തിരുവനന്തപുരം: ഗൾഫിൽ ഒക്കെ ചെന്ന് കഴിയുമ്പോളാണ് നാട്ടിലുള്ള പച്ചപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ വില മനസ്സിലാവുന്നത്. വർഷങ്ങൾ പഴക്കമുള്ള വാക്കുകളആണെങ്കിലും ഇന്നും ഇതിന്റെ കാലിക പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. വർഷം തോറും പ്രവാസ ജീവിതം തേടി കടൽ കടക്കുന്നവരുടെ എണ്ണം കൂടിയിട്ടേ ഉള്ളു... നാടും വീടും വിട്ട്് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നനാണ് ഓരോ പ്രവാസിയും.

അപ്പോൾ നാടിനോടും പച്ചപ്പിനോടും സ്‌നേഹം കൂടിയിട്ടില്ലെങ്കിലേ അതിശയോക്തി കടന്നു വരേണ്ടതുള്ളു.. നാടിനോട് നാട്ടിലുള്ളവരേക്കാൾ സ്‌നേഹമുള്ളവരാണ് ഗൾഫ് മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സൂചിപ്പിച്ചിരിക്കുകയാണ്. മറ്റുപ്രവാസികൾ നാടിനോട് പുച്ഛമുള്ള വിഭാഗമാണെന്നും അദ്ദേഹം പറയുന്നു. ബഹ്‌റിൻ കേരള ഫ്രണ്ട്ഷിപ്പ് സമ്മിറ്റ് വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി മലയാളികളുടെ നാടിനെക്കുറിച്ചുള്ള മനോഭാവം വിശദീകരിച്ചത്. ഗൾഫ് നാടുകളിലെ വ്യവസായികൾ കേരളത്തിൽ നിക്ഷേപം നടത്താൻ പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി ചടങ്ങിനിടയിൽ നിർദ്ദേശിക്കുന്നു.

മുഖ്യമന്ത്രി പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളും. കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പണം കേരളത്തിലേക്ക് വരുന്ന്ത് ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ്. അമേരിക്കയും യൂറോപ്പും പോലുള്ള മറ്റു വിദേശ നാടുകളിൽ ജോലി ചെയ്യുന്ന താരതമ്യേന സമ്പന്നരായ വിദേശ മലയാളികൾക്ക് കേരളത്തോട് പുച്ഛം തന്നെയാണോ? ഒന്നു ഇരുത്തി ചിന്തിക്കേണ്ട വിഷയം തന്നെയാണ്. പക്ഷേ, ഗൾഫ് നാടുകളിൽ സ്ഥിര താമസ വിസ കിട്ടില്ല എന്നതും അതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളിൽ അത് കിട്ടും എന്നതും ഒരു വസ്തുതയാണ്. ഗൾഫ് രാജ്യങ്ങളിൽ സിറ്റിസൺഷിപ് കിട്ടാത്തതു കൊണ്ടു തന്നെ ഗൾഫ് മലയാളിക്ക് തിരിച്ചു നാട്ടിലേക്കു വന്നേ പറ്റു. അതുകൊണ്ടു നാടിനോട് കൂടുതൽ സ്‌നേഹം സ്വാഭാവികമായും കാണും. എന്നു വാദിച്ചാലും ശരിയാണ്.

യൂറോപ്പ് അമേരിക്ക ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള പ്രവാസിക്ക് ആ പേടി ഇല്ല. അവർക്ക് രാജ്യത്തെ പൗരന്മാരായി മാറാൻ എളുപ്പത്തിൽ സാധിക്കുന്നു. ഒരു പക്ഷേ ഇതായിരിക്കാം ഗൾഫു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾ അവിടെ തന്നെ സ്ഥിര താമസമാക്കുന്നതും പൗരത്വം സ്വീകരിക്കുന്നതും. എന്നിരുന്നാലും മുഖ്യമന്ത്രി പറഞ്ഞതിനോട് പ്രവാസികൾ സ്വയം ഒന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത് കേവലം ഒരി മുഖ്യമന്ത്രിയുടെ വിലയിരുത്തൽ മാത്രമായി കാണേണ്ടതില്ല. ഒരു രാജ്യത്തിന്റെ തന്നെ ചോദ്യമാണ്. ഇങ്ങനെയൊരു ചോദ്യം പ്രവാസികളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്താൽ ഒരിക്കലും അവർക്കത് നിഷേധിക്കാൻ സാധിക്കില്ല. ചരിത്രം പറയുന്നതും അപ്രകാരമാണ്.

രാജ്യത്തിന്റെ സബദ്ഘടനയിൽ ഇന്നേറ്റവുമധികം സംഭാവനകൾ ചെയ്യുന്നത് പ്രവാസിസമൂഹമാണ്. എന്നതിൽ യാതൊരു വിധ സംശയങ്ങളും ഇല്ല. കേരള സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും ആധുനിക ജനാധിപത്യവൽക്കരണങ്ങൾക്കും സമൂലമായ മാറ്റത്തിനും പ്രവാസികൾ വഹിക്കുന്ന പങ്ക് എല്ലാവിധ താരതമ്യങ്ങൾക്കും അതീതവുമാണ്. പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ കേരളത്തിലേക്കെത്തിക്കുന്ന പ്രവാസികൾ ബഹുഭൂരിപക്ഷവും ലഘുവേതനങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്. ചരിത്രം രേഖപ്പെടുത്താൻ തുടങ്ങിയിട്ട് ഗൾഫ് പ്രവാസത്തിന് 50 വർഷം പിന്നിട്ടിരിക്കുന്നു. ഗൾഫ് പ്രവാസം കേരളക്കരയിൽ സാധ്യമാക്കിയ സാമൂഹികസാമ്പത്തിക വിപഌം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണ്.

അറേബ്യൻ മണൽക്കാട്ടിലേക്ക് ആരംഭിച്ച മലയാളികളുടെ ജീവിതം തേടിയുള്ള പ്രവാഹം നമ്മുടെ നാട്ടിന്റെ സമ്പദ്ഘടനയെ ആകമാനം പുതുക്കിപ്പണിതു എന്ന് മാത്രമല്ല, സമ്പത്തിന്റെയും ധന്യതയുടെയും അഭൂതപൂർവമായ ഒഴുക്ക് സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിൽ പോയ നൂറ്റാണ്ടുകളിൽ സ്വപ്നം കാണാൻ സാധിക്കാത്ത നേട്ടങ്ങൾ കൊയ്യാൻ അവസരമൊരുക്കുകയും ചെയ്തു. അരനൂറ്റാണ്ട് മുമ്പ് നമ്മുടെ നാട് സന്ദർശിച്ച ഒരാൾക്ക് തിരിച്ചറിയാൻ കഴിയാത്തവിധം കേരളത്തിന്റെ മുഖച്ഛായയും ജനങ്ങളുടെ ജീവിതരീതിയും മനോഗതിയുമൊക്കെ പരിവർത്തിപ്പിച്ചത് ഇവിടെ കെട്ടഴിഞ്ഞുവീണ ഏതെങ്കിലും രാഷ്ട്രീയപരിവർത്തനത്തിന്റെയോ സാംസ്‌കാരിക വിപഌത്തിന്റെയോ സ്വാധീനശേഷികൊണ്ടായിരുന്നില്ല എന്ന് എല്ലാവരും സമ്മതിക്കും.

ഇത്രയൊക്കെ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞതു അക്ഷരം പ്രതി വസ്തുതാപരമാണ്. മുഖ്യമന്ത്രി പറഞ്ഞതു പോലെ പ്രവാസ ജീവിതം കഴിഞ്ഞെത്തുന്ന ആളുകളുടെ കഴിവുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള സംരഭങ്ങൾ ഉയർന്നു വരണം. അല്ലെങ്കിൽ ഒരായുഷ്‌കാലം മുഴുവൻ മണലാരണ്യങ്ങളിൽ കിടന്നു കഷ്ടപ്പെട്ടവന്റെ ജീവിതം വെള്ളത്തിൽ വരച്ച വര പോലെയാകും. അറബി നാടുകളിൽ വിയർപ്പൊഴുക്കുന്നവർ രാജ്യത്തെ സാമ്പത്തിക മുന്നേറ്റത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ചുരുക്കം. ഇരുപത് ലക്ഷത്തിനടുത്താണ് യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇവർ വഴി ഇന്ത്യയിലെക്കുന്ന പണം ഇവരുടെ കുടുംബങ്ങളിൽ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ഉള്ള ഭൂരിഭാഗം പ്രവാസികളും വർഷങ്ങളായി അവിടെ സ്ഥിര താമസക്കാരാണ്. കുടുംബമായി അവിടെ ജീവിക്കുന്നവർ. മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചവർ. അവർക്ക് മാതൃരാജ്യത്തോട് എത്രത്തോളം കടപ്പാടും സ്‌നേഹവും ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ...?