തിരുവനന്തപുരം: 557 പേരെ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ ഗുണ്ടാപ്പട്ടിക പൊലീസ് പുതുക്കുമ്പോഴും പ്രധാന ഗുണ്ടകളെല്ലാം പുറത്ത് വിലസുകയാണ്. ടിപി കേസിൽ ശിക്ഷപ്പെട്ടവർ അടക്കം പുറത്ത്. കണ്ണൂരിൽ സിപിഎം പോലും കണ്ണിലെ കരടായി കാണുന്ന പ്രമുഖരും പുറത്ത് തന്നെ. ഇവരെയെല്ലാം പുറത്ത് വിലസാൻ വിട്ടാണ് പട്ടിക തയ്യാറാക്കൽ.

ഇതോടെ 2750 സജീവ ഗുണ്ടകൾ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. സജീവമല്ലാത്തവർ ഏഴായിരത്തിലേറെ വേറെയും. തിരുവനന്തപുരം (98), പത്തനംതിട്ട (171), കൊല്ലം (53) ജില്ലകളിലാണു കൂടുതൽ പേരെ പുതുതായി പട്ടികയിൽ ചേർത്തത്. നിരന്തരം ക്രിമിനൽ കേസിൽ പെടുന്നവരെയാണു ചേർത്തത്. എന്നാൽ ഇവരെ ആരേയും സ്ഥിരമായി ജയിലിൽ ഇടാൻ വേണ്ടതൊന്നും പൊലീസ് ചെയ്യുന്നില്ല രാഷ്ട്രീയ ഇടപെടലാണ് ഇതിന് കാരണം.

പുതിയ ഗുണ്ടകൾ ഇല്ലാത്ത ഏക സ്ഥലം കൊച്ചി സിറ്റി. ഇപ്പോൾ ഗുണ്ടാ പ്രവർത്തനത്തിൽ സജീവമല്ലാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. എണ്ണം വെളിപ്പെടുത്തിയിട്ടില്ല. 701 ഗുണ്ടകൾക്കെതിരെ കാപ്പ നിയമം ചുമത്തി. എന്നാൽ, കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരിൽ ആരെയും പിടിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഈയിടെ കാപ്പ ചുമത്തി തൃശൂർ ജില്ലയ്ക്കു പുറത്താക്കിയ പല്ലൻ ഷാജി കടലിൽ ബോട്ടിലിരുന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ഗുണ്ടാപ്പട്ടികയിൽപെട്ട 310 പേരുടെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായാണുനടപടി. സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽപെടുന്നവർ ഇപ്പോഴും സജീവമാണോ എന്ന പരിശോധനയാണു പൊലീസ് നടത്തുന്നത്. കൊലപാതകം, കൊലപാതകശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷൻ, ഭീഷണിപ്പെടുത്തി പണം തട്ടൽ, മണൽമണ്ണ് മാഫിയ, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ സ്ഥിരം പ്രതികൾ ആയിരുന്നവരെ കേന്ദ്രീകരിച്ചാണു പരിശോധന. ഇവരുടെ വീടുകൾ, സ്ഥിരം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. തുടർന്നാണ് കരുതൽ അറസ്റ്റ് രേഖപ്പെടുത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചത്.

റൂറൽ പൊലീസ് ജില്ലയിൽ 237 പേരുടെയും സിറ്റിയിൽ 73 പേരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. 18നാണു ജില്ലയിൽ പരിശോധന ആരംഭിച്ചത്. ഈ മാതൃകയിൽ ഗുണ്ടകളെ വിട്ടയയ്ക്കുന്നതു കൊണ്ട് എ്ന്തു ഗുണമാണ് ഉണ്ടാകുന്നതെന്ന ചോദ്യം സജീവമാണ്. നിയമ നടപടികൾക്ക് വിധേയമാക്കുന്ന പ്രതികൾ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ടെത്തുന്നതുകൊടും കുറ്റകൃത്യങ്ങളിലേക്കാണെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ വീണ്ടും പ്രവേശിക്കുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിലും പുറത്താക്കിയ പല കുറ്റവാളികളും ആ ജില്ലിയിൽതന്നെ തുടരുന്നതും ഇക്കാലയളവിൽതന്നെ വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നതും പൊലീസിന്റെ തുടർനടപടികളിലെ വീഴ്ചയാണ്. ഇന്ത്യൻ ശിക്ഷാനിയമം, ആയുധനിയമം, എൻ.ഡി.പി.എസ്. നിയമം, എക്സ്പ്ലോസീവ് നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരേയാണ് പൊലീസ് കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചുവരുന്നത്.

കോട്ടയം ജില്ലയിൽനിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളായ ജെയിസ് മോൻ (അലോട്ടി), വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ്, ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം എന്നിവർ ഉൾപ്പെടെ 26 പേരെ ജയിലിൽ അടച്ചിരുന്നു, കൂടാതെ കവല രാജേഷ്, ബിബിൻ ബാബു, സുജേഷ്, സബീർ, ശ്രീകാന്ത്, പാണ്ടൻ പ്രദീപ്, കെൻസ് സാബു, ജോമോൻ ജോസ് എന്നിവർ ഉൾപ്പെടെ 29 പേരെയാണ് ആറുമാസം മുതൽ ഒരു വർഷം വരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽനിന്നു പൊലീസ് നാടു കടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ.ജിയാണ് ഇവർക്കെതിരേ നടപടിയെടുത്തത്.

പൊലീസ് നടപടി എടുക്കുന്നുണ്ടെന്ന് പറയുമ്പോഴും ഗുണ്ടകളുടെ ആക്രമണവും ഇടപെടലുകളും കൂടുന്നു. 50 പേരെ അറസ്റ്റിനും നാടുകടത്തലിലും വിധേയമാക്കി. പക്ഷേ ഈ പ്രധാന നേതാക്കളുടെ അനുയായികൾ അവരുടെ 'ഏരിയാ' ഭരിക്കുന്നത് തുടരുന്നു. ജയിലിൽ കിടക്കുന്ന നേതാവിന് നിയമസഹായം ഉറപ്പാക്കാൻ ഒരിടത്ത് പിരിവും നടത്തിയിരുന്നു.സമീപകാലത്ത് ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടാപ്പട്ടിക പുതുക്കിയിരുന്നു. 147 പേരാണ് ഇതിലുള്ളത്. വിചിത്രമായ കാര്യം ഈ പട്ടികപ്രകാരം പലയിടത്തും ഗുണ്ടകളുടെ എണ്ണം നാമമാത്രമാണ് എന്നതാണ്. പൊലീസിന്റെ പരിധിക്ക് പുറത്താണ് പല ഗുണ്ടാനേതാക്കളുടെയും പ്രവർത്തനം എന്നതാണ് കാര്യം.

പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘ്നംവരുത്തുന്ന രീതിയിൽ തുടർച്ചയായി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെ കാപ്പ നിയമം ചുമത്താം. നിരോധിത മയക്കുമരുന്നുവസ്തുക്കൾ കച്ചവടം നടത്തുന്നവരേയും പാരിസ്ഥിതിക വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന മണ്ണ്/മണൽ മാഫിയാക്കാരേയും ഈ നിയമം വരിഞ്ഞു ചുറ്റും. എന്നാൽ ഇതൊന്നും പലപ്പോഴും പൊലീസിന് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാറില്ലെന്നതാണ് വസ്തുത.