തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗുണ്ടുകാട് സാബു പ്രതിയായ ഓപ്പറേഷൻ കുബേര കേസ് വിചാരണ അട്ടിമറിക്കാൻ ശ്രമിച്ച മ്യൂസിയം പൊലീസിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രൂക്ഷമായി വിമർശിച്ചു. ഔദ്യോഗിക സാക്ഷികളായ പൊലീസുദ്യോഗസ്ഥരടക്കം 4 സാക്ഷികളെ ജനുവരി 13 ന് ഹാജരാക്കാൻ പ്രോസിക്യൂഷനും മ്യൂസിയം സി ഐ ക്കും സി ജെ എം ആർ. രേഖ കർശന നിർദ്ദേശം നൽകി.

മീറ്റർ പലിശക്ക് പണം കടം കൊടുത്ത ശേഷം ഭയപ്പെടുത്തി അപഹരിച്ചുവെന്ന കേസിലാണ് 2018 മുതൽ പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാതെ മ്യൂസിയം പൊലീസ് ഗുരുതരമായ കൃത്യവിലോപം കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള പ്രോസിക്യൂഷൻ ഭാഗം നിർണ്ണായക സാക്ഷികളായ 4 , 5 , 10 , 11 എന്നീ സാക്ഷികളെയാണ് ഹാജരാക്കാത്തത്. 2013 ൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട് 2016 ൽ വിചാരണ ആരംഭിച്ച കേസ് അനന്തമായി നീട്ടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ ഇളയ മകനും കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനും തലസ്ഥാനത്തെ പേരൂർക്കട ബാർട്ടൺഹിൽ സ്വദേശിയുമായയ സാബു പ്രൗഡിൻ എന്ന ഗുണ്ടുകാട് സാബുവാണ് വിചാരണ നേരിടുന്നത്. സാബുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 ( ഭയപ്പെടുത്തിയുള്ള അപഹരണം) , 1958 ൽ നിലവിൽ വന്ന കേരള മണി ലെൻഡേഴ്‌സ് നിയമത്തിലെ 13 (കട ബാധ്യതക്കാരെ പീഡിപ്പിക്കുക) , 17 ( ലൈസൻസില്ലാത പണം കടം കൊടുക്കൽ ബിസിനസ് നടത്തുക) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്.

2013 ഡിസംബർ 23 നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2016 ൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ബാർട്ടൺഹിൽ ആക്രമണ കേസിൽ സാബുവടക്കം 7 കൂട്ടാളികളെ ബെഗ്‌ളുരുവിലേക്ക് കടക്കാൻ ശ്രമിക്കവേ കന്യാകുമാരിക്ക് സമീപം വച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

കേരള പൊലീസ് സേനയിലെ മുൻ ഹെഡ് കോൺസ്റ്റബിളിന്റെ ഇളയ മകനും ഗുണ്ടാകുടിപ്പകയിൽ കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനുമാണ് സാബു. പിതൃ സഹോദരനും പിതൃസഹോദരിയും നിലവിൽ പൊലീസ് സേനയിലുണ്ട്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'കിരീടം' സാബുവിന്റെ ജീവിതം ആധാരമാക്കി നിർമ്മിച്ചതാണ്.

കിരീടത്തിലെ സേതുമാധവനെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ പൊലീസ് സേന ഒന്നടങ്കം ശ്രമിക്കുന്നതു പോലുള്ള സംഭവങ്ങൾ സാബുവിന് വേണ്ടി മുമ്പ് നടന്നതായി ആരോപണമുണ്ട്. 2020ൽ മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വിടാതെ നിയമം പിന്തുടരുകയായിരുന്നു.