരമായി ഇടപെടാനും വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരിച്ചെത്തുന്നവർക്കായി ജീവനോപാധി കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സൗദി അറേബ്യയിലെ ജിദ്ദയിൽ പട്ടിണിയിലായ ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ഇന്ത്യൻ സമൂഹത്തിന്റെ സഹായത്തോടെ ഭക്ഷണസാമഗ്രികൾ എത്തിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ കോൺസുലേറ്റിന്റെയും നേതൃത്വത്തിലാണ് ഭക്ഷണമെത്തിച്ചത്. ഭക്ഷണ വിതരണത്തിനായി ഷുമെയ്‌സി, സിസ്റ്റെൻ, മക്രോണ, സോജെക്‌സ്, ഹൈവെ, തയിഫ് തുടങ്ങി ഏഴിടത്ത് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എണ്ണവിലയിടിവിനെ തുടർന്ന് നിർമ്മാണ മേഖലയിലാണ് കൂടുതൽ പ്രതിസന്ധിയുണ്ടായിട്ടുള്ളത്. നിർമ്മാണ മേഖലയിൽ വലിയ ശമ്പളം പറ്റുന്ന ഉയർന്ന തസ്തികയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ജോലി നഷ്ടമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെല്ലാം മാസങ്ങളുടെ ശമ്പളം കുടിശ്ശികയാണ്. എന്റ് ഓഫ് സർവീസ് ബെനിഫിറ്റും ശമ്പള കുടിശ്ശികയുമടക്കം ലക്ഷങ്ങളാണ് പലർക്കും കിട്ടാനുള്ളത്. ആനുകൂല്യങ്ങൾ കിട്ടിയശേഷമെ മടങ്ങൂ എ്ന്ന നിലപാടിലാണ് തൊഴിലാളികളിൽ ഭൂരിഭാഗവും.

ഒഴിയാതെ നിന്ന അറബ് വസന്തത്തിന്റെ അലയൊലികൾ

ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് സൗദി-കുവൈറ്റ് മേഖലയിൽ പ്രശനങ്ങൾ തുടങ്ങുന്നത് അറബ് വസന്തത്തിന്റെ കാലം മുതലാണ്. സർക്കാരുകൾക്കെതിരെ തദ്ദേശിയരായ യുവാക്കൾക്കിടയിൽ ഉയർന്ന പ്രതിഷേധം ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായവും ഫെലോഷിപ്പുകളും മറ്റും നൽകി മറികടന്നെങ്കിലും അവർക്ക് തൊഴിലവസരങ്ങൾ ഉറപ്പിച്ചില്ലെങ്കിൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്ന് വ്യക്തമായി. ഇതോടെയാണ് ഗൾഫ് മേഖലയിൽ പ്രത്യേകിച്ച് സൗദിയിൽ നിതാഖത് നടപ്പാകുന്നത്. ഇതോടെ അവിടത്തെ സർക്കാരിന്റെ തലവേദനയൊഴിഞ്ഞെങ്കിലും തൊഴിലവസരങ്ങൾ പ്രവാസികൾക്ക് കുറഞ്ഞു. നിതാഖത് നടപ്പാക്കി തുടങ്ങിയപ്പോൾ ഉണ്ടായ പ്രവചനങ്ങൾ ചെറുജോലികൾ ചെയ്യുന്നവരെ മാത്രമേ അത് ബാധിക്കൂ എന്നായിരുന്നു. തദ്ദേശിയർക്ക് സ്‌കിൽഡ് ജോലികളിൽ പ്രാവീണ്യമില്ലെന്ന ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. എന്നാൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. നഴ്‌സിങ് ഉൾപ്പെടെയുള്ള മേഖലകളിൽ നാട്ടുകാർ പലരും പ്രാവീണ്യം നേടിയതോടെ എല്ലാതരം ജോലിയിലും പണിയെടുക്കാൻ അവരെത്തി. ഘട്ടംഘട്ടമായി സ്വദേശിവൽക്കരണത്തിന് വ്യാപ്തി കൂടിയതോടെ ഇപ്പോൾ ഓരോ മേഖലയിലും ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെടുകയാണ്. വരുംനാളുകളിൽ ഇത് കൂടാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇതിനു പുറമെയായിരുന്നു എണ്ണവിലയിൽ ഉണ്ടായ വിലയിടിവ്. ആദ്യഘട്ടത്തിൽ നിർമ്മാണ മേഖലയിലും പിന്നീട് മറ്റു മേഖലകളിലും പ്രവർത്തനം മന്ദഗതിയിലായി. നിരവധി സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്നു. വരുമാനം കുറഞ്ഞതോടെ ഫണ്ട് മറ്റ് അവശ്യമേഖലകളിലേക്ക് തിരിച്ചുവിടാൻ സർക്കാർ നിർബന്ധിതമായതോടെയാണ് നിർമ്മാണപ്രവർത്തനങ്ങളും അതുപോലുള്ള മേഖലകളും സ്തംഭിച്ചത്. ഇതിന്റെ അലയൊലികൾ അനുബന്ധ മേഖലകളിലേക്കും പൊടുന്നനെ പടർന്നു.

സൗദി, കുവൈറ്റ് എന്നിവയടക്കമുള്ള രാജ്യങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ ഈ മേഖലയിലേക്ക് നിരവധിപേർ ഒഴുകിയെത്തി. ഇതിന്റെ ഭാഗമായി 2012-13 കാലത്ത് മൂന്നുലക്ഷത്തിലധികം പേർ ഈ മേഖലയിലേക്ക് തൊഴിൽ തേടിയെത്തിയെന്നാണ് കണക്കുകൾ. പക്ഷേ എണ്ണവില കുറഞ്ഞതോടെ ഈ മേഖല മരവിപ്പിക്കുകയാണ് സർക്കാരുകൾ ആദ്യം ചെയ്തത്. കുവൈറ്റിയിലെ അൽ കറാസി കമ്പനിയിലെ സമരവും സൗദിയിലെ ഓഗർ കമ്പനിയിലെ പ്രശനങ്ങളും ഇങ്ങനെയാണ് ഉണ്ടായത്. ഇതോടെയാണ് ഇന്ത്യക്കാരായ പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതും.


എണ്ണവില ഇനിയും കുറയും; സ്വദേശിവൽക്കരണം കൂടുകയും ചെയ്യും

എണ്ണവിപണിയിൽ ഇറാഖ് കൂടുതൽ ഇടപെടൽ നടത്തുന്നതും ഇറാനും റഷ്യയും സൈബീരിയയുമെല്ലാം എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതുമാണ് വിലയിൽ വൻ കുറവുണ്ടാകാൻ കാരണണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽത്തന്നെ എണ്ണവില ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതിനാൽ ഇപ്പോഴത്തെ തൊഴിൽ പ്രതിസന്ധിയും മാന്ദ്യവും വരും ദിവസങ്ങളിലും കൂടാനാണ് സാധ്യത. ഇതിനു പുറമെയാണ് നിതാഖാത്ും മറ്റും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ. കമ്പനികൾ പൂട്ടുന്നത് മറയാക്കി കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഗൾഫ് രാജ്യങ്ങളെന്നാണ് സൂചന. ജോലി നഷ്ടപ്പെട്ട് നിരവധിപേർ സ്വരാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ ഉണ്ടാകുന്ന അവസരങ്ങൾ തദ്ദേശീയർക്കായി വിനിയോഗിക്കാനാണ് സർക്കാരുകളുടെ ശ്രമം. അതിനാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരുകൾക്ക് വലിയ താൽപര്യമില്ലാത്ത സ്ഥിതിയുമുണ്ട്. ഒന്നരക്കോടിയോളം സൗദി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ജോലിചെയ്യാൻ ഇതുവരെ എത്താതിരുന്ന ടാക്‌സികൾ, ടൂറിസം മേഖല, വെജിറ്റബിൾ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പോലും സ്വദേശികളുടെ കടന്നുകയറ്റം സജീവമായിക്കഴിഞ്ഞു. ഇതെല്ലാം ആയിരക്കണക്കിന് മലയാളികളികൾ പ്രവർത്തിക്കുന്ന മേഖലകളാണെന്നതിനാൽ ഏറെ ബാധിക്കുന്നതും അവരെത്തന്നെയായിരിക്കും.

ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് ശ്രീലങ്ക, ബംഗഌദേശ്, പാക്കിസ്ഥാൻ എന്നിവടങ്ങളിലാണ്. 12 ദശലക്ഷം ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിൽ ജോലിതേടി എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 80 ലക്ഷത്തോളവും ഉള്ളത് ഗൾഫ് മേഖലയിലാണ്. എന്നിട്ടും നമ്മൾ പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കി അതിനെ വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചു. പ്രവാസികാര്യത്തിന് അത്രയേ കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുള്ളൂ എന്ന വിമർശനവും അതോടെ ഉയർന്നിരുന്നു. ഇപ്പോൾ 800 പേരുടെ പട്ടിണിയെക്കുറിച്ച് ഒരു ട്വീറ്റ് വരേണ്ടിവന്നു പ്രവാസികളുടെ പ്രശ്‌നങ്ങൾ നമ്മുടെ സർക്കാർ അറിയാനും ഉണരാനും.

പ്രവാസി മന്ത്രാലയം ലയിപ്പിച്ച വേളയിലുണ്ടായ പ്രതിഷേധങ്ങൾ തെറ്റാണെന്നു പറഞ്ഞ് ന്യായീകരിച്ചവർക്കും ഇതോടെ മിണ്ടാട്ടമില്ലാതാകുന്നു. വിദേശങ്ങളിൽ ജോലിചെയ്യുന്ന ഒന്നേകാൽകോടിയോളം ജനങ്ങൾ അയക്കുന്ന പണം നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന സർക്കാരുകൾക്ക്, അവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സംരക്ഷിക്കാനെത്തേണ്ട ബാധ്യതയില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴത്തേതുപോലുള്ള സന്ദർഭങ്ങളിൽ ഉണർന്നു പ്രവർത്തിക്കേണ്ടിയിരുന്ന മിനിസ്ട്രി ഓഫ് ഓവർസീസ് അഫയേഴ്‌സ് ഇല്ലാതാക്കിയ മോദി സർക്കാരിനുനേരെ കൂടുതൽ വിമർശനം ഉയരുന്നതും അതിന്റെ പേരിലാണ്.