കൊച്ചി: ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽ അകപ്പെട്ട ഇരകളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം അറിഞ്ഞിട്ടും ഇവരെ മോചിപ്പിക്കാൻ കഴിയുന്നില്ലെന്നാണു പരാതി. പെൺവാണിഭ സിൻഡിക്കറ്റിൽ മൂന്നു വിഭാഗം ഇടപാടുകളാണുള്ളത്. കേരളത്തിൽ നിന്നു യുവതികളെ വ്യാജ യാത്രാരേഖകളിൽ വിദേശത്ത് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം, ഇവരുടെ പണം കൈമാറ്റം നടത്തുന്ന ഹവാല റാക്കറ്റ്, വിദേശത്തു യുവതികളെ വിൽക്കുന്ന പെൺവാണിഭ സംഘം എന്നിവയാണ് അവ.

ദുബായിലും, അബൂദാബിയിലും കണ്ണികളായി പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം തീർത്തും നിരപരാധികളായ യുവതികളെ കെണിയിൽ വീഴ്‌ത്തുകയാണ് ചെയ്യുന്നത്. ഇത്തരം സംഘങ്ങൾ ബെഹ്റിൻ കേന്ദ്രീകരിച്ചും കരുത്തു പ്രവർത്തിക്കുന്നുണ്ട്. മലയാളികളായ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തി വിദേശത്ത് എത്തിച്ച് അവരെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കുകയാണ്. ഇതിന് വേണ്ടി മനുഷ്യക്കടത്ത് സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പല തവണ വെളിപ്പെടുത്തലുകളുമായി യുവതികൾ വന്നെങ്കിലും ഈ വിഷയത്തിൽ പൊലീസ് വേണ്ടത്ര ഗൗരവം നൽകിയില്ല. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. യുവതികളെ ബ്യൂട്ടീഷൻ ജോലിക്കെന്നും മറ്റു ജോലികളും ഓഫർ ചെയ്താണ് മനുഷ്യക്കടത്തു സംഘം കെണിയിൽ പെടുത്തുന്നത്.

ജോലിചെയ്യാൻ സന്നദ്ധരായി ഇവർ ഗൾഫ് നാട്ടിൽ എത്തുമ്പോഴേക്കും സംഘം ചുവടുമാറ്റും. ഇവരുടെ പെൺവാണിഭ കേന്ദ്രങ്ങളിൽ പെട്ടുപോകുന്ന യുവതികൾക്ക് പിന്നീട് പുറംലോകം കാണാൻ പോലും സാധിക്കാറില്ല. ഭീഷണിപ്പെടുത്തിയും മറ്റു പെൺവാണിഭത്തിലേക്ക് തള്ളിവിടുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. എതിർക്കാൻ ശ്രമിച്ചവരെ സംഘം നേരിടുന്നതും പോലും ഭീകരമായ വിധത്തിൽ ടോർച്ചർ ചെയ്യും. ഇത് ഗൾഫിൽ ഇപ്പോഴും തുടരുകയാണ്. മനുഷ്യക്കടത്തിൽ രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഇടനിലക്കാരെ മാത്രമാണു സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇന്ത്യക്കാർ കഴിഞ്ഞാൽ ഫിലിപ്പിനോ പെൺകുട്ടികളെയാണു സംഘം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യയിലെ ഏജന്റുമാർക്കു പണം കൈമാറുന്നതു ഹവാല റാക്കറ്റ് വഴി. പെൺകുട്ടികളെ കബളിപ്പിച്ചു റാക്കറ്റിനു കൈമാറുന്ന ഏജന്റിനു ലഭിക്കുന്നത് 50,000 രൂപയാണ്. വ്യാജ പാസ്‌പോർട്ടും വീസയും കൈമാറുമ്പോൾ പ്രതിഫലമായി യുവതികളിൽ നിന്ന് 10,000 മുതൽ 25,000 രൂപവരെ ഇടാക്കുന്ന ഏജന്റുമാരുമുണ്ട്.

പാസ്‌പോർട്ടിൽ കൃത്രിമം കാട്ടിയാണ് ഇവരെ ഗൾഫിലേക്ക് കടത്തുന്നത്: വീട്ടുജോലിക്കാണു വിദേശത്തു പോയതെന്ന് രക്ഷപ്പെട്ട ഇര പറയുന്നു. അവിടെ എത്തിയപ്പോഴാണു ചതി മനസിലായത്. അവർ നൽകിയ പാസ്‌പോർട്ടിൽ എന്റെ ഫോട്ടോ മാത്രമായിരുന്നു ശരിക്കുള്ളത്. പേരു പോലും വേറെ. വിമാനത്താവളത്തിൽ വച്ചാണു പാസ്‌പോർട്ടും വിമാന ടിക്കറ്റും ലഭിച്ചത്. മാസം 25,000 രൂപയാണു വാഗ്ദാനം ചെയ്തത്. ദിവസം 50 പേർ വരെ ഉപദ്രവിച്ചു. രക്ഷപ്പെട്ടു മുംബൈയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ പാസ്‌പോർട്ടിലെ കൃത്രിമം കണ്ടെത്തി അറസ്റ്റിലായി. തിരുവനന്തപുരത്തെ കുട്ടിയെ കൊണ്ടുപോയ അതേ ഏജന്റുമാരാണ് എന്നെയും കടത്തിയതെന്ന് പത്തനംതിട്ട സ്വദേശിയും പറയുന്നു. വീട്ടുതടങ്കലിൽ തുടർച്ചയായി 80 പേർ വരെ പീഡിപ്പിച്ചിട്ടുണ്ട്. മലയാളികൾ വരുമ്പോൾ രക്ഷപ്പെടാൻ സഹായം അഭ്യർത്ഥിച്ചിരുന്നു. അതിലൊരാളാണ് അയാളുടെ ഫോണിൽ നാട്ടിൽ ഭർത്താവിനെ വിളിച്ചു വിവരം ധരിപ്പിച്ചത്. ഇതാണ് രക്ഷയായത്.

കൈവശമുള്ള രേഖകൾ വ്യാജമായിരുന്നെങ്കിലും ഇവിടെ നിന്നു കയറ്റിവിടാനുള്ള സംവിധാനമുണ്ടെന്ന് ഇടുക്കിക്കാരിയായ ഇരയും പറയുന്നു. എമിഗ്രേഷനിലെ മാഫിയാ സ്വാധീനമാണ് ഇത്. ഷാർജയിൽ ഇറങ്ങി പുറത്തെത്തിയപ്പോൾ പൊലീസ് പിടിക്കാതിരിക്കാൻ കാറിന്റെ ഡിക്കിയിൽ ഇരുത്തിയാണു കൊണ്ടുപോയത്. അഞ്ചു മുറികളുള്ള ഫ്‌ലാറ്റിലാണു താമസിപ്പിച്ചത്. ഓരോ മുറിയിലും യുവതികളുണ്ടായിരുന്നു. മുറികൾ പുറത്തു നിന്നു പൂട്ടിയിരുന്നു. ഭക്ഷണവും മാറാൻ വസ്ത്രവും നൽകി. പുറത്ത് അവരുടെ ആൾക്കാരുണ്ട്. അവർ പണം കൈപ്പറ്റിയാണ് ഇടപാടുകാരെ അകത്തു വിട്ടിരുന്നത്. ഒടുവിൽ രോഗിയായിയെന്ന് ഇവരും പറയുന്നു. വിമാനത്താവളത്തിൽ തന്നെ വഞ്ചിക്കപ്പെട്ടവരും ഉണ്ട്. ഈ കഥയാണ് തൃശൂർ സ്വദേശിനിക്ക് പറയാനുള്ളത്. ട്രാവൽ ഏജന്റിനു നൽകാൻ പണമുണ്ടായിരുന്നില്ല. അടുത്ത ഹോട്ടലിൽ കൊണ്ടുപോയി ഉപദ്രവിച്ച ശേഷമാണ് അയാൾ ടിക്കറ്റ് നൽകിയത്. വിദേശത്ത് എത്തിയാൽ ജോലി ചെയ്തു രക്ഷപ്പെടാമെന്നു കരുതി. സംഭവിച്ചത് മറ്റൊന്നുമെന്ന് യുവതി വിശദീകരിക്കുന്നു.

സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഇരുമ്പ് കമ്പി ചൂടാക്കി കാലിൽ വെച്ച ദുരനുഭവം വരെ തനിക്കുണ്ടായെനനാണ് മറ്റൊരു യുവതി വെളിപ്പെടുത്തു. ഭാര്യയുടെ ഗൾഫിലെ ദുരനുഭവം അറിഞ്ഞ ഭർത്താവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കൊച്ചിയിലെ ഏജന്റിന് 2 ലക്ഷം രൂപ കൊടുത്താണ് മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കിൽ പുറംലോകം കാണിക്കില്ലെന്ന ഭീഷണിയായിരുന്നു സംഘത്തിന്. പണം കൊടുത്തതിന് ശേഷമാണ് പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപെട്ട് യുവതി തിരികെ കൊച്ചിയിലെത്തിയത്. നിരവധി യുവതികൾ ഇത്തരത്തിൽ ഗൾഫ് മേഖലയിൽ ഇവരുടെ തടവറയിൽ അകപ്പെട്ടിട്ടുണ്ട്. ആൾതാമസം കുറവായ ഫ്‌ലാറ്റുകളിലാണ് പെൺവാണിഭം നടക്കുന്നത്. മലയാളികൾ കൂടുതൽ താമസിക്കുന്ന ഗൾഫ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ ഇനിയും ദ്രോഹിക്കുമെന്ന ഭയത്തിലാണ് പരാതി ഉന്നയിക്കാതിരുന്നതെന്നും ഇത്തരത്തിൽ പീഡനം അനുഭവിക്കുന്ന ധാരാളം പേർ ഇപ്പോഴും ഗൾഫ് മേഖയിലുണ്ടെന്നും ഇവരെ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു.

അതേസമയം സന്ദർശക വിസയുടെ മറവിൽ ഗൾഫിലെത്തി അനാശാസ്യം നടത്തുന്നവരുടെ എണ്ണവും പെരുകിയിരുന്നു. സന്ദർശക വിസയിൽ ഗൾഫിലെത്തി ലക്ഷങ്ങളുടെ വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്ന നിരവധി മലയാളി വനിതകളും ഒരു വശത്തുണ്ട്. ഇതിനിടെയാണ് നിർബന്ധിതമായി യുവതികളെ മനുഷ്യക്കടത്തായി കൊണ്ടുപോകുന്നതും. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനാശാസ്യത്തിനായി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗൾഫിലേക്ക് കടക്കുന്നവർ ഒരു മാസമോ രണ്ട് മാസമോ ആണ് ഇവിടെ തങ്ങറ്. തിരികെ വരുമ്പോൾ ഈ കാലയളവിനുള്ളിൽ ഇവർ നല്ലൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ടാകും. ഇങ്ങനെ കിട്ടുന്ന പണം തന്നെയാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകർഷിക്കുന്നത്.