- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം; ആറംഗസംഘം വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാൾക്കെതിരെ; വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്തത് നാട്ടുകാർ നോക്കി നിൽക്കവേ; പൊലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി എടുത്തില്ലെന്ന് ആക്ഷേപം
കോഴിക്കോട്: കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടകളുടെ വിളയാട്ടം. പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെയാണ് ഗുണ്ടകൾ ആക്രമണം നടത്തിയത്. പട്ടാപ്പകൽ കാർ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘത്തിന്റെ പക്കൽ വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉണ്ടയായിരുന്നു. ഇവ വീഡിയോയിൽ കാണാനും സാധിക്കും. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ പട്ടാപ്പകൽ അവരെ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിർപ്പിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ വിവാഹമായിരുന്നു നടത്തിയത്. ആ യുവാവിനെ പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരാണ് വീട്ടിൽ കയറി വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
നാട്ടുകാർ നോക്കി നിൽക്കവേയായിരുന്നു പെൺകുട്ടിയുടെ അമ്മാവന്മാരുടെ അഴിഞ്ഞാട്ടം. ഇവർ വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയും വരൻ സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തത്. കാറിലുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. നാട്ടുകാർ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു.
പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവർ വരനും മറ്റ് മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ച കാർ തടഞ്ഞ് മുൻവശത്തെ ചില്ല് തല്ലിപ്പൊളിച്ചു. കയ്യിൽ വടിവാളുമായാണ് ഇവർ സ്വാലിഹിനെ വഴിവക്കിൽ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരിൽച്ചിലരെത്തി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നു. അകത്തിരിക്കുന്ന സ്വാലിഹ് ഉൾപ്പടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി കാർ മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയിൽ പിന്നിലെ ചില്ലും ഇവർ തല്ലിത്തകർത്തു.
കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെത്തന്നെയാണ് ഇവർ കാർ തടഞ്ഞുനിർത്തി ആക്രമിക്കുന്നതെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഇന്നലെ പരാതി നൽകിയിട്ടും പൊലീസ് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു. അതേസമയം പ്രതികളെ അറസ്റ്റു ചെയ്യുന്നതിൽ പൊലീസ് വീഴ്ച്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ