കൊച്ചി : മനുഷ്യക്കടത്തിൽ ചതിക്കപ്പെട്ട് ഗൾഫിലെത്തിയ പെൺകുട്ടികളെ മരുഭൂമിയിൽ കുഴിച്ചുമൂടാൻ ശ്രമിച്ചതായി മൊഴി. ദുബായ് പെൺവാണിഭ റാക്കറ്റിന്റെ നിർദേശങ്ങൾക്കു വഴങ്ങാത്ത യുവതികളെയാണ് ഇങ്ങനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട പൂവത്തൂർ സ്വദേശിയായ യുവതിയാണ് രഹസ്യമൊഴി നൽകിയത്. കേസിൽ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മറ്റൊരു യുവതി, തന്റെ സഹോദരി മനുഷ്യക്കടത്തു റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ടതായി 2012ൽ നോർക്കയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു മൊഴി നൽകി.

വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം തന്നെ കൈമാറിയതു പെൺവാണിഭത്തിനാണെന്നു മനസ്സിലായതോടെ വഴങ്ങിയില്ല. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയിൽ അടച്ചിട്ടെങ്കിലും തയാറായില്ല. അവർ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അയാൾ ഉപദ്രവിക്കാതെ പുറത്തുപോയി. സംഘത്തിൽ ഉൾപ്പെട്ടവരോട് അയാൾ കയർത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയിൽ കുഴിച്ചുമൂടാൻ ഒരുങ്ങിയതെന്നാണ് മൊഴി. മരണ ഭയത്താൽ അവരുടെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വന്നതായും യുവതി പറഞ്ഞു.

കഴക്കൂട്ടത്ത് നിന്ന് ഗൾഫിലെത്തിയ യുവതിയെ മോചിപ്പിക്കാൻ അഞ്ചു ലക്ഷം രൂപയാണു മനുഷ്യക്കടത്തു റാക്കറ്റ് സഹോദരിയോട് ആവശ്യപ്പെട്ടത്. നോർക്കയിൽ വിവരം നൽകിയ ശേഷം പൊലീസിനും പരാതി നൽകിയതോടെ വിമാന ടിക്കറ്റിനുള്ള 25,000 രൂപ നൽകിയാൽ വിടാമെന്ന് അറിയിച്ചു. സ്വർണമാല വിറ്റു തുക കൈമാറിയപ്പോൾ യുവതിയെ മോചിപ്പിച്ചു മുംബൈക്കു വിമാനം കയറ്റിവിട്ടെങ്കിലും വ്യാജ പാസ്‌പോർട്ടാണെന്ന വിവരം റാക്കറ്റ്തന്നെ പൊലീസിനു കൈമാറി. തുടർന്നു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ യുവതിയുടെ മൊഴിയും കേസിൽ അതിനിർണ്ണായകമാണ്.

ദുബായിലും, അബൂദാബിയിലും കണ്ണികളായി പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം തീർത്തും നിരപരാധികളായ യുവതികളെ കെണിയിൽ വീഴ്‌ത്തുകയാണ് ചെയ്യുന്നത്. ഇത്തരം സംഘങ്ങൾ ബെഹ്‌റിൻ കേന്ദ്രീകരിച്ചും കരുത്തു പ്രവർത്തിക്കുന്നുണ്ട്. മലയാളികളായ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തി വിദേശത്ത് എത്തിച്ച് അവരെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കുകയാണ്. ഇതിന് വേണ്ടി മനുഷ്യക്കടത്ത് സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പല തവണ വെളിപ്പെടുത്തലുകളുമായി യുവതികൾ വന്നെങ്കിലും ഈ വിഷയത്തിൽ പൊലീസ് വേണ്ടത്ര ഗൗരവം നൽകിയില്ല. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. യുവതികളെ ബ്യൂട്ടീഷൻ ജോലിക്കെന്നും മറ്റു ജോലികളും ഓഫർ ചെയ്താണ് മനുഷ്യക്കടത്തു സംഘം കെണിയിൽ പെടുത്തുന്നത്.

ജോലിചെയ്യാൻ സന്നദ്ധരായി ഇവർ ഗൾഫ് നാട്ടിൽ എത്തുമ്പോഴേക്കും സംഘം ചുവടുമാറ്റും. ഇവരുടെ പെൺവാണിഭ കേന്ദ്രങ്ങളിൽ പെട്ടുപോകുന്ന യുവതികൾക്ക് പിന്നീട് പുറംലോകം കാണാൻ പോലും സാധിക്കാറില്ല. ഭീഷണിപ്പെടുത്തിയും മറ്റു പെൺവാണിഭത്തിലേക്ക് തള്ളിവിടുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. എതിർക്കാൻ ശ്രമിച്ചവരെ സംഘം നേരിടുന്നതും പോലും ഭീകരമായ വിധത്തിൽ ടോർച്ചർ ചെയ്യും. ഇത് ഗൾഫിൽ ഇപ്പോഴും തുടരുകയാണ്. മനുഷ്യക്കടത്തിൽ രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഇടനിലക്കാരെ മാത്രമാണു സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇന്ത്യക്കാർ കഴിഞ്ഞാൽ ഫിലിപ്പിനോ പെൺകുട്ടികളെയാണു സംഘം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യയിലെ ഏജന്റുമാർക്കു പണം കൈമാറുന്നതു ഹവാല റാക്കറ്റ് വഴി. പെൺകുട്ടികളെ കബളിപ്പിച്ചു റാക്കറ്റിനു കൈമാറുന്ന ഏജന്റിനു ലഭിക്കുന്നത് 50,000 രൂപയാണ്. വ്യാജ പാസ്പോർട്ടും വീസയും കൈമാറുമ്പോൾ പ്രതിഫലമായി യുവതികളിൽ നിന്ന് 10,000 മുതൽ 25,000 രൂപവരെ ഇടാക്കുന്ന ഏജന്റുമാരുമുണ്ട്.

പാസ്പോർട്ടിൽ കൃത്രിമം കാട്ടിയാണ് ഇവരെ ഗൾഫിലേക്ക് കടത്തുന്നത്: വീട്ടുജോലിക്കാണു വിദേശത്തു പോയതെന്ന് രക്ഷപ്പെട്ട ഇര പറയുന്നു. അവിടെ എത്തിയപ്പോഴാണു ചതി മനസിലായത്. അവർ നൽകിയ പാസ്പോർട്ടിൽ എന്റെ ഫോട്ടോ മാത്രമായിരുന്നു ശരിക്കുള്ളത്. പേരു പോലും വേറെ. വിമാനത്താവളത്തിൽ വച്ചാണു പാസ്പോർട്ടും വിമാന ടിക്കറ്റും ലഭിച്ചത്. മാസം 25,000 രൂപയാണു വാഗ്ദാനം ചെയ്തത്. ദിവസം 50 പേർ വരെ ഉപദ്രവിച്ചു. രക്ഷപ്പെട്ടു മുംബൈയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ പാസ്പോർട്ടിലെ കൃത്രിമം കണ്ടെത്തി അറസ്റ്റിലായി. തിരുവനന്തപുരത്തെ കുട്ടിയെ കൊണ്ടുപോയ അതേ ഏജന്റുമാരാണ് എന്നെയും കടത്തിയതെന്ന് പത്തനംതിട്ട സ്വദേശിയും പറയുന്നു. വീട്ടുതടങ്കലിൽ തുടർച്ചയായി 80 പേർ വരെ പീഡിപ്പിച്ചിട്ടുണ്ട്. മലയാളികൾ വരുമ്പോൾ രക്ഷപ്പെടാൻ സഹായം അഭ്യർത്ഥിച്ചിരുന്നു. അതിലൊരാളാണ് അയാളുടെ ഫോണിൽ നാട്ടിൽ ഭർത്താവിനെ വിളിച്ചു വിവരം ധരിപ്പിച്ചത്. ഇതാണ് രക്ഷയായത്.

ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെൺവാണിഭ സംഘങ്ങൾക്കു വിറ്റതായാണ് സൂചന. ഷാർജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റി ഈ കേസന്വേഷിച്ച സിബിഐക്കു വിവരം ലഭിച്ചെങ്കിലും തുടരന്വേഷണത്തിനു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. കടത്തപ്പെട്ടവരിൽ അഞ്ചു വർഷങ്ങൾക്കിടയിൽ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേർ. ഇതിൽ സിബിഐക്കു മൊഴി നൽകാൻ ധൈര്യപ്പെട്ടത് എട്ടു പേർ മാത്രമാണ്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണു മലയാളി യുവതികളെ വീട്ടുതടങ്കലിലാക്കി പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.