ഹരിപ്പാട്: പത്തു ദിവസത്തിനിടയിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നാടായ ഹരിപ്പാട് നടന്നത് രണ്ടു അരുംകൊലപാതകങ്ങൾ. ഇന്നലെ രാത്രിയിൽ തൊട്ടയൽ പ്രദേശമായ കായംകുളത്ത് മറ്റൊരു ഗുണ്ടാതലവനെ കൈയും കാലും വെട്ടിമാറ്റി പാടത്ത് ഉപേക്ഷിച്ച് ക്വട്ടേഷൻ സംഘം മടങ്ങി. ഇയാളും ആലപ്പുഴ മെഡിക്കൽ കോളജിൽ മരിച്ചു. ഭീതി വിട്ടൊഴിയാതെ കഴിയുകയാണു ജനങ്ങൾ.

കർഷകരും തൊഴിലാളികളും അടങ്ങിയ നിഷ്‌ക്കളങ്കരായ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശം ഇപ്പോൾ സംഘർഷഭരിതമാണ്. ഹരിപ്പാടിനു സമീപം കരുവാറ്റയിൽ പത്തുദിവസങ്ങൾക്കിടയിൽ രണ്ടു ചെറുപ്പക്കാരെയാണ് ഗുണ്ടാസംഘം തീർത്തത്. കൊല്ലപ്പെട്ടവരും ഗുണ്ടാസംഘത്തിന് നേതൃത്വം നൽകുന്നവരാണ്. കരുവാറ്റ കന്നുകാലി പാലത്തിന് വടക്ക് തുണ്ടുകളത്തിൽ ഉത്തമന്റെ മകൻ ഉല്ലാസ് (28) ജനുവരി 24 ന് വൈകിട്ട് തൈവീട് ജംഗ്ഷന് സമീപം വച്ചാണ് കത്തിക്കുത്തേറ്റ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെ ജനുവരി 31നു മരിച്ചു. ഇരട്ടക്കുട്ടികളുടെ പേരിടീൽ ചടങ്ങ് നടത്തി അധികം താമസിയാതെയാണ് ഭാര്യയേയും കുഞ്ഞുങ്ങളേയും അനാഥമാക്കി ഉല്ലാസ് യാത്രയായത്.

ഉല്ലാസിനെ കുത്തിയത് താനാണെന്ന് സമ്മതിച്ച് കുത്തിയ ദിവസം തന്നെ പൊത്തപ്പള്ളി വടക്ക് ആജ്ഞനേയം വീട്ടിൽ സന്ദീപ് (20) പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ റിമാന്റിലാണ്. ഈ കേസുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണിയാൾ. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ കരുവാറ്റ വടക്ക് വിഷ്ണുഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ജിഷ്ണു (21) കൊലക്കത്തിക്കിരയായി. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് ഈ രണ്ടു കൊലപാതകങ്ങളുടെ പിന്നിലെന്ന് പൊലീസ് തന്നെ പറയുന്നു.

കാവടിയാട്ടത്തിൽ പങ്കെടുത്ത ശേഷം തന്റെ ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ജിഷ്ണുവിനേയും കൂടെയുണ്ടായിരുന്ന സുഹൃത്ത് സൂരജിനേയും ഓടിച്ചിട്ട് പിടിച്ചാണ് ഗുണ്ടാസംഘം വെട്ടിനുറുക്കിയത്. മുഖംമൂടി സംഘത്തെക്കണ്ട് ഭയന്നോടിയ ജിഷ്ണുവും സൂരജും ഓടിക്കയറിയത് തൊട്ടടുത്ത് താമസിക്കുന്ന സൈനികന്റെ വീട്ടിലേക്കാണ്. പ്രാണരക്ഷാർത്ഥം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽക്കയറി ഒളിച്ച ജിഷ്ണുവിനേയും സൂരജിനേയും ആക്രമിസംഘം വേലിക്കല്ലുകൊണ്ട് വാതിലിടിച്ചു തകർത്തതിനു ശേഷമാണ് വലിച്ചിറക്കി വെട്ടിനുറുക്കിയത്. മഴു പോലുള്ള ആയുധം കൊണ്ടാണ് ജിഷ്ണുവിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

മുറിയിൽ രക്തം തളം കെട്ടിക്കിടന്നിരുന്നു. വെട്ടേറ്റ് മുകളിലെ മുറിയിൽ നിന്ന് താഴേക്ക് ഓടിക്കയറിയിടത്തെല്ലാം രക്തം ചിതറി തെറിച്ചിട്ടുണ്ട്. ഇടതുകാലും കൈയും വെട്ടേറ്റ് തൂങ്ങിയിരുന്നു. വലത് തോളിലെ മുറിവിന് 25 സെന്റിമീറ്റർ നീളമുണ്ടായിരുന്നു.ശരീരമാസകലം വെട്ടേറ്റ പാടുകളായിരുന്നു. ഇതിൽ 24 എണ്ണം ആഴമുള്ളതായിരുന്നു. വെട്ടേറ്റ് സൂരജിന്റെ വയർ പിളർന്നിരുന്നു.ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. കൊല്ലണമെന്ന് നിശ്ചയിച്ച് നടത്തിയ ആക്രമണമാണിത്. ചിതറിത്തെറിച്ച രക്തം കണ്ട് ഭയന്നു വിറച്ചിരിക്കുകയാണ് സംഭവം നടന്ന വീട്ടുകാരും പ്രദേശവാസികളും '. ഉല്ലാസിന് ആദരാഞ്ജലികളർപ്പിച്ച് സുഹൃത്തുക്കൾ കരുവാറ്റ വഴിയമ്പലത്തിൽ ബാനർ കെട്ടിയിരുന്നു.

നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ തലവനുമായ കളരിക്കൽ സുമേഷിനെ ഇന്നലെ രാത്രിയാണു കണ്ടല്ലൂരിന് സമീപമുള്ള പാടത്ത് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ വെട്ടേറ്റ നിലയിൽ കാണപ്പെട്ട ഇയാളെ നാട്ടുകാരാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കാലും കൈയും വെട്ടേറ്റ് അറ്റ നിലയിലായിരുന്നു. ശരീരത്തിൽനിന്നും രക്തം പൂർണമായും വാർന്നു പോയ ഇയാളെ പിന്നീട് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കെടുകാര്യസ്ഥത പ്രദേശത്ത് ഗുണ്ടാസംഘങ്ങൾക്ക് വളരാൻ വഴിയൊരുക്കിയെന്ന നാട്ടുക്കാർ ആരോപിക്കുമ്പോൾ നടപടിയെടുക്കാതെ മുഖം തരിക്കുകയാണ് പൊലീസ് അധികാരികൾ.